
ഇത്തിരിപ്പോന്ന മുടി പരിപാലിക്കാനാകില്ലായെന്ന് പരിഭവിച്ച് വെട്ടിക്കളയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഒരു വൃദ്ധൻ അഞ്ച് മീറ്റർ നീളത്തിൽ മുടി വളർത്തി എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു ഹോബിയായല്ല ഇദ്ദേഹം മുടി വളർത്തുന്നത്. മുടി വെട്ടിക്കളഞ്ഞാൽ മരിച്ചുപോകുമെന്നാണ് വിശ്വാസം. ഒന്നും രണ്ടും വർഷമല്ല, കഴിഞ്ഞ 80 വർഷമായി ഇദ്ദേഹം മുടിയിൽ കത്രിക തൊട്ടിട്ടില്ല. വിയറ്റ്നാമിലുള്ള 92 കാരനായ ഗുയെൻ വാൻ ചീൻനെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. വിയറ്റ്നാമിലെ തേൺ മെകോംഗ് ഡെൽറ്റ പ്രവിശ്യയിലാണ് ഈ വൃദ്ധന്റെ ജീവിതം. അഞ്ച് മീറ്റർ നീളമുള്ള മുടി മെടഞ്ഞുകെട്ടി വച്ചിരിക്കുകയാണ്. ഉച്ചിയിൽ കെട്ടിവെച്ച ശേഷം തുണി കൊണ്ട് മറച്ചു വയ്ക്കും.
മുടി വെട്ടിയാൽ താൻ മരിച്ചു പോകുമെന്നാണ് കരുതുന്നതെന്നും അതിനാൽ മുടിയിൽ തൊടാൻ തന്നെ പേടിയാണെന്നുമാണ് ചീൻ പറയുന്നത്. ഏഴ് ദൈവങ്ങളേയും ഒമ്പത് ശക്തികളേയും ആരാധിക്കുന്നയാളാണ് ചീൻ. മുടി വെട്ടരുതെന്ന് ഇദ്ദേഹത്തിന് ദൈവ കൽപ്പനയുണ്ടെന്നാണ് പറയപ്പെടുന്നത്.
കുട്ടിക്കാലത്ത് കറുത്ത് ഇടതൂർന്ന മുടിയുണ്ടായിരുന്നതായി ചീൻ അപ്പൂപ്പൻ ഓർക്കുന്നു. അപ്രതീക്ഷിതമായി ദൈവ വിളിയുണ്ടായി. അദ്ദേഹത്തിന്റെ അഞ്ചാമത്തെ മകനായ ലൂം ആണ് മുടി പരിപാലിക്കാൻ സഹായിക്കുന്നത്. മുടി മുറിച്ചാൽ പിതാവ് മരണപ്പെടുമെന്ന് അദ്ദേഹവും വിശ്വസിക്കുന്നു. അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നു എന്നതിനാൽ നിരോധിച്ചിട്ടുള്ള 'ദുവ' മതം പിന്തുടരുന്ന വ്യക്തിയാണ് ചീൻ. ഈ മതം 'നാളികേര മതം' എന്നാണ് അറിയപ്പെടുന്നത്. നാളികേരം മാത്രം കഴിച്ചാണ് ഈ മതത്തിന്റെ സ്ഥാപകൻ ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം.