
ജനീവ: യൂറോപ്പും നോർത്ത് അമേരിക്കയും കൊവിഡ് പ്രതിരോധത്തിൽ ഏഷ്യൻ രാജ്യങ്ങളെ പിന്തുടരണമെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി വിഭാഗം വിദഗ്ദ്ധൻ മൈക്ക് റയാൻ. കൊവിഡ് പ്രതിരോധ മാർഗങ്ങളും രോഗബാധിതരുമായി സമ്പർക്കത്തിൽ വരുന്നവരെ ക്വാറന്റൈൻ ചെയ്യുന്ന രീതിയും പിന്തുടരണമെന്നാണ് റയാൻ പറയുന്നത്.
ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ്യൻ മേഖലയിൽ കൊവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്. റഷ്യയുൾപ്പെടെയുള്ള മേഖലയിൽ കഴിഞ്ഞയാഴ്ച മാത്രം 8,500 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങളിൽ രോഗബാധയിൽ അമ്പത് ശതമാനം വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മൈക്ക് റിയാൻ പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിൽ ആസ്ട്രേലിയ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനം കുറയ്ക്കാൻ സാധിച്ചിരുന്നെന്ന് റയാൻ ചൂണ്ടിക്കാട്ടി. ഏഷ്യ, സൗത്ത് ഏഷ്യ, വെസ്റ്റേൺ പസഫിക് മേഖലകളിലെ രാജ്യങ്ങൾ കൊവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കേസുകൾ വർദ്ധിച്ചതോടെ അയർലൻഡ് രണ്ടാമതും ലോക്ക്ഡൗൺ പ്രഖ്യാപിച്ചെന്ന വാർത്ത പുറത്ത് വന്ന അതേ സാഹചര്യത്തിലാണ് റയാന്റെ വാക്കുകളും ശ്രദ്ധ നേടുന്നത്. രണ്ടാമതും ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്പ്യൻ രാജ്യമായി അയർലൻഡ് മാറിയിരിക്കുകയാണ്.ലോക്ക്ഡൗൺ ബുധനാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വരും.