tvm

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുമെന്ന് ഉറപ്പായതോടെ, തലസ്ഥാന നഗരസഭയിലേക്ക് മത്സരിക്കാൻ പ്രാദേശിക വികസന സംഘടനകളും ഒരുങ്ങുന്നു. സർക്കാരിന്റെ നിരന്തരമായ അവഗണനയിൽ പ്രതിഷേധിച്ചാണ് എൺപതോളം വരുന്ന സംഘടനകൾ തിരുവനന്തപുരം വികസന മുന്നേറ്റം (ടി.വി.എം) എന്ന ഒറ്റ സംഘടനയ്ക്ക് കീഴിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് ഇന്ത്യയാണ് ഈ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത്.

വിമാനത്താവളമടക്കം നിമിത്തമായി

തലസ്ഥാനത്തെ വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ നിലപാടാണ് തങ്ങളെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ടി.വി.എം പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു. ഇതുകൂടാതെ വിഴിഞ്ഞം പദ്ധതി, ലൈറ്റ് മെട്രോ, ഔട്ടർ റിംഗ് റോഡ് പ്രോജക്ട് എന്നിവയെല്ലാം തന്നെ ഒച്ച് ഇഴയുന്നതു പോലെയാണ് മുന്നോട്ട് നീങ്ങുന്നത്. ഭൂരിഭാഗം ജനങ്ങളുടെയും താൽപര്യത്തിന് വിരുദ്ധമായാണ് വിമാനത്താവള സ്വകാര്യവത്കരണ വിഷയത്തിൽ സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദാനിക്കെതിരായ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ, ഇതിലൂടെ പൊതുജനങ്ങളുടെ പണമാണ് സർക്കാർ പാഴാക്കുന്നതെന്ന് ഇവർ പറയുന്നു.

പിന്തുണയുമായി നിരവധി സംഘടനകൾ

ടി.വി.എമ്മിന് പിന്തുണയുമായി പ്രധാന വ്യാവസായികസംഘടനകളായ ട്രിവാൻഡ്രം അജണ്ട ടാസ്‌ക് ഫോഴ്സ്, കോൺഫെഡറഷേൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി.ഐ.ഐ), കോൺഫെഡറേഷൻ ഒഫ് റിയൽ എസ്റ്റേറ്റ് ഡെലവപ്പേഴ്സ് അസോസിയേഷൻ (ക്രെഡായ്), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) തുടങ്ങിയ നിരവധി സംഘടനകൾ എത്തിയിട്ടുണ്ട്.

സർക്കാരിന് വോട്ട് ബാങ്ക് രാഷ്ട്രീയം

സർക്കാരിന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മാത്രമാണ് കണ്ണെന്ന് ടി.വി.എം പറയുന്നു. സർക്കാരിന്റെ ഈ നിലപാടിന് അതേ നാണയത്തിൽ തിരിച്ചടി നൽകുകയാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന മോഹമൊന്നും ഇവർക്കില്ല. എന്നാൽ, പറ്റിയാൽ വിജയം തട്ടിയെടുക്കുകയോ അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ വിജയമാർജിൻ കുറയ്ക്കുകയോ ആണ് ലക്ഷ്യമിടുന്നതെന്ന് നായർ പറഞ്ഞു.