vijay

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് രാഷ്‌ട്രീയത്തിലേക്ക് എത്തുന്നുവെന്ന ദീർഘനാളത്തെ അഭ്യൂഹങ്ങൾ ശക്തമാക്കി അച്ഛൻ എസ്.എ ചന്ദ്രശേഖറിന്റെ പ്രസ്‌താവന. വിജയ് ഉടൻ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്നും എന്നാൽ ഒരുകാരണവശാലും ബിജെപിയ്‌ക്കൊപ്പം പോകില്ലെന്നും ചന്ദ്രശേഖർ അറിയിച്ചു.

മാസങ്ങൾക്ക് മുൻപ് തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയെയും ഭാര്യ സംഗീതയെ ജയലളിതയായും അവതരിപ്പിച്ചുകൊണ്ടുള‌ള പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മധുര,സേലം,രാമനാഥപുരം എന്നീ നഗരങ്ങളിലാണ് ഇത്തരത്തിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തമിഴ് ആരാധകർക്കിടയിൽ വൻജനപ്രീതിയുള‌ള വിജയുടെ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്കുള‌ള പ്രവേശം നിലവിലെ ദ്രാവിഡ മുന്നണികൾക്കും ദേശീയ പാർട്ടികൾക്കും ഒരുപോലെ തമിഴ്നാട്ടിൽ ഭീഷണിയാണ്.

ബിഗിൽ എന്ന ചിത്രത്തിൽ കേന്ദ്രസർക്കാരിന്റെ ജിഎസ്ടി നയങ്ങളെ വിമർശിച്ച് ഡയലോഗുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ശക്തമായ എതിർപ്പാണ് ബിജെപിയിൽ നിന്നും വിജയ്‌ക്കുണ്ടായത്. മാസ്‌‌റ്റേഴ്‌സ് സിനിമയുടെ ചിത്രീകരണ സമയത്തും ഇൻകംടാക്‌സ് സംബന്ധമായി 25 കോടിയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് വിജയിയെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ വിജയ് ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.