
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനുളള മാനദണ്ഡങ്ങൾ പുറത്തിറക്കി. പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ മൂന്ന് പേർ മാത്രമേ പാടുളളൂ. സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.
പ്രചാരണത്തിന്റെ ഭാഗമായുളള ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ അഞ്ച് പേർ മാത്രമേ പങ്കെടുക്കാവൂ. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് മൂന്ന് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണത്തിന് സോഷ്യൽ മീഡിയയെ ഉപയോഗിക്കണം. പ്രചാരണത്തിന് അവസാനം കുറിച്ചുളള കൊട്ടിക്കലാശം ഉണ്ടാകില്ല. പ്രചാരണ ജാഥകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സെപ്‌തംബർ 18ന് വിളിച്ചുചേർത്ത രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കരട് മാർഗനിർദേശങ്ങൾ ചർച്ച ചെയ്തിരുന്നു. ആ യോഗത്തിലെ തീരുമാനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കി ഉത്തരവായതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുൻസിപ്പാലിറ്റികൾ, 6 മുൻസിപ്പൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലായി 21,865 വാർഡുകളിലേക്കാണ് ഈ വർഷം തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കുളള പരിശീലനം, ഇ.വി.എം ഫസ്റ്റ് ലെവല്‍ ചെക്കിംഗ് എന്നിവ പുരോഗമിച്ച് വരികയാണ്. അന്തിമ വോട്ടർപട്ടിക ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും മറ്റും ഒരു അവസരം കൂടി നൽകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.