
മുംബയ്: മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തന്റെ ജീവിതം തകർത്തെന്ന ആരോപണവുമായി മുതിർന്ന ബി.ജെ.പി നേതാവ് ഏക്‌നാഥ് ഖഡ്‌സെ രംഗത്ത്. പാർട്ടി വിട്ടതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഖഡ്സെ രംഗത്തെത്തിയത്. എൻ.സി.പി നേതാവ് ജയന്ത് പാട്ടീലാണ് ഖഡ്‌സെയുടെ രാജിവാർത്ത പുറത്തുവിട്ടത്. ഖഡ്‌സെ ബി.ജെ.പി വിട്ടെന്നും ഉടൻ എൻ.സി.പിയിൽ ചേരുമെന്നുമാണ് ജയന്ത് പാട്ടീൽ മാദ്ധ്യമങ്ങളെ അറിയിച്ചത്.
स्व. गोपीनाथ मुंडे साहेबांच्या खांद्याला खांदा लावून गेली तीन दशके भाजपचे नेतृत्व करणारे ज्येष्ठ नेते एकनाथ खडसे यांनी भाजपचा त्याग केला आहे. त्यांनी भाजपच्या सदस्यत्वाचा राजीनामा दिला आहे. म्हणून येत्या २३ ऑक्टोबर रोजी त्यांना @NCPspeaks पार्टीमध्ये प्रवेश दिला जाणार आहे. pic.twitter.com/O7j4cyyNLH
— Jayant Patil (@Jayant_R_Patil) October 21, 2020
‘എക്‌നാഥ് ഖഡ്‌സെ ബി.ജെ.പിയിൽ നിന്ന് രാജിവച്ചതായി ഞാൻ അറിയിക്കുന്നു. വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അദ്ദേഹം എൻ.സി.പിയിൽ ചേരും. ഖഡ്‌സെ എത്തുന്നത് എൻ.സി.പിയെ ശക്തിപ്പെടുത്തും. ഞങ്ങൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു' എന്നായിരുന്നു ജയന്ത് പാട്ടീലിന്റെ പ്രഖ്യാപനം.
'ദേവേന്ദ്ര ഫഡ്‌നാവിസ് എന്റെ ജീവിതം നശിപ്പിച്ചു. എന്റെ ജീവതത്തിലെ നാല് വർഷം മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോയി. എന്നെ പാർട്ടിയിൽ നിന്നും ചവിട്ടിപ്പുറത്താക്കിയതിന് പിന്നിൽ നിങ്ങളാണെന്ന് ഞാൻ ആവർത്തിച്ചുകൊണ്ടിരിക്കും. ബി.ജെ.പി വിടുന്നതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷേ, എനിക്ക് മറ്റ് മാർഗങ്ങളില്ല. എന്നെ വ്യാജ ബലാത്സംഗ പരാതികളിൽ പ്രതിചേർക്കാൻ പോലും നീക്കങ്ങൾ നടക്കുന്നുണ്ട്’ എന്നും ഖഡ്‌സെ പറഞ്ഞു.
ഖഡ്‌സെ ബി.ജെ.പി വിട്ട് ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിൽ ചേരുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും ദേവേന്ദ്ര ഫഡ്‌നാവിസ് ഇത് നിഷേധിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾ വ്യാജമാണെന്നും പ്രതികരിക്കാനില്ലെന്നുമായിരുന്നു ഫഡ്‌നാവിസ് പറഞ്ഞത്. മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ഖഡ്‌സെ അഴിമതി ആരോപണങ്ങളെ തുടർന്ന് 2016ൽ രാജിവയ്‌ക്കുകയായിരുന്നു.
രാജി വയ്ക്കേണ്ടി വന്ന സാഹചര്യം മുതൽ ഖഡ്‌സെ ബി.ജെ.പിയിൽ അതൃപ്‌തനായിരുന്നു. സംസ്ഥാനത്തെ ബി.ജെ.പിയുടെ ശക്തമായ മുഖമായിരുന്നു ഖഡ്‌സെ. രാജിക്ക് ശേഷം ഒരു മികച്ച തിരിച്ചുവരവ് ഖഡ്‌സെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഖഡ്‌സെയ്ക്ക് ബി.ജെ.പി തിരഞ്ഞെടുപ്പ് ടിക്കറ്റ് നൽകിയിരുന്നില്ല. പകരം അദ്ദേഹത്തിന്റെ മകൾക്ക് സീറ്റ് നൽകിയെങ്കിലും പരാജയപ്പെടുകയായിരുന്നു.