
ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭയുടെ 47 അംഗ മനുഷ്യാവകാശ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ചൈനയ്‌ക്ക് വൻ വോട്ട് ചോർച്ച. തെരഞ്ഞെടുക്കപ്പെട്ട 15 രാജ്യങ്ങളിൽ ഇത്തവണ ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ചൈനയ്‌ക്കാണ്; 139 വോട്ട്. മുൻപത്തെക്കാൾ 41 എണ്ണം കുറഞ്ഞു. 2016ലെ മനുഷ്യാവകാശ കൗൺസിൽ തിരഞ്ഞെടുപ്പിൽ 180 വോട്ടായിരുന്നു ചൈനയ്‌ക്ക് ലഭിച്ചിരുന്നത്. അന്ന് ലഭ്യമായ വോട്ടുകൾ അന്താരാഷ്‌ട്ര സമൂഹം തങ്ങളുടെ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ നൽകിയ അംഗീകാരമായാണ് ചൈന കണ്ടത്.
ഇത്തവണ എന്നാൽ ചൈനയുടെ വിജയത്തിൽ വലിയ ആഘോഷമൊന്നും ഉണ്ടായില്ല. ചൈനയിലെ വിവിധ വിഭാഗം ജനങ്ങൾക്കെതിരെ ഷി ജിൻപിംഗ് സർക്കാർ നടപ്പാക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വാർത്തകൾ പുറത്തുവന്നതായിരുന്നു അതിന് കാരണം. 2016 ൽ 180 വോട്ടാണ് ചൈനയ്‌ക്ക് ലഭിച്ചത്. 2009ലും 2013ലും 167 വോട്ട് ആണ് നേടിയത്.
മുൻപ് മനുഷ്യാവകാശ കൗൺസിൽ മൂന്നാം യോഗം 2019 ഒക്‌ടോബറിൽ ചേർന്നപ്പോൾ ചൈന സിൻജിയാംഗിൽ മുസ്ളിങ്ങൾക്കെതിരെ നടപ്പാക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. 23ഓളം വിവിധ രാജ്യങ്ങൾ അന്ന് ചൈനക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു. ഒരു വർഷം കഴിയുമ്പോൾ എണ്ണം 40 ആയിരിക്കുകയാണ്. അൻപതോളം ഐക്യരാഷ്‌ട്രസഭാ മനുഷ്യാവകാശ വിദഗ്‌ധർ ചൈനയിൽ മനുഷ്യാവകാശ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ഈ വർഷം ജൂണിൽ ആവശ്യപ്പെട്ടിരുന്നു.
ഒക്‌ടോബർ 14ന് നടന്ന വോട്ടിംഗ് സമയത്ത് ഐക്യരാഷ്‌ട്ര സഭ അംഗങ്ങളായ 39ഓളം രാജ്യങ്ങൾ സിൻജിയാംഗിലും ഹോങ്‌കോംഗിലും ടിബറ്റിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ വലിയ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
അതിർത്തി രാജ്യങ്ങളെയെല്ലാം എതിർചേരിയിലാക്കിയ ഷി ജിൻപിംഗിന്റെ നയതന്ത്രത്തെ മിക്ക രാജ്യങ്ങളും എതിർക്കുകയാണ്. ഒരേ സമയം രാജ്യത്തെ വിവിധ അതിർത്തികളിൽ ചൈന കൈയേറ്റം നടത്തുകയാണ്. ഇന്ത്യയോട് ലഡാക്കിലും തായ്‌വാനോടും, ഹോങ്‌കോംഗിലെ അധികാര ഇടപെടലുകളും ഓസ്‌ട്രേലിയയും അമേരിക്കയുമായുളള വ്യാപാരയുദ്ധവും ദക്ഷിണ ചൈന കടലിൽ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിച്ചതും കാനഡയുമായി തർക്കം നടത്തിയതും ചൈനയോടുളള എതിർപ്പ് വർദ്ധിപ്പിച്ചു.
ഈ സമയത്താണ് അമേരിക്ക ഏഷ്യയിലെയും യൂറോപ്പിലെയും ചൈനയുടെ തർക്കരാജ്യങ്ങളുമായി സൗഹൃദം സ്ഥാപിച്ചത്. ഇന്ത്യ, ഓസ്‌ട്രേലിയ,ജപ്പാൻ എന്നീ രാജ്യങ്ങളുമായി അമേരിക്ക നല്ല സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയും ജപ്പാനുമൊത്തുളള നാവികസേന അഭ്യാസം തിങ്കളാഴ്ച നടക്കാനിരിക്കുകയുമാണ്. അമേരിക്കൻ സൗഹൃദം ചൈനീസ് നയതന്ത്രത്തിൽ മാറ്റം വരുത്തുമോ എന്ന് കാത്തിരുന്ന് കാണെണ്ട കാര്യമാണ്.