khashoggi

വാഷിംഗ്ടൺ: സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനെതിരെ കേസുമായി കൊല്ലപ്പെട്ട മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ പ്രതിശ്രുതവധുവും തുർക്കി പൗരയുമായ ഹാത്തിസ് ചെങ്കിസ്. ഹാത്തിസും യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെമോക്രസി ഫോർ ദ അറബ് വേൾഡ് നൗ (ഡോൺ) എന്ന സന്നദ്ധ സംഘടനയും ചേർന്നാണ് സൗദി കിരീടാവകാശിയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുന്നത്. ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കേസ്. ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഭവിച്ച നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം കിട്ടണമെന്നാണ് ഹാത്തിസ് ഉൾപ്പെടെയുള്ള ഹർജിക്കാരുടെ ആവശ്യം.

കേസിലെ കോടതി നടപടികൾ ഇന്നലെ ആരംഭിച്ചതായി വാർത്താ ഏജൻസിയായ ഡി.ഡ.ബ്ല്യൂ റിപ്പോർട്ട് ചെയ്തു. സൗദി രാജകുമാരൻ ഉൾപ്പെടെ 29 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഹർജിയിൽ എത്ര തുകയാണ് നഷ്ടപരിഹാരമായി ലഭിക്കേണ്ടതെന്ന് ജൂറിയായിരിക്കും തീരുമാനിക്കുക. അതേസമയം, അമേരിക്കയ്ക്ക് പുറത്തു വെച്ചു നടന്ന സംഭവമായതിനാൽ നിയമനടപടികൾ എളുപ്പമായിരിക്കില്ലെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. "അമേരിക്കയിൽ എന്തും സാദ്ധ്യമാണെന്നായിരുന്നു ജമാൽ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് സംഭവത്തിൽ നീതിയും വിശ്വാസ്യതയും ഉറപ്പു വരുത്താനായി യു.എസ് നീതിന്യായ സംവിധാനത്തിൽ ഞാൻ വിശ്വാസമർപ്പിക്കുകയാണ്." ഹാത്തിസ് വ്യക്തമാക്കി.

ഖഷോഗിയുടെ നിര്യാണം വഴി വ്യക്തിപരവും സാമ്പത്തികവുമായ നഷ്ടങ്ങൾ ഉണ്ടായെന്നാണ് ഹാത്തിസ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സംഘടനാ സ്ഥാപകനായ ഖഷോഗി കൊല്ലപ്പെട്ടതോടെ പ്രവർത്തനങ്ങൾ താളം തെറ്റിയെന്ന് ഡോണും ഹർജിയിൽ ആരോപിച്ചു.

"ഖഷോഗി നേരിട്ട ക്രൂരപീഡനവും കൊലപാതകവും ലോകമെമ്പാടുമുള്ള മനഃസാക്ഷിയെ ഞെട്ടിച്ചതാണ്." ഹർജിക്കാർ ആരോപിച്ചു. രണ്ട് വർഷം മുൻപാണ് തുർക്കിയിലെ സൗദി എംബസിയിൽ വച്ച് ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്. സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനായിരുന്ന ഖഷോഗി തന്റെ വിവാഹാവശ്യത്തിനുള്ള ചില രേഖകൾ വാങ്ങാനായി എംബസിയിലെത്തുകയും പിന്നീട് കാണാതാകുകയുമായിരുന്നു.
2018 ഒക്ടോബർ 2ന് എംബസിയ്ക്കുള്ളിൽ പ്രവേശിച്ച ഖഷോഗിയുടെ മൃതദേഹം പോലും ഇതുവരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. എംബസിയ്ക്കുള്ളിൽ വെച്ച് ഖഷോഗി കൊല്ലപ്പെടുകയും മൃതദേഹം കഷണങ്ങളാക്കി മുറിയ്ക്കുകയായിരുന്നുവെന്നുമാണ് കരുതപ്പെടുന്നത്.