 
ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരീസിനെ ദുർഗയാക്കി അവതരിപ്പിച്ച ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. കമല ഹാരീസിന്റെ സഹോദരി മായാ ഹാരീസിന്റെ പുത്രി മീന ഹാരീസാണ് ഫോട്ടോഷോപ്പിൽ തയ്യാറാക്കിയ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വ്യാപകമായ എതിർപ്പിനെ തുടർന്ന് വിവാദമാവുകയും മീന ചിത്രം പിൻവലിക്കുകയുമായിരുന്നു.
ജോ ബൈഡൻ എന്ന സിംഹത്തിന്റെ പുറത്ത് പത്തു കൈകളോടു കൂടി സർവാലങ്കാര വിഭൂഷിതയായ ദുർഗാ ദേവിയായി ഇരിക്കുന്ന കമല, ഡൊണാൾഡ് ട്രംപിനെ ശൂലം കൊണ്ട് കുത്തുന്നതായാണ് ചിത്രം. നവരാത്രി കാലത്ത് പ്രത്യക്ഷപ്പെട്ട ചിത്രം മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതാണെന്ന് സോഷ്യൽ മീഡിയയിൽ ആക്ഷേപങ്ങൾ നിറഞ്ഞു. മീനാ ഹാരീസിനെയും വിമർശിച്ചു. തുടർന്ന് അവർ തന്നെ ചിത്രം നീക്കുകയായിരുന്നു. കമല ഹാരീസും ജോ ബൈഡനും നേരത്തേ സോഷ്യൽ മീഡിയയിലൂടെ നവരാത്രി ആശംസകൾ നേർന്നിരുന്നു.
കമലയുടെ അമ്മ ശ്യാമള ഗോപാലൻ ഇന്ത്യൻ വംശജയാണ്. തമിഴ്നാട്ടിൽ ജനിച്ച അവർ ഉന്നത പഠനത്തിന് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ജമൈക്കൻ സ്വദേശിയായ ഡൊണാൾഡ് ഹാരീസിനെ വിവാഹം ചെയ്തു. അവരുടെ മൂത്ത മകളാണ് കമല ഹാരീസ്. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ കമല ഹാരീസ് താരമായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ വേദിയിൽ മഴയത്ത് കുടയും പിടിച്ച് നൃത്തച്ചുവടുകൾ വയ്ക്കുന്ന കമലയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പത്തുലക്ഷം പേരാണ് കണ്ടത്. മഴയായാലും വെയിലായാലും ജനാധിപത്യം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ല എന്ന കുറിപ്പോടെ കമല തന്നെ ആ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
.