
സംഘപരിവാറിന്റെ ചിന്താ പദ്ധതികളുടെ ആണിക്കല്ലാണ് കമ്മ്യൂണിസ്റ്റ് വിരോധം. അത് ചരിത്ര വ്യാഖ്യാനത്തെ കീഴ്പ്പെപ്പെടുത്തുമ്പോഴാണ് പുന്നപ്ര വയലാർ സമരത്തെയും സ്വാതന്ത്ര്യ സമരമായി അംഗീകരിക്കാൻ അവർക്ക് വൈമുഖ്യം ഉണ്ടാകുന്നത്.
ചരിത്രത്തെ സാമൂഹ്യ ശാസ്ത്രത്തിന്റെ കണ്ണിലൂടെ നിർവ്വചിക്കാനുള്ള പരിശ്രമത്തിന് മാർക്സിന്റെ സംഭാവന അനിഷേദ്ധ്യമാണ്. ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണെന്ന ആധുനിക സമീപനം അങ്ങനെ ഉരുത്തിരിഞ്ഞതാണ്. ചരിത്രം ഭൂതകാലത്തിന്റെ ജീവിതവും വിവരണവുമാണ്. അത് പക്ഷേ നിരന്തരം സംസാരിക്കുന്നത് വർത്തമാനത്തോടും ഭാവിയോടുമാണ്.
സാമൂഹിക വികാസത്തിന്റെ നായക സ്ഥാനത്തേക്ക് ജനങ്ങളെയും അവരുടെ സമരങ്ങളെയും കൊണ്ടുവന്നതാണ് അതിന്റെ ശാസ്ത്രീയത.
1757 ലെ പ്ലാസി യുദ്ധം ഇന്ത്യാ ചരിത്രത്തിന്റെ ഗതി മാറ്റിക്കുറിച്ചു.
1947 വരെ നീണ്ട വൈദേശികാധിപത്യത്തിന്റെ തുടക്കമായിരുന്നു അത്. എക്കാലവും ഇന്ത്യ ഭരിക്കാൻ വന്നവരെ പോലെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയ്ക്കു മേൽ പിടിമുറുക്കിയത്. ബ്രിട്ടീഷ് ചരിത്രകാരന്മാർ എഴുതിയപ്പോൾ ഇന്ത്യാ ചരിത്രം ഹിന്ദു കാലഘട്ടം, മുസ്ലിം കാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം എന്ന് വേർതിരിക്കപ്പെട്ടു.
ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമായിരുന്നു 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം. സ്വന്തം ജനതയ്ക്കെതിരായി നിറയൊഴിക്കാൻ തയ്യാറല്ലെന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് സേനയിലെ ഇന്ത്യാക്കാരായ സൈനികർ അന്ന് കലാപത്തിന് ഇറങ്ങുക ആയിരുന്നു. ഔധിലെ തെരുവീഥികളിൽ (അവിടമാണ് ഇപ്പോഴത്തെ അയോദ്ധ്യ)അന്ന് ഹിന്ദുവും മുസ്ലീമുമായ ഇന്ത്യൻ പട്ടാളക്കാരുടെ ചോര ഒരുമിച്ചൊഴുകി.
വിദേശമേൽക്കോയ്മക്കെതിരായ ഇന്ത്യാക്കാരന്റെ സ്വാതന്ത്ര്യ ദാഹമായിരുന്നു സ്വഭാവികമെന്ന വണ്ണം ആ ചോരയെ ഒന്നിപ്പിച്ചത്. അതിനെ അങ്ങനെ കാണാൻ ബ്രിട്ടീഷ് ചരിത്രകാരന്മാർക്ക് ഇഷ്ടമില്ലായിരുന്നു. അതു കൊണ്ട് 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ അവർ ശിപായി ലഹളയെന്ന് വിളിച്ചു. പന്നിക്കൊഴുപ്പിനെ ചൊല്ലിയുള്ള മതപരമായ പ്രതിഷേധമായിരുന്നു അതിന്റെ കാരണമെന്നും അവർ എഴുതി പിടിപ്പിച്ചു. ഹിന്ദു മുസ്ലിം ഐക്യം അസാദ്ധ്യമാക്കിക്കൊണ്ട്  'ഭിന്നിപ്പിച്ചു ഭരിക്കൽ" തന്ത്രം രൂപം കൊള്ളുക ആയിരുന്നു.ചരിത്രത്തെ വളച്ചൊടിക്കാനും വർഗ്ഗീയവത്കരിക്കാനുമുള്ള നീക്കം വർത്തമാന രാഷ്ട്രീയത്തിന്റെ ആവശ്യങ്ങളുമായി എത്രയേറെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ഇത് നമുക്ക് പറഞ്ഞു തരുന്നു.
ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസി ലുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ ഉണ്ടാകുന്ന വിവാദങ്ങൾ ശ്രദ്ധിക്കുക. വർത്തമാന രാഷ്ട്രീയം ചരിത്രത്തിലും ചരിത്രം വർത്തമാന രാഷ്ട്രീയത്തിലും ഇടപെടുന്നതിന്റെ സാക്ഷ്യങ്ങളാണ് അവ ഓരോന്നും.
ഇപ്പോൾ ഐ സി എച്ച് ആർ പ്രസിദ്ധീകരിക്കുന്ന 'രക്തസാക്ഷികളുടെ നിഘണ്ടു :ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം" എന്ന ഗ്രന്ഥത്തിന്റെ കാര്യത്തിലും ഇതു സംഭവിച്ചിരിക്കുന്നു. പ്രസ്തുത നിഘണ്ടുവിന്റെ അഞ്ചാം വോള്യത്തിലാണ് കേരളത്തിലെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ പറ്റി പരാമർശമുള്ളത്. ഐ സി എച്ച് ആർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന അതിന്റെ കരടു രൂപത്തിൽ ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിലെ രക്തസാക്ഷികളിൽ ചിലരുടെ പേരും ഉണ്ടായിരുന്നു. 1921 ലെ മലബാർ കലാപത്തിന്റെ നായകരായിരുന്ന വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസലിയാരുടെയും പേരുകളും അതിൽ സ്ഥാനം പിടിച്ചിരുന്നു. തൊണ്ണൂറ്റി ഒൻപത് കൊല്ലം മുമ്പ് 1921 ഒക്ടോബർ 20 ന് നടന്ന വാഗൺ ട്രാജഡിയുടെ ഇരകളായ 64 കർഷക മക്കളുടെ പേരുകളും ആ നിഘണ്ടുവിൽ ഉണ്ടായിരുന്നു. രണ്ട് കാലഘട്ടങ്ങളിൽ രണ്ട് തരം ഉള്ളടക്കത്തോടെ നടന്നവയാണ് മലബാർ കലാപവും പുന്നപ്ര വയലാർ സമരവും. എന്നാൽ അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പൊതു ഘടകങ്ങളും ഉണ്ടായിരുന്നു. സാമ്രാജ്യത്വ വാഴ്ച്യ്ക്കെതിരായി ഇന്ത്യയുടെ നെഞ്ചിൽ കത്തിക്കാളിയ രോഷാഗ്നിയുടെ വിസ്ഫോടനം ആയിരുന്നു ആ സമരങ്ങൾ. അവയിലൊന്ന് സാമ്രാജ്യത്വം പോറ്റി വളർത്തിയ ജന്മിത്തത്തോടുള്ള കർഷകരുടെ പടയൊരുക്കമായിരുന്നെങ്കിൽ മറ്റൊന്ന് സാമ്രാജ്യത്വത്തിന്റെ കാവൽ പട്ടികളാകാൻ തയ്യാറായ നാടുവാഴിത്തത്തോടുള്ള അങ്കം കുറിക്കലായിരുന്നു. മലബാർ കലാപത്തിലെ മുന്നണി പോരാളികൾ അക്രമ നികുതികളാൽ വലഞ്ഞ സാധു കർഷകർ ആയിരുന്നു. പുന്നപ്ര വയലാറിൽ പട്ടിണിക്കാരും പാവങ്ങളും ആയ തൊഴിലാളികളാണ് സമരത്തിന്റെ മുമ്പിൽ പോരാടിയവർ. നാടിന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച അത്തരം രക്തസാക്ഷികളുടെ നാമങ്ങളാണ് നിഘണ്ടുവിൽ നിന്നും വെട്ടിമാറ്റാൻ ആർ.എസ്.എസ് നയിക്കുന്ന ഭരണകൂടം ഇപ്പോൾ തിടുക്കം കൊള്ളുന്നത്. പ്രസ്തുത സമരങ്ങളും അതിലെ രക്തസാക്ഷികളും തമസ്കരിക്കപ്പെടേണ്ടവരാണെന്ന് സംഘപരിവാർ വിശ്വസിക്കുന്നു. ചരിത്രം ആ വിചാരഗതിക്ക് അനുസരിച്ച് വഴിമാറി പോകേണ്ടതാണെന്ന് അവർ കരുതുന്നു. സംഘപരിവാറിന്റെ വേദപുസ്തകം എന്ന് വിളിക്കാവുന്ന വിചാരധാരയുടെ 19-ാം അദ്ധ്യായത്തിൽ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളിൽ ഒന്നാമത്തേതായി പറയുന്നത് മുസ്ലിങ്ങളെയാണ്. 21-ാം അദ്ധ്യായത്തിൽ ആഭ്യന്തര ശത്രു 3 എന്ന് പറഞ്ഞ് വിവരിക്കുന്നത് കമ്മ്യൂണിസ്റ്റ്കാരെ കുറിച്ചാണ്.
ഇടയ്ക്ക് 20-ാം അദ്ധ്യായത്തിൽ രണ്ടാമത്തെ ആഭ്യന്തര ശത്രുവായി ക്രിസ്ത്യാനികളെ കുറിച്ചും പറയുന്നുണ്ട്. ചരിത്രത്തിലും വിദ്യാഭ്യാസത്തിലും കലയിലും സാഹിത്യത്തിലും സംസ്കാരത്തിലും രാഷ്ട്രീയത്തിലും എല്ലാം ഇടപെടുമ്പോൾ സംഘപരിവാറിനെ നയിക്കുന്നത് അന്ധമായ ഈ വിദ്വേഷ ചിന്തകളാണ്.
സാമ്രാജ്യത്വ തന്ത്രങ്ങളെ സമ്പൂർണമായി കടം കൊണ്ട കണ്ണുമായാണ് ആർ.എസ്.എസ് എന്നും ചരിത്രം വായിക്കുന്നത്.
ഐ. സി .എച്ച്. ആറിന്റെ രക്തസാക്ഷി നിഘണ്ടുവിന് ഭാവപ്പകർച്ച വരുത്താൻ അവർ നടത്തുന്ന എല്ലാ പരിശ്രമങ്ങളുടേയും കാതൽ അതാണ്. അത് തന്നെയാണ് പുന്നപ്ര വയലാറിനും സംഭവിച്ചത്. ഇന്ത്യയിൽ നിന്ന് തിരുവിതാംകൂറിനെ വേർപ്പെടുത്താൻ തന്ത്രം മെനഞ്ഞ ദിവാൻ ഭരണത്തിനും , ആ തന്ത്രത്തിന് കരുത്തു പകർന്ന സാമ്രാജ്യത്വ ശക്തികൾക്കും എതിരെയാണ് പുന്നപ്രവയലാർ സമരം കൊടുങ്കാറ്റുയർത്തിയത്. അത് ഇന്ത്യയുടെ ഐക്യം കാക്കാൻ വേണ്ടി നടന്ന നാടുവാഴിത്ത വിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ ജനകീയ മുന്നേറ്റമായിരുന്നു. ആ പോരാട്ടത്തിൽ വീരമൃത്യു വരിച്ച തൊഴിലാളികളിൽ ഏതാനും പേരുടെ പേരാണ് ഐ സി എച്ച് ആർ നിഘണ്ടുവിൽ ഉണ്ടായിരുന്നത്. അവരെ ചരിത്രത്തിൽ നിന്ന് തൂത്തെറിയാനായി ഇന്ത്യയുടെ സ്വാതന്ത്ര്യദിനം പോലും മാറ്റിയെഴുതുകയാണ് സംഘപരിവാർ ബാധയേറ്റ ഐ സി എച്ച് ആർ പരിശോധന സമിതി ചെയ്യുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റിന് ഭാഗിക അധികാരം ബ്രിട്ടീഷുകാർ കൈമാറിയ ദിവസമാണത്രേ അവർക്ക് സ്വാതന്ത്ര്യ ദിനം ! ആ അഭിനവ 'സ്വാതന്ത്ര്യ ദിനത്തി"നുശേഷം സംഭവിച്ചതൊന്നും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല എന്ന് സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്. 1946ൽ തന്നെ ഏതാനും മാസങ്ങൾക്ക് ശേഷമാണ് നടന്നിരുന്നതെങ്കിൽ അവർ നാവിക കലാപത്തെയും ഈ അളവുകോൽ വച്ച് പടിക്ക് പുറത്താക്കുമായിരുന്നു. പുന്നപ്രയിലും വയലാറിലും വെടി പൊട്ടിയത് ഒക്ടോബറിൽ ആയിരുന്നെങ്കിലും അതിന്റെ അരങ്ങൊരുക്കം ഇടക്കാല ഗവൺമെന്റിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ചരിത്ര സംഭവങ്ങളെ ഒന്നിനോടും ബന്ധമില്ലാത്ത മറകളായി കാണുന്ന സമീപനം രാഷ്ട്രീയമായ ചരിത്ര രചനയുടേതല്ലായെന്ന സത്യം അവർക്ക് അരോചകമാണ്. പുന്നപ്ര വയലാറിന്റെ സാമ്രാജ്യത്വ വിരുദ്ധ ഉള്ളടക്കത്തെയും അത് ഉയർത്തിപ്പിടിച്ച സ്വാതന്ത്ര്യ ദാഹത്തെയും തള്ളിപ്പറയുന്നവർ സാമ്രാജ്യത്വ മേധാവികളോട് ആശയപരമായി അടിപ്പെട്ടവരാണ്. അത്തരക്കാരുടെ കൈകളിൽ ചരിത്ര ഗവേഷണ കൗൺസിൽ അമർന്നു പോയാൽ ചരിത്രം മറ്റെന്തെല്ലാമായാലും സത്യമാവുകയില്ല.