kaumudy-news-headlines

1. ലൈഫ് മിഷന്‍ പദ്ധതിയിലെ അന്വേഷണത്തില്‍ നിലപാട് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. സി.ബി.ഐ അന്വേഷണം കേരളം ആവശ്യപ്പെട്ടിട്ട് ആണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചു മുഖ്യമന്ത്രി ജൂലായ് എട്ടിന് കത്ത് നല്‍കിയിട്ടുണ്ട് എന്നും സ്വര്‍ണക്കടത്ത് കേസിലെ എല്ലാ കാര്യങ്ങളുടെയും വസ്തുത വെളിച്ചത്ത് കൊണ്ടു വരണം എന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത് എന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് വിവിധ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയത്.


2. ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിന് എക്സിക്യൂട്ടീവ് ഉത്തരവിന്റെ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാരിലെ ഉന്നതര്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ വിജിലന്‍സ് അന്വേഷണം നിഷ്പക്ഷം ആകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തില്‍ പറയുന്നു. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് അഴിമതിയുടെ തെളിവാണെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന സന്തോഷ് ഈപ്പന്റെ ഹര്‍ജിയ്ക്കുള്ള മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
3. കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നതില്‍ അനാസ്ഥ സംഭവിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അടിയന്തിര യോഗം വിളിച്ചു. നോഡല്‍ ഓഫീസര്‍മാരും നഴ്സിംഗ് ഓഫിസര്‍മാരും ഹെഡ് നഴ്സുമാരും പങ്കെടുക്കും. സംഭവത്തില്‍ ആശുപത്രിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.എം.ഇയുടെ നിര്‍ദേശിച്ചു. ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ നജ്മ ആശുപത്രി അധികൃതരോട് പരാതി പറയാതെ പുറത്ത് പറഞ്ഞത് എന്തിനെന്ന് അന്വേഷിക്കും
4. അതിനിടെ, കളമശ്ശേരി മെഡിക്കല്‍ കോളേജിന് എതിരെ ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത് വന്നു. കൊവിഡ് ചികിത്സയില്‍ ഇരിക്കെ നേരത്തെ മരിച്ചവരുടെ ബന്ധുക്കള്‍ ആണ് പരാതിയും ആയെത്തിയത്. വെന്റിലേറ്ററിലേക്ക് മാറ്റാന്‍ വൈകിയെന്ന് നേരത്തെ മരിച്ച ആലുവ സ്വദേശി ബൈഹക്കിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വെന്റിലേറ്ററിലേക്ക് ഉടന്‍ മാറ്റുമെന്ന് പറഞ്ഞെങ്കിലും മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും മാറ്റിയില്ലെന്നും ഇതിനിടെയാണ് രോഗി മരിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു
5. മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി ഹാരിസ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി മരിച്ച ഹാരിസിന്റെ ബന്ധുക്കളുടെയും, മരണ സമയത്ത് മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. മരണ സമയത്ത് ഐ.സി.യുവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരുടെയും വിവരം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹാരിസിന്റെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളാണ് പൊലീസിനെ സമീപിച്ചത്
6. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി സന്ദീപ് നായര്‍. നയനതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്തിയാല്‍ ഒരിക്കലും പിടിക്കപ്പെടില്ല എന്ന ബുദ്ധി പറഞ്ഞു തന്നത് സ്വപ്ന സുരേഷ് ആണെന്ന് സന്ദീപ് നായര്‍ എന്‍ഫോഴ്സ്‌മെന്റിന് മൊഴി നല്‍കി. കോണ്‍സുല്‍ ജനറലിന് ബിസിനസ്സിനും വീട് വയ്ക്കാനും പണം വേണമെന്ന് സ്വപ്ന പറഞ്ഞെന്നും സന്ദീപ് നായര്‍ എന്‍ഫോഴ്സ്‌മെന്റിന് വിശദമായി നല്‍കിയ മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏതെല്ലാം തരത്തില്‍ ഗൂഢാലോചനകള്‍ നടന്നു, എങ്ങനെയെല്ലാം സ്വര്‍ണവും പണവും കടത്തിയെന്ന കാര്യങ്ങളില്‍ വിശദമായ വെളിപ്പെടുത്തലാണ് സന്ദീപ് നായര്‍ നടത്തുന്നത്.
7. സ്വര്‍ണം നയതന്ത്രചാനല്‍ വഴി കൊണ്ടുവരാം, അങ്ങനെ കൊണ്ടുവന്നാല്‍ പിടിക്കപ്പെടില്ല എന്ന് ഉറപ്പു നല്‍കുന്നത് സ്വപ്ന ആണെന്നാണ് സന്ദീപ് പറയുന്നത്. കെ ടി റമീസാണ്, കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ സ്വര്‍ണം കൊണ്ടുവരാന്‍ കഴിയുമോ എന്ന് ചോദിച്ച് തന്നെ സമീപിക്കുന്നത്. അത്തരം സാധ്യത ആലോചിച്ച് താന്‍ ആദ്യം ബന്ധപ്പെട്ട് ഈ കേസിലെ തന്നെ പ്രതിയായ സരിത്തും ആയാണ്. എന്നാല്‍ ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണം കൊണ്ടുവരാന്‍ ഒരു കാരണവശാലും കഴിയില്ല എന്ന് സരിത്ത് ഉറപ്പിച്ചുപറഞ്ഞു. അതിന് ശേഷമാണ് സ്വപ്നയുമായി ബന്ധപ്പെടുന്നത്. സ്വപ്നയാണ്, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി നിത്യേന സാധനങ്ങള്‍ വരുന്നുണ്ടെന്നും, അത് വഴി സ്വര്‍ണം കൊണ്ടുവന്നാല്‍ പരിശോധന ഉണ്ടാകില്ലെന്നും, പറഞ്ഞത്. ഇത്തരം സാധനങ്ങള്‍ വലിയ പരിശോധന ഇല്ലാതെയാണ് കൊണ്ടു വരുന്നതെും സ്വപ്ന പറഞ്ഞു എന്നും സന്ദീപ് പറഞ്ഞു.
8. കിഴക്കന്‍ ലഡാക്കിലെ ഡെംചുക്കില്‍ അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് പിടികൂടിയ ചൈനീസ് സൈനികനെ ഇന്ത്യ തിരികെ ഏല്‍പ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സൈനികനെ ഇന്ത്യ കൈമാറിയത്. കോര്‍പറല്‍ വാംഗ് യാ ലോംഗ് എന്ന സൈനികനെ തിങ്കളാഴ്ചയാണ് സൈന്യം പിടികൂടിയത്. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന രേഖകളടക്കം പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്. ചൈനീസ് സൈന്യത്തിന് കൈമാറുന്നതിന് മുമ്പ് സൈനികനെ വിശദമായി ചോദ്യം ചെയ്തു എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈനികനെ ചൈനയിലേക്ക് തിരിച്ചയക്കും എന്ന് സൈന്യം വ്യക്തമാക്കിയിരുന്നു
9. ഉയര്‍ന്ന ഉയരത്തില്‍ നിന്നും കഠിനമായ കാലാവസ്ഥയില്‍ നിന്നും സൈനികനെ സംരക്ഷിച്ചതായി ഇന്ത്യന്‍ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. കാണാതായ സൈനികനെപ്പറ്റി ചൈന അന്വേഷണം നടത്തിയിരുന്നത് ആയും അധികൃതര്‍ വ്യക്തമാക്കി. യാക്കിനെ വീണ്ടെടുക്കാന്‍ ഇടയരെ സഹായിക്കുന്നതിന് ഇടെയാണ് സൈനികനെ നഷ്ടപ്പെട്ടതെന്ന് ചൈനീസ് സൈന്യം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.