
റിച്ച്മോൻഡ്: വിദ്യാഭ്യാസത്തിന് പ്രായം ഒരു തടസമേയല്ല. എന്നാൽ, പണ്ട് കാലത്ത് സ്ത്രീകൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകുന്നതിനോട് സമൂഹത്തിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. വെർജീനിയക്കാരിയായ 93 വയസുകാരി എലീൻ ഡെലാനും പഠിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു . പഠനം പൂർത്തിയാക്കാനാവാതെ ഹൈസ്‌കൂൾ വിട്ട എലീൻ തന്റെ 93-ാം പിറന്നാളിന് വീണ്ടും ഹൈസ്‌കൂൾ ഡിപ്ലോമ നേടിയിരിക്കുകയാണ്.
അതും 75 വർഷം മുമ്പ് വിദ്യാഭ്യാസം പൂർത്തിയാക്കാനാവാതെ എലീന് പടിയിറങ്ങേണ്ടി വന്ന ന്യൂയോർക്കിലെ പോർട്ട് റിച്ചമണ്ട് ഹൈസ്‌കൂളിൽ നിന്ന് തന്നെ. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പഠനമുപേക്ഷിച്ച് മുഴുവൻ സമയവും ജോലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എലീൻ.
എലീന് 12 വയസുള്ളപ്പോൾ അമ്മ മരിച്ചു. എലീന്റെ 14ാം വയസിൽ പിതാവ് വേറെ വിവാഹം കഴിച്ചു. അതോടെ സ്വന്തം കാര്യങ്ങൾ സ്വയം നോക്കേണ്ട അവസ്ഥയായി എലീന്. ഒപ്പം കുടുംബത്തിന്റെ ഭാരവും രണ്ടാനമ്മയുടെ സമ്മർദ്ദം കൊണ്ട് എലീന് ഏറ്റെടുക്കേണ്ടി വന്നു. അതോടെ പഠനം ഉപേക്ഷിച്ച് ന്യൂയോർക്ക് ടെലികോം കമ്പനിയിൽ അവർ ജോലി തേടി. എങ്കിലും തന്റെ സ്കൂൾ സുഹൃത്തുക്കളുമായുള്ള സൗഹൃദം എലീൻ ഉപേക്ഷിച്ചിരുന്നില്ല.
എലീന്റെ മകൾ മൗറീനാണ് അമ്മയുടെ പിറന്നാൾ ആഘോഷമാക്കാൻ തീരുമാനിച്ചത്. മകളുടെ നിർദ്ദേശപ്രകാരം എലീനിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം നൂറ് കണക്കിന് ആശംസാകാർഡുകൾ ഈ സമയത്ത് എലീന് അയച്ചിരുന്നു.
വിദ്യാഭ്യാസം പൂർത്തിയാക്കിയില്ലെങ്കിലും സ്കൂളിലെ പൂർവവിദ്യാർത്ഥി സംഗമങ്ങളിലെല്ലാം എലീൻ സജീവമായി പങ്കെടുത്തിരുന്നു. എലീന്റെ സഹോദരന്റെ മകൾക്ക് പോർട്ട് റിച്ച്മണ്ട് ഹൈസ്‌കൂളിലെ പ്രിൻസിപ്പാളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇവർ വഴിയാണ് എലീന് സർട്ടിഫിക്കറ്റ് ലഭിച്ചത്. സർട്ടിഫിക്കറ്റ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് എലീൻ മുത്തശ്ശിയിപ്പോൾ. എലീൻ ഏറ്റവുമാഗ്രഹിച്ച കാര്യം പിറന്നാൾ സമ്മാനമായി നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മക്കളും കൊച്ചുമക്കളും.