 
കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. പക്ഷെ പതിവുള്ള പൊട്ടിത്തെറികളും വിവാദങ്ങളും ബഹിഷ്കരണകലാപരിപാടിയും ഉണ്ടായില്ല. അത് വിധികർത്താക്കളുടെ വിശ്വാസ്യതയ്ക്ക് ലഭിച്ച അംഗീകാരമായി കരുതണം.
(ചലച്ചിത്രമേഖല പ്രതികരിക്കാൻ പോലും കഴിയാത്ത അവശതയിലായതുകൊണ്ടാണ് ഈ നിശ്ശബ്ദതയെന്ന് ഒരു സരസൻ!)
അവാർഡുകളെക്കുറിച്ചു എന്താണ് അഭിപ്രായമെന്ന് ഞാൻ ഫോണിലൂടെ രണ്ടു പേരോട് ചോദിച്ചു. ''മുഖ്യധാരാസിനിമയെ അവാർഡ് കമ്മിറ്റി അവഹേളിച്ചിരിക്കുന്നു; ആരും കാണാത്തതാണ് ഒരു സിനിമയുടെ മികവിന്റെ അളവുകോലെന്ന് ജൂറി വിചാരിക്കുന്നുണ്ടാവും. ഞങ്ങളാണ് ഈ ഇൻഡസ്ട്രിയെ നിലനിറുത്തുന്നത്; പിന്നെ പ്രേക്ഷകരും. ഈ രണ്ടു കൂട്ടരെയും അവഹേളിക്കുന്നതാണ് ഈ വർഷത്തെ അവാർഡുകൾ"" എന്നായിരുന്നു നടനും നിർമ്മാതാവുമായ സുഹൃത്തിന്റെ അൽപ്പം രൂക്ഷമായ പ്രതികരണം. (അദ്ദേഹത്തിന്റെ പടവും മത്സരത്തിന് ഉണ്ടായിരുന്നിരിക്കണം) മറ്റൊരു സുഹൃത്തിനോട് സംസാരിച്ചപ്പോൾ തികച്ചും വിഭിന്നമായ കാഴ്ചപ്പാടാണ് മുന്നിൽ തെളിഞ്ഞത്.''ഏറ്റവും നല്ല വിധിനിർണയം! അർഹിക്കുന്നവരെ കണ്ടെത്താൻ ജൂറിക്ക് കഴിഞ്ഞിരിക്കുന്നു. അവാർഡുകൾ ലഭിച്ചിരിക്കുന്ന ചലച്ചിത്രപ്രവർത്തകർക്കു ഇത് വലിയൊരു ഉത്തേജനമാണ്.
ഇവരിലൂടെയാണ് മലയാള സിനിമ വളരുന്നത്. കാരണം ഈ പുതിയ ചലച്ചിത്ര പ്രതിഭകൾ ധീരമായി ചിന്തിക്കുകയും നൂതനമായ ആവിഷ്കാര ശൈലികൾ കണ്ടെത്തുകയും ചെയ്യുന്നു.""പല അന്താരാഷ്ട്ര ജൂറികളിലും അംഗമായിരുന്നിട്ടുള്ള ചലച്ചിത്ര നിരൂപകനായ ഈ സുഹൃത്ത് ഇത്രയും കൂടി പറഞ്ഞു.'ബാഹുബലി മനോഭാവത്തിൽ നിന്ന് സിനിമയെ രക്ഷിച്ചില്ലെങ്കിൽ നല്ല സിനിമകൾ ഉണ്ടാവുകയില്ല"" മുഖ്യധാരാ സിനിമയും കലാമൂല്യമുള്ള സിനിമയുമായുള്ള ഈ മൂപ്പിളമത്തർക്കത്തിനു അറുതിയില്ലേ എന്ന് ഞാൻ ആലോചിച്ചു പോയി. നല്ല സിനിമ എന്തെന്ന് എല്ലാവർക്കും സ്വീകാര്യമായ നിർവചനം കണ്ടെത്തുകയെന്നത് ഇത്ര ദുഷ്കരമോ? ബാഹുബലിക്കും ദേശീയ അവാർഡുകൾ കിട്ടി എന്ന വസ്തുതയും വിസ്മരിക്കാവതല്ല.
ബാഹുബലിക്ക് അവാർഡ് തീരുമാനിച്ചതും കുറച്ചു വിധികർത്താക്കൾ തന്നെയല്ലേ? (ഭരിക്കുന്ന സർക്കാരുകൾക്ക് വിധികർത്താക്കളെ തീരുമാനിക്കാം എന്നല്ലാതെ അവരുടെ തീർപ്പുകൾ തീരുമാനിക്കാനോ അവയെ സ്വാധീനിക്കാനോ അവകാശമില്ല.) ആ ജൂറി അംഗങ്ങളുടെ സിനിമാ സങ്കല്പം അത്തരം ചിത്രങ്ങളെ അംഗീകരിക്കാൻ തയ്യാറായതിനെ കുറ്റം പറയാനാകുമോ? അപ്പോൾ വ്യക്തിഗത അഭിരുചികളും മാനദണ്ഡങ്ങളും വിധി നിർണയത്തിൽ സ്വാഭാവികമായി കടന്നു വരും. എങ്കിലും ലോകം അംഗീകരിക്കുന്ന ചില പൊതു മാനദണ്ഡങ്ങൾ ഇല്ലേ? ഒരു നോവൽ വായിച്ചിട്ട് അത് ഉത്കൃഷ്ടമാണോ തരാംതാണതാണോ എന്ന് പറയാൻ നല്ലൊരു വായനക്കാരന് വിഷമമില്ല. പക്ഷെ സിനിമയുടെ കാര്യത്തിൽ വലിയ അകലങ്ങളും തർക്കങ്ങളും വൈരുധ്യങ്ങളും ഇപ്പോഴും നിലനിൽക്കുന്നു.
അറിയപ്പെടുന്ന ഫിലിം ഫെസ്റ്റിവലുകളിലേയ്ക്ക് തിരഞ്ഞെടുക്കപ്പടുന്ന ചിത്രങ്ങളുടെ മൂല്യത്തെക്കുറിച്ച് കർശനമായ നിലപാടുകളുണ്ട്. നല്ല സിനിമ എന്തെന്ന കാര്യത്തിൽ ആഗോള തലത്തിൽ വലിയ തർക്കമില്ല.
കേരളത്തിൽ തർക്കം തുടർക്കഥയാണെങ്കിലും. തിയേറ്ററിൽ കളിച്ചോ, ബോക്സ് ഓഫീസിൽ വിജയിച്ചോ, നായകനും നായികയും പുതുമുഖങ്ങളാണോ സൂപ്പർസ്റ്റാറുകളാന്നോ എന്നൊന്നും ഒരു ജൂറിയും അന്വേഷിക്കേണ്ട കാര്യമില്ല. തങ്ങളുടെ മുൻപിൽ പ്രദർശിപ്പിക്കപ്പെടുന്ന ചലച്ചിത്രം, ഒരു കലാസൃഷ്ടി എന്ന നിലയ്ക്ക് മികവ് പുലർത്തുന്നുണ്ടോ, കലാപരവും സാങ്കേതികവുമായ ഘടകങ്ങൾ തമ്മിൽ പൊരുത്തപ്പെട്ടിട്ടുണ്ടോ, സിനിമയെന്ന ദൃശ്യ മാദ്ധ്യമത്തിന്റെ സാദ്ധ്യതകൾ സർഗാത്മകമായി പ്രയോജനപ്പെടുത്തിയിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ മാത്രമേ ജൂറി അന്വേഷിക്കേണ്ടതുള്ളൂ. ഈ അന്വേഷണത്തിൽ കൃത്യമായി ഒതുങ്ങി നിന്നതും മുൻവിധികൾക്കും 'ആളുകൾ എന്ത് പറയും", എന്ന ആശങ്കയ്ക്കും വിധേയമാകാത്തതുമാണ് ഈ വർഷത്തെ വിധിനിർണയത്തിന്റെ മേന്മ.
കലയുടെ സമസ്ത മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന അനിവാര്യമായ ജനാധിപത്യവത്കരണമെന്ന പ്രതിഭാസത്തിൽ നിന്ന് നമ്മുടെ സിനിമയ്ക്കും മാറി നില്ക്കാൻ കഴിയില്ല. മാറിനിൽക്കുകയുമരുത്. സാമ്പത്തിക മേഖലയിൽ കുത്തകകൾ പിടി മുറുക്കുന്നുണ്ടാവാം; എന്നാൽ കലയുടെ ആവിഷ്കാരങ്ങളിൽ ഇത് ബഹുലതയുടെ കാലം. ഒന്നോ രണ്ടോ നടൻമാരിലോ തിരക്കഥാകൃത്തുക്കളിലോ ഗായകരിലോ സംവിധായകരിലോ മാത്രം ഇന്നത്തെ സിനിമ ഒതുങ്ങുകയില്ല. എല്ലാ കലകളും പുതിയ പ്രതിഭാശാലികളിലൂടെ പുതിയ ആവിഷ്കാരങ്ങൾ നേടുന്നു.
ഐകൺസിന്റെ (ICONS) കാലം അസ്തമിച്ചിരിക്കുന്നു. പ്രശസ്തിയല്ല പ്രതിഭയാണ് കാര്യമെന്ന് പുതിയ കാലവും പുതിയ ചലച്ചിത്ര പ്രവർത്തകരും പ്രഖ്യാപിക്കുന്നു. ഈ പുതിയ കലാപ്രതിഭകൾക്കു ആരും സഞ്ചരിക്കാത്ത വഴികളിലൂടെ നടക്കാനാണ് കൗതുകം. ആ യാത്രയിലും അന്വേഷണത്തിലും സിനിമയുടെ പ്രമേയവും ഭാഷയും ഭാവുകത്വവും ശിൽപ്പവും മാറിപ്പോകുന്നത് മുഖ്യധാരാസിനിമ അറിയുന്നില്ല. അക്കാരണത്താൽ അവാർഡ് പ്രഖ്യാപനം അവരെ ചിലപ്പോൾ അന്ധാളിപ്പിച്ചേക്കാം. ഏതായാലും അവാർഡ് ജേതാക്കളെ നമുക്ക് ഹൃദയം തുറന്നു അനുമോദിക്കാം. അവരിലൂടെ മലയാള സിനിമ ലോക ചലച്ചിത്ര ഭൂപടത്തിൽ തിളക്കമുള്ള ഇടം നേടട്ടെ എന്നാശിക്കാം.
വ്യത്യസ്തതയെയും ബഹുലതയെയും അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ അനന്ത വൈവിധ്യം കൊണ്ട് അനുഗൃഹീതമായ ജീവിതത്തെ അംഗീകരിക്കാൻ കഴിയുന്നില്ല എന്നല്ലേ അർത്ഥം?