skandamatha

വെളിച്ചവും വിദ്യയും പകരുന്ന നവരാത്രി ഉത്സവത്തിന്റെ അഞ്ചാം നാൾ. ദേവിയുടെ നവദുർഗാ ഭാവങ്ങളിൽ അഞ്ചാമത്തേതായ സ്‌കന്ദമാതാ ഭാവത്തിനാണ് 'അഗസ്ത്യം' നല്ലുടലിന്റെ ഇന്നത്തെ ചിത്രാവിഷ്കാരം. പഞ്ചമി ദിനത്തിലാണ് ദുർഗാദേവിയെ സ്‌കന്ദമാതാ ഭാവത്തിൽ ആരാധിക്കുന്നത്. സ്കന്ദ എന്നാൽ കുതിപ്പ്, തുളുമ്പുക, നശിക്കാത്ത, കൂടിച്ചേരുക എന്നൊക്കെയാണ് അർത്ഥം. സുബ്രഹ്മണ്യന്റെ മറ്റൊരു നാമമാണ് സ്കന്ദ. ആറ് താമരപ്പൂക്കളിലെ ശക്തികൾ ഒരേ ക്ഷണത്തിൽ ഒന്നായതുകൊണ്ടാണ് ആ നാമം. കാർത്തികേയന്റെ മാതാവായതിനാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ വിളിക്കപ്പെടുന്നു. സുബ്രഹ്മണ്യ സ്വാമിയെ മടിയിൽ വച്ചുകൊണ്ടുള്ള മാതൃപ്രേമ സൗന്ദര്യമാണ് ഇവിടെ പ്രധാനം. ചതുർഭുജയും ത്രിനേത്രയുമാണ് ഈ ദേവി. സിംഹമാണ് വാഹനം. ഈ ഭാവത്തിൽ ദേവിയെ പൂജിച്ചാൽ മുരുകന്റെ അനുഗ്രഹം കൂടി ലഭിക്കുമെന്നാണ് വിശ്വാസം. ധന്വന്തരി കളരി സംഘത്തിലെ നല്ലുടൽ പരിശീലന പദ്ധതിയിലെ അംഗങ്ങളെ പങ്കെടുപ്പിച്ച് ഗുരുക്കളും പ്രശസ്ത മാധ്യമ പ്രവർത്തകനുമായ ഡോ. മഹേഷാണ് ദേവിയുടെ നവഭാവങ്ങൾ ദൃശ്യവത്കരിച്ചിരിക്കുന്നത്.