
ന്യൂഡൽഹി : ദസറ പ്രമാണിച്ച് 30 ലക്ഷം നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ. ഇതിനായി 3,737 കോടി രൂപ മാറ്റിവച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്‌കർ പറഞ്ഞു. ഒറ്റത്തവണയായി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ബോണസ് നൽകുക.
പണം വിജയദശമിയ്ക്ക് മുമ്പ് ഒറ്റത്തവണയായി നൽകുമെന്നും ഉത്സവ സീസണിൽ നൽകുന്ന ബോണസ് വിപണിയിലെത്തുന്നത് രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഗുണംചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. റെയിൽവേ, പോസ്‌റ്റ് ഓഫീസ്, ഇ.പി.എഫ്.ഒ, ഇ.എസ്.ഐ.സി തുടങ്ങിയവയിലെ 17 ലക്ഷത്തോളം നോൺ ഗസറ്റഡ് ജീവനക്കാരും ബോണസ് ആനുകൂല്യം ലഭിക്കുന്നവരിൽ ഉൾപ്പെടുന്നു.
എല്ലാ വർഷവും ദസറയ്ക്ക് മുമ്പ് ബോണസ് പ്രഖ്യാപിക്കുന്നതാണ്. എന്നാൽ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടാകുന്നത് വരെ കൊവിഡ് 19 കാരണം ബോണസ് ഉണ്ടാകാനിടയില്ലെന്നായിരുന്നു ഒട്ടുമിക്ക ജീവനക്കാരും പ്രതീക്ഷിച്ചിരുന്നത്.