
വയലാർ പുരസ്കാരം നേടിയ കവി ഏഴാച്ചേരി രാമചന്ദ്രനൊപ്പം
മകൾ സകുടുംബം അമേരിക്കയിലാണ് താമസം. അവളുടെ കൂടെ അവിടെ താമസിക്കുന്ന സമയത്താണ് ഒരു 'വെർജീനിയൻ വെയിൽക്കാലം" എന്ന കവിത.  പകൽ ധാരാളം സമയമുണ്ടല്ലോ. അവിടുത്തെ ജീവിതം സമ്മാനിച്ചതാണ് ഈ പുസ്തകം. റിച്ച് മോണ്ടിലെ താമസമാണ് ഈ കൃതിയുടെ പിറവിക്ക് ഹേതു. മുറിയിലിരുന്ന് നേരെ നോക്കിയാൽ അന്തോണീസ് പുണ്യാളന്റെ പള്ളി കാണാം. അങ്ങനെ അവിടുത്തെ പെരുന്നാളു വന്നു. അവിടെ പെരുന്നാളു കണ്ട് മധുരം നുണഞ്ഞു നടക്കുമ്പോൾ എനിക്കു തോന്നി സന്ന്യാസചിത്തനായ ഖലീൽ ജിബ്രാനും നിരന്തരകാമുകനായ സോളമനും പള്ളി മുറ്റത്ത് വച്ച് കണ്ടാൽ എങ്ങനെയായിരിക്കും. അവർ തമ്മിൽ എന്തൊക്കെയായിരിക്കും സംസാരിക്കുക. അവരുടെ സർഗസംയോഗം ഭാവനയിൽ കാണാൻ ശ്രമിച്ചതാണ് ഈ കവിത. ഞാൻ തികച്ചും ദ്രാവിഡനാണ്; കാരണം എന്റെ കവിതയിൽ ഞാനറിഞ്ഞും അറിയാതെയും ദ്രാവിഡരുടെ ജീവിത മൂർത്തിയായ ശിവനും ശിവകുടുംബവും കടന്നു വരാറുണ്ട്. ഇന്ത്യൻ കുടുംബ സങ്കൽപ്പത്തിന്റെ പ്രഥമമായ ഉദാഹരണമാണ് ശിവൻ. ഗൃഹസങ്കല്പത്തിന്റെ ഉദാത്ത മാതൃകയാണ് കൈലാസം. 
ഭർത്താവിനോട് വഴക്കിടുകയും കുടുംബത്തിന്റെ ശാശ്വത സന്തുലിതാവസ്ഥയ്ക്കായി പണിപ്പെടുകയും ചെയ്യുന്ന ഇന്ത്യൻ സ്ത്രീത്വത്തിന്റെ പ്രതിനിധിയാണ് പാർവതി. സാധാരണക്കാരന്റെ ദൈവമാണ് ശിവൻ എന്നതിനാലാണ് ശ്രീനാരായണഗുരുദേവൻ നെയ്യാറിൽ മുങ്ങി നിവരുമ്പോൾ കൈയിലെടുത്തിരുന്ന ശിലയെ ശിവൻ എന്നു പറഞ്ഞത്. സാധാരണക്കാരനു വേണ്ടി ആത്മീയ സമരം ചെയ്ത ഗുരുവിന്റെ മനസിൽ ദ്രാവിഡ ഡമരുവാണ് മുഴങ്ങിയിരുന്നത്. കവികളുടെ കവിയായ ഗുരുവിന്റെ വഴിയേയാണ് എന്റെ കവിതയുടെയും സഞ്ചാരം.വയലാർ അവാർഡ് പ്രഖ്യാപിച്ചതിന്റെ അടുത്ത നിമിഷം മുതൽ ദാ ഈ നിമിഷം വരെ ഏതാണ്ട് മുന്നൂറിലധികം ഫോൺ കോളുകൾ. കേരളത്തിന്റെ പല ഭാഗത്തു നിന്ന്. ലോകത്തിന്റെ പല ഭാഗത്തു നിന്ന് ഇതൊക്കെ പടപ്പാട്ടുകാരനായിരുന്നതിന്റെ പേരിൽ ലഭിച്ച സ്നേഹമാണ്.