
അക്കിത്തത്തിന്റെ പത്തരമാറ്റുള്ള വരികൾ…
ഒരു കണ്ണീർക്കണം മറ്റു -
ള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി -
ലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാൻ മറ്റു
ള്ളവർക്കായ് ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യ നിർമ്മല പൗർണമി
നിലത്തോളം കാളിദാസന്റെ മുന്നിൽ കുനിഞ്ഞ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം വിട ചൊല്ലി. 'പറന്നു തീരും മുൻപേ പറന്നു പോയ' തോന്നൽ… ജ്ഞാനപീഠ പുരസ്കാര നിറവിൽ അദ്ദേഹത്തെ ഒരു നോക്കു കാണാൻ ആഗ്രഹി ച്ചു. കൊവിഡ്കാലം കഴിയുമ്പോൾ നേരിട്ടു പോയി കാണണം എന്ന ആഗ്രഹം ബാക്കിയായി. അദ്ദേഹത്തെ അവസാനം കണ്ടത് തിരുവനന്തപുരത്ത് ഒ.എൻ.വി അനുസ്മരണച്ചടങ്ങിൽ ടാഗോർ തിയേറ്ററിൽവച്ചാണ്. അന്ന് 'ഇതിഹാസത്തിന്റെ ഇതളുകൾ' എന്ന എന്റെ നോവലിന്റെ കോപ്പി സമർപ്പിക്കുമ്പോൾ ആഹ്ലാദത്തോടെ ഏറ്റുവാങ്ങി അനുഗ്രഹിച്ചു. അക്കിത്തമെന്ന മഹാവൃക്ഷത്തിന്റെ തണൽപറ്റി നിൽക്കാൻ കഴിഞ്ഞ ഇത്തിരി നിമിഷങ്ങൾ എത്ര ധന്യം ! പ്രണാമം മഹാപ്രഭോ! വെളിച്ചം ദു:ഖമാണെന്നറിയുമ്പോഴും സ്വന്തം കവിതയിലൂടെ ആയിരം സൗരമണ്ഡലം തീർത്ത് ഈ ലോകത്തെ ജീവിക്കാൻ പറ്റിയ ഇടമാക്കി മാറ്റിയതിന്.
പ്രീഡിഗ്രിക്കു പഠിക്കുന്ന കാലം. ഞങ്ങൾ ചില കുട്ടികളും അദ്ധ്യാപികയും ഒരു മത്സരത്തിൽ പങ്കെടുക്കാനായി കോട്ടയത്തു നിന്നു തൃശൂർക്കു പോകാനായി ട്രെയിനിൽ കയറി. ഞങ്ങളുടെ കംപാർട്ട്മെന്റിലുണ്ടായിരുന്ന ഏതാണ്ട് 24 വയസ് പ്രായം വരുന്ന യുവതി ഞങ്ങളോട് ഹൃദ്യമായ പെരുമാറ്റത്തിലൂടെ വേഗം അടുത്തു. ലോകത്തെക്കുറിച്ച് അവർക്ക് പൊതുവായി നല്ല വിവരമുണ്ടായിരുന്നു. ഏതോ ജോലിയിൽ പ്രവേശിക്കാനായി തയ്യാറെടുക്കുകയാണവർ. ഞങ്ങൾ രസകരമായി സംസാരിച്ചിരിക്കവേ അവർ ഒരു പായ്ക്കറ്റ് നിലക്കടല ബാഗിൽ നിന്നെടുത്തു പൊട്ടിച്ചു കൊണ്ട് ഞങ്ങൾക്കു നേരെ നീട്ടി. ട്രെയിനിൽ വച്ച് , ആരുടെ കൈയിൽ നിന്നും ഒന്നും വാങ്ങിക്കഴിക്കാൻ പാടില്ല എന്ന നിയമം തെറ്റിക്കാൻ മടിച്ച ഞങ്ങളുടെ അരികിലേക്ക് പെട്ടെന്നാണ് ഒരു വികലാംഗൻ വന്നു കൈ നീട്ടിയത്. യുവതി സ്നേഹപൂർവം ആ നിലക്കടലപ്പൊതി വൃദ്ധനു സമ്മാനിച്ചു. ഞങ്ങളെ ഓരോരുത്തരെയും സമീപിക്കാനൊരുങ്ങിയ വൃദ്ധന് തന്റെ ബാഗിൽ നിന്ന് ചോറുപൊതിയെടുത്തു കൊടുത്തുകൊണ്ട് അവർ പറഞ്ഞു. ഇതു ഞങ്ങളുടെ എല്ലാവരുടെയും കൂടി വകയാണ്. നിറഞ്ഞ ഒരു പാൽപ്പുഞ്ചിരി ഞങ്ങൾക്കു സമ്മാനിച്ചുകൊണ്ട് കൃതാർത്ഥതയോടെ ആ വൃദ്ധൻ ഞങ്ങളെ ഓരോരുത്തരെയും നോക്കി കൈകൂപ്പിക്കൊണ്ട് സ്ഥലംവിട്ടു. ആ യുവതിയുടെ പേര് എനിക്കോർമ്മയില്ല. എങ്കിലും അപരിചിതരായ ആളുകളുമായി ഇടപെടുന്നതെങ്ങനെയെന്നതിനു അന്നോളം കണ്ടിട്ടുള്ള ഏറ്റവും ഉത്തമ മാതൃകയായി തോന്നി. അത്തരം അവസരങ്ങളിൽ ആ യുവതിയുടെ ചിത്രം മനസിലെത്തും. അതുപോലെ പെരുമാറാൻ പഠിക്കൂ എന്ന് സ്വയം ഓതും. മടിയും സങ്കോചവും കൂടാതെ എല്ലാവരോടും പ്രസന്നമായി ഇടപെടാൻ കഴിയുക എന്നത് വലിയൊരു ഗുണമാണ്.
എന്റെ ആദ്യത്തെ രാജ്യാന്തരയാത്രയിൽ പാതിരാസമയത്ത് ബാങ്കോക്ക് എയർപോർട്ടിലെത്തി. കണക്ഷൻ ഫ്ളൈറ്റ് രാവിലെയേ ഉള്ളൂ. ഞാൻ അവിടെ കണ്ട പോസ്റ്റോഫീസിൽ കയറി. പ്രസന്നവതിയായ ഒരു പെൺകുട്ടിയാണ് പോസ്റ്റ് ഓഫീസ് നടത്തുന്നത്. അവളുടെ ജോലിയോടുള്ള കൂറ് എത്രയാണെന്നോ! ഒരു പോസ്റ്റ് കവർ വാങ്ങി. നമ്മുടെ ചുണ്ടൻ വള്ളത്തിന്റെ പടമുള്ള സ്റ്റാമ്പ്. ഇതു ഞങ്ങളുടെ നാട്ടിലുമുണ്ട്, ഞങ്ങളുടെ നാട്ടിൽ നിന്നുള്ള ഒരു രാജാവ് തായ്്ലൻഡിൽ ഭരണാധികാരിയായി എത്തി രാജ്യം ഭരിച്ചു എന്നൊരു കഥയുണ്ടെന്ന് ഞാൻ പെൺകുട്ടിയോടു പറഞ്ഞു. അവളുടെ കുഞ്ഞിക്കണ്ണുകൾ വിടർന്നു. കേരളത്തെ കുറിച്ച് പല കാര്യങ്ങളും അവൾ ചോദിച്ചു മനസിലാക്കി. പിന്നെ ഞാൻ അവിടെയിരുന്ന് ഒരു കത്തെഴുതി വീട്ടിലേക്കു പോസ്റ്റു ചെയ്തു. പല സുവനീറും എടുത്തു കാണിച്ച് പെൺകുട്ടി അവയൊക്കെ വാങ്ങാൻ എന്നെ പ്രോത്സാഹിപ്പിച്ചു. ചില നാണയങ്ങൾ സുവനീറായി വാങ്ങി. പിന്നെ വെള്ളം വാങ്ങാൻ എവിടെ കിട്ടും എന്നു ചോദിച്ചപ്പോൾ സന്തോഷപൂർവം ഒരു കുപ്പി വെള്ളം അവർ എനിയ്ക്കു സമ്മാനിച്ചു. എന്നിട്ടു സംഭാഷണം തുടർന്നു . ബുദ്ധമത വിശ്വാസിയായ പെൺകുട്ടി ബുദ്ധമതത്തെക്കുറിച്ച് ഒരുപാട് അറിയാത്ത അറിവുകൾ എനിക്കു പകർന്നു നൽകി. പിരിയുമ്പോൾ തന്റെ കാമുകനുമായുള്ള വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ എന്ന് പ്രത്യേകം ആവശ്യപ്പെട്ടു. ഹൃദ്യമായി പെരുമാറാനറിയുന്ന ആ പെൺകുട്ടി തീർച്ചയായും ജീവിതത്തിൽ വിജയിച്ചിരിക്കണം.
ഒരിക്കൽ സിഡ്നിയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയിൽ എന്റെ അടുത്ത സീറ്റിലിരുന്ന ആൾ പാകിസ്ഥാനിൽ നിന്ന് ആസ്ട്രേലിയയിൽ കുടിയേറിയ ഒരു ഡോക്ടറായിരുന്നു. അദ്ദേഹത്തിന് വിവിധ വിഷയങ്ങളിൽ നല്ല പാണ്ഡിത്യമുണ്ട്. വളരെ ഹൃദ്യമായ പെരുമാറ്റം. മനുഷ്യന്റെ സ്വാതന്ത്ര്യം ഉള്ളിലെ നന്മ ഇവയെ കുറിച്ചൊക്കെ വലിയ സങ്കല്പങ്ങളുണ്ട്. പാകിസ്ഥാനും ഇന്ത്യയും ബംഗ്ലാദേശും വീണ്ടും ഒന്നാകുന്ന ഒരു കാലം വരും എന്ന വിശ്വാസമാണദ്ദേഹത്തിന്. രാഷ്ട്ര സങ്കല്പങ്ങൾ ഇന്റർനെറ്റ് യുഗത്തിൽ മാറിമറിയും എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇത്തരം നല്ല പ്രതീക്ഷകളുള്ള മനുഷ്യർ ലോകത്തിൽ ഏറെ ഉണ്ടായാൽ ലോകം ജീവിക്കാൻ കുറച്ചു കൂടി പറ്റിയ ഇടമായി മാറും. ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ സഹയാത്രികൻ മനുഷ്യനന്മയിലുള്ള വിശ്വാസം നിലനിറുത്താൻ ഇന്നും എനിക്ക് പ്രേരണ നൽകുന്നു.