vyshali-cave

ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍... ഈ ഗാനവും വൈശാലിയും ഋഷ്യശൃംഗനും അനുരാഗത്തിന്റെ പുതിയ തരംഗങ്ങള്‍ തീര്‍ത്ത ഗാനരംഗങ്ങളും മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. വൈശാലിയും ഋഷ്യശൃംഗനും ഒന്നിച്ചു ആടിപ്പാടി ആ മനോഹരമായ ഗുഹയിലും താഴ്വരയിലും നടന്നു. അവരുടെ പ്രണയം ആ ഗുഹാചിത്രങ്ങള്‍ പറഞ്ഞു.

വൈശാലി എന്ന ചിത്രത്തിലെ ഈ ഗാനത്തിലെ ഗുഹ ഒരുപക്ഷേ ശ്രദ്ധിക്കാന്‍ സാദ്ധ്യത കൂടുതലാണ്. ആ ഗുഹ സിനിമയ്ക്ക് വേണ്ടി മാത്രമുണ്ടാക്കിയ ഒരു സെറ്റ് ആയിരുന്നില്ല എന്നറിയുമ്പോഴോ? ഗുഹയുടെ ഇരുളറയില്‍നിന്നും ചെറുതോണി അണക്കെട്ടിന്റെ കാഴ്ച ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുതിയ അനുഭവമാണ് നല്‍കുന്നത്. ഇടമലയാര്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മിക്കുന്നതിന് വേണ്ടി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനായി തുരന്ന് നിര്‍മിച്ച ഗുഹയാണ് ഇപ്പോള്‍ വൈശാലി ഗുഹ എന്ന പേരില്‍ അറിയപ്പെടുന്നത്.

വൈശാലി ഗുഹ ഇടുക്കിയില്‍ ഡാമിന്റെ പരിസരത്ത് തന്നെ ആണെന്നറിയുമ്പോഴാണ് പലരും ഞെട്ടുക. കാരണം ഇടുക്കിയും മൂന്നാറും ഡാമും ഒക്കെ ഒരുപാട് തവണ പോയവർ പോലും വൈശാലി ഗുഹയെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകില്ല. പക്ഷെ കേരളത്തിന്റെ വിനോദ സഞ്ചര ഭൂപടത്തില്‍ വൈകിയാണെങ്കിലും ഈ ഗുഹയും സ്ഥാനം പിടിച്ചിരുന്നു എന്നതാണ് സത്യം.

1970 കളിലാണ് ഇതിന്റെ നിര്‍മ്മാണം നടക്കുന്നത്, അതും 550 മീറ്റര്‍ നീളമുള്ള ഈ ഗുഹയില്‍ അന്നത്തെ കാലത്തു ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളികളും അവരുടെ ജീവിതവും ഒക്കെ മുന്നോട്ടു പോയിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഈ ഗുഹ അത് കഴിഞ്ഞും വിസ്മൃതിയില്‍ ആണ്ടു കിടക്കുമ്പോഴാണ് 1988ല്‍ ഭരതന്‍ അദ്ദേഹത്തിന്റെ വൈശാലി എന്ന ചിത്രം ഇവിടെ സംവിധാനം ചെയ്യാനെത്തുന്നത്.

ജീവിതത്തില്‍ അന്നേ വരെ സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഋഷ്യശൃംഗന്‍ എന്ന മുനികുമാരന്റെയും അദ്ദേഹത്തെ തേടി എത്തുന്ന വൈശാലി എന്ന ദേവദാസി പെണ്ണിന്റെയും കഥയാണ് വൈശാലി. കുറവന്‍ മലയും കുറത്തി മലയും അതിന്റെ ഇടയില്‍ ഡാമിന് വേണ്ടി പണി കഴിപ്പിച്ച ടണല്‍ പിന്നീട് ഗുഹയാക്കി മാറ്റുമ്പോള്‍ അത് ഇത്ര മനോഹരമായ ഒരു സഞ്ചാര മാര്‍ഗ്ഗമാകുമെന്നു ഭരതന്‍ പോലും അറിഞ്ഞിരിക്കില്ല. നിറയെ പാറയും ഉള്‍വശത്തു വാവലുകളും ഒക്കെ നിറഞ്ഞ ഭീതി ജനിപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നു അന്ന് ഇവിടം. ഇപ്പോള്‍ ഇത് വൈശാലി പാറ എന്ന് വിളിക്കപ്പെട്ടു സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്നുണ്ട്.

അല്‍പം സാഹസികത ആവശ്യപ്പെടുന്ന യാത്രയാണ് വൈശാലി ഗുഹയിലേക്ക് ഉള്ളത്. ഇപ്പോള്‍ കേരള ടൂറിസം വകുപ്പിന്റെ ഹൈഡല്‍ ടൂറിസത്തില്‍ പെടുത്തി പദ്ധതികളൊക്കെ ഇവിടെ ആവിഷ്‌കരിച്ചിട്ടുണ്ട്. ഗുഹ തുടങ്ങുന്നതിന്റെ കുറച്ചു മീറ്റര്‍ ദൂരത്തോളം മാത്രമേ ഇവിടെ വെളിച്ചം ലഭിക്കുകയുള്ളൂ. കുറച്ചുകൂടി മുന്നോട്ട് പോയാല്‍, അത് നട്ടുച്ചയാണെങ്കില്‍ പോലും കുറ്റാക്കൂരിരുട്ട് ആയിരിക്കും എന്നതില്‍ സംശയമില്ല.