വിജയകൃഷ്ണൻ

മലയാള സിനിമയുടെ നവതി ചലച്ചിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ 2018ൽ ആഘോഷിച്ചു.ഇപ്പോൾ വീണ്ടും നവതിയാണെന്നു പറഞ്ഞ് ചിലർ രംഗത്ത് വരുന്നു.മലയാളത്തിലെ ആദ്യ സിനിമയായ ജെ.സി.ഡാനിയേലിന്റെ വിഗതകുമാരൻ 1928 നവംബർ ഏഴിന് റിലീസ് ചെയ്തത് കണക്കാക്കിയായിരുന്നു 2018 ലെ ആഘോഷം.മലയാള സിനിമയുടെ നവതി കഴിഞ്ഞിട്ട് രണ്ടു വർഷമായെന്ന് ദേശീയ അവാർഡ് ജേതാവായ വിഖ്യാത നിരൂപകൻ വിജയകൃഷ്ണൻ പറഞ്ഞു.
1968 ൽ ചേലങ്ങാട്ട്ഗോപാലകൃഷ്ണന്റെ സിനിമയുടെ ചരിത്രം എന്ന പുസ്തകത്തിൽ ജെ .സി ഡാനിയലിനെ കുറിച്ചെഴുതിയതിൽ വിഗതകുമാരന്റെ ആദ്യ ഉദ്ഘാടന പ്രദർശനം 1928 നവംബറിലാണെന്ന് രേഖപ്പെടുത്തിയിരുന്നു. ജെ .സി ഡാനിയേലിനെ നേരിൽ കണ്ടിട്ട് എഴുതിയ പുസ്തകമായിരുന്നു അത്.അന്ന് അതിൽ ആശയകുഴപ്പമുണ്ടായിരുന്നെങ്കിൽ അന്നേ അത് തിരുത്തപ്പെടുമായിരുന്നു .ഞാൻ അത് വായിച്ചിട്ടുണ്ട് . പിന്നീട് ചേലങ്ങാട്ടന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ സാജുചേലങ്ങാട്ട് ആ പുസ്തകത്തിൽ ചെറിയ തിരുത്തുകൾ വരുത്തി ജെ.സി .ഡാനിയേലിന്റെ ജീവിതക്കഥ എന്ന പേരിൽ പുറത്തിറക്കി. അതിലാണ് 1928 നവംബർ എന്നത് 1930 ഒക്ടോബർ 23 എന്ന് ആദ്യമായി തിരുത്തി വന്നത് . മകൻ സാജു അച്ഛൻചേലങ്ങാട്ടിനോട് നീതി പുലർത്തിയില്ലെന്ന് തോന്നി അത് കണ്ടപ്പോൾ. പിന്നീട് ഒരു ഡോക്യൂമെന്ററിയിൽ ഇതിനെ ക്കുറിച്ച് ഞാൻ സംസാരിക്കുമ്പോൾ സാജു ചെയ്തത് തെറ്റാണെന്ന് തുറന്നു പറഞ്ഞിരുന്നു.
ഒരാൾ എഴുതിയത് അദ്ദേഹത്തിന്റെ മരണശേഷം തിരുത്താൻ പാടില്ലെന്നും.പുതിയ തെളിവുകൾ കിട്ടിയിട്ടുണ്ടെങ്കിൽ ഒരു സ്റ്റാറിട്ട് പുസ്തകത്തിന്റെ അടിവശത്ത് അടയാളപ്പെടുത്താവുന്നതാണെന്നും അന്ന് ഞാൻ പറഞ്ഞിരുന്നു. ഇത് കണ്ട ചേലങ്ങാട്ടന്റെ മകൻ എന്നെ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. പിന്നീട് വർഷത്തെക്കുറിച്ച് സാജു രംഗത്ത് വന്നിട്ടില്ല. കമൽ സെല്ലുലോയ്ഡിലും 1930 എന്നാണ് കാണിച്ചിരിക്കുന്നത്. പിന്നീട് കമലും വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. അന്ന് മുതൽ ഇതിനെച്ചൊല്ലി വിവാദം തുടരുകയാണ്. 2005 ൽ ചിലർ 1930ൽ അടിച്ചതെന്നപേരിൽ ഒരുനോട്ടീസ് തെളിവായി കൊണ്ടുവന്നിരുന്നു. അന്ന് കുന്നുകുഴി എസ് .മണി എന്ന ചരിത്രകാരൻ ആക്കൂ ട്ടത്തിൽ ഉണ്ടായിരുന്നു.പിന്നീട് ആനോട്ടീസ് വ്യാജമായി അടിച്ചിറക്കിയതാണെന്ന് കുന്നുകുഴി എസ് .മണി എന്നോടു പറഞ്ഞിരുന്നു. അന്ന് ആ നോട്ടീസ് അവർ ജെ .സി ഡാനിയേലിന്റെ മകൾ ലളിതയ്ക്ക് നൽകിയെന്നും അവർ അത് സ്വീകരിച്ചുവെന്നുമായിരുന്നു വാർത്തകൾ വന്നത്.
1988 ൽ ഞാൻ പുസ്തകം എഴുതുന്നത് അന്ന് കെ .എസ് .എഫ് .ഡി.സി ചെയർമാനായിരുന്ന പി .ഗോവിന്ദപ്പിള്ള പറഞ്ഞതനുസരിച്ചാണ്. നിങ്ങൾ അമ്പതാം വാർഷികമായിരിക്കും ആഘോഷിക്കുന്നത് എന്റെ പുസ്തകത്തിൽ അറുപതാം വാർഷികമെന്നാണ് അടയാളപ്പെടുത്തുന്നതെന്ന് ഞാൻ പറഞ്ഞിരുന്നു.അതിന്റെ അവതരികയിൽ പി.ഗോവിന്ദ പിള്ള എഴുതിയിട്ടുണ്ട് ''നമ്മൾ എല്ലാവരും അമ്പതാം വാർഷികമെന്നാണ് കരുതുന്നത് ,എന്നാൽ ഇതിന്റെ കർത്താവായ വിജയ കൃഷ്ണനും കൂട്ടരും ഇത് അറുപതാം വാർഷികമെന്ന് പറയുന്നു.''പിന്നീടാണ് ചർച്ചകളിൽ ഇത് പ്രധാന വിഷയമാകുന്നത്. ഡൽഹിയിൽ നടന്ന ഒരു സെമിനാറിൽ  ഇതിനെക്കുറിച്ച് അവതരിപ്പിച്ചപ്പോൾ ഇടമറുക് (യുക്തിവാദി)ശക്തമായി എന്റെ വാദത്തോടൊപ്പംചേർന്നിരുന്നു. അദ്ദേഹം ജെ.സി ഡാനിേയലിനെ കണ്ടു സംസാരിച്ച വ്യക്തിയാണ്. അതുപോലെ പ്രമുഖ പത്രപ്രവർത്തകനായ മണർകാട് മാത്യു ജെ.സി ഡാനിയലിനെ കണ്ടിട്ടുള്ള വ്യക്തിയാണ്.അദ്ദേഹം അന്നത് എഴുതുകയും ചെയ്തു.വിഗതകുമാരന്റെ ഉദ്ഘാടന പ്രദർശനത്തിൽ പങ്കെടുത്ത നാഗവള്ളി ആർ .എസ് കുറുപ്പുമായി ഞാൻ സംസാരിച്ചിട്ടുണ്ട്.
2020 ആണ് മലയാള സിനിമയുടെ നവതിയെന്നാണ് ഇപ്പോഴും ചിലർ അവകാശപ്പെടുന്നത്. അവർ പത്രക്കുറിപ്പുകളാണ് തെളിവുകളായി കൊണ്ടുവരുന്നത്. ഞാൻ അതെല്ലാം പരിശോധിച്ചിട്ടുണ്ട്. നസ്രാണി ദീപികയിൽ 1930 ൽ വന്നൊരുലേഖനം ശരിയാണ്. പക്ഷേ ഉദ് ഘാടനമെന്ന് അതിലൊന്നും വന്നിട്ടില്ല. ഞാൻ അടയാളപ്പെടുത്തിയ ഉദ്ഘാടന പ്രദർശനത്തിൽ കല്ലേറും ബഹളവുമൊക്കെയായിരുന്നുവല്ലോ. എനിക്ക്തോന്നുന്നത്  1930 ൽ ചിത്രത്തിന്റെ സ്പെഷ്യൽഷോ നടത്തിയിട്ടുണ്ടായിരിക്കണം. അതിനെക്കുറിച്ചായിരിക്കും ആ വാർത്ത കുറിപ്പിൽ പറഞ്ഞിട്ടുള്ളതെന്നാണ്.
(ബിന്ദു പാലക്കപ്പറമ്പിനോട് പറഞ്ഞത് )