
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ നിരക്കുകൾ സർക്കാർ കുറച്ചു. ട്രുനാറ്റ് പരിശോധനയുടെ നിരക്ക് 2100 ആക്കിയാണ് കുറച്ചത്. നേരത്തേ ഈ പരിശോധനയ്ക്ക് മൂവായിരം രൂപയായിരുന്നു ഈടാക്കിയിരുന്നത്. ആർ ടി പി സി ആർ പരിശോധനയുടെ നിരക്കും 2100ആക്കി കുറച്ചിട്ടുണ്ട്. നേരത്തേയിത് 2750 രൂപയായിരുന്നു. ആന്റിജൻ പരിശോധനയ്ക്ക് 625 രൂപയും ജീൻ എക്സ്പർട്ട് ടെസ്റ്റിന് 2500 രൂപയുമായിരിക്കും ഇനിമുതൽ ഈടാക്കുക.
സംസ്ഥാനത്ത് പ്രതിദിനം ഒരുലക്ഷം കൊവിഡ് പരിശോധനകൾ നടത്താനുളള ശ്രമം സർക്കാർ തുടരുന്നതിനിടെയാണ് പരിശോധനകളുടെ നിരക്കുകൾ കുറച്ചത്. ഇപ്പോൾ അരലക്ഷം കൊവിഡ് പരിശോധനകളാണ് ഒരു ദിവസം നടത്തുന്നത്. സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം ഉയർത്തണമെന്ന് വിദഗ്ദ്ധസമിതിയും സർക്കാരിന് ശുപാർശ നൽകിയിരുന്നു.സർക്കാർ കൊവിഡ് പരിശോധനകളുടെ എണ്ണം മനപൂർവം കുറയ്ക്കുകയാണെന്ന വിമർശനം പലകോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. പുതിയനീക്കത്തിലൂടെ ഇതിന് തടയിടാനാവുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.