
തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് അഞ്ച് മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾ വരുന്നു. ഇതിനായി 1.83 കോടി നിർഭയ പദ്ധതി പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സ്ത്രീ സുരക്ഷാ വിഭാഗം അനുവദിച്ചിട്ടുണ്ട്. 19 പൊലീസ് ജില്ലകളിലായാണ് മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾ സ്ഥാപിക്കുന്നത്. നിലവിൽ ഒമ്പത് യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്.
റെയ്ഡുകൾ നടത്തും
കുട്ടികളുടെ മൗലികാവകാശ ലംഘനങ്ങൾ നടക്കാൻ ഇടയുള്ള സർക്കസ് ക്യാമ്പുകൾ, ഹോട്ടലുകൾ, ടെക്‌സ്‌റൈൽ ഷോപ്പുകൾ, ജോലി സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾ പരിശോധനകൾ നടത്തും.
സുപ്രീംകോടതിയുടെ മാനദണ്ഡ പ്രകാരം ഒരു കുട്ടിയെ കാണാതായി കേസ് രജിസ്റ്റർ ചെയ്യുന്നത് മുതൽ നാല് മാസത്തിനുള്ളിൽ കണ്ടെത്തിയില്ലെങ്കിൽ അത് മനുഷ്യക്കടത്തായാണ് പരിഗണിക്കുന്നത്. തുടർന്ന് ഈ കേസ് മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിന് കൈമാറുകയാണ് ചെയ്യുന്നത്.
തിരുവനന്തപുരം റൂറൽ, കോട്ടയം, എറണാകുളം, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിന്റെ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുക. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കൊച്ചി സിറ്റി, തൃശൂർ സിറ്റി, പാലക്കാട്, മലപ്പുറം, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിലാണ് നിലവിൽ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകളുള്ളത്.
ഒരു ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന മനുഷ്യക്കടത്ത് കേസുകളുടെ അടിസ്ഥാനത്തിലാണ് അവിടെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾ സ്ഥാപിക്കുന്നത്. മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾക്ക് സമൂഹത്തിൽ വലിയൊരു പങ്ക് വഹിക്കാനുണ്ട്. ഓരോ ജില്ലയിലും രജിസ്റ്റർ ചെയ്യുന്ന കേസുകൾ സൂക്ഷ്‌മമായി പരിശോധിക്കുകയും അവയുമായി ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തുകയും ചെയ്യും. വനിതാ, ശിശുക്ഷേമ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, അനാഥാലയ നിയന്ത്രണ ബോർഡ്, ജുവനൈൽ ജസ്റ്റിസ് ബോർഡ്, തൊഴിൽ വകുപ്പ് എന്നിവയുമായെല്ലാം ഇവർ ആശയവിനിമയം നടത്തും.