
തിരുവനന്തപുരം: കശുഅണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതിയില്ലെന്ന് സർക്കാർ സി ബി ഐയെ അറിയിച്ചു. തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷന് അനുമതി നൽകാനാവില്ലെന്നാണ് വ്യവസായവകുപ്പ് സി ബി ഐക്ക് നൽകിയ മറുപടിയിൽ പറയുന്നത്. മുൻ എം ഡി രതീശൻ,മുൻ ചെയർമാനും ഐ എൻ ടി യു സി നേതാവുമായ ആർ. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് സി ബി ഐ പ്രോസിക്യൂഷന് അനുമതി ചോദിച്ചത്.
ഹൈക്കോടതിവിധിയെ തുടർന്ന് സി ബി ഐ അന്വേഷിച്ച കേസിലാണ് സർക്കാർ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചത്. 500കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്ന ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്. ആർ ചന്ദ്രശേഖരൻ, മുൻ എം ഡി രതീശൻ, കരാറുകാരൻ ജയ്മോൻ ജോസഫ് എന്നിവരാണ് കേസിലെ പ്രതികൾ. സി ബി ഐ റിപ്പോർട്ടിൽ വേണ്ടത്ര തെളിവില്ലെന്നാണ് നിയമോപദേശം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രധാന പ്രചാരണ വിഷയങ്ങളിൽ ഒന്നായിരുന്നു കശുഅണ്ടി അഴിമതി. അങ്ങനെയൊരു വിഷയത്തിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത് എന്തിനെന്ന് വ്യക്തമല്ല. ആരോപണ വിധേയരുടെ ഉന്നത ബന്ധങ്ങൾ തന്നെയാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. രതീശിനെ ഈ സർക്കാർ പ്രധാന തസ്തികകളിൽ നിയമിച്ചതും വൻവിവാദമായിരുന്നു.