
ന്യൂഡൽഹി : ഒരു ട്വിറ്റർ വീഡിയോയിലൂടെയാണ് ഡൽഹി മാളവ്യനഗറിലുള്ള ' ബാബാ കാ ദബ്ബാ ' എന്ന കൊച്ചു ചായക്കട നടത്തുന്ന വൃദ്ധ ദമ്പതികളുടെ കഠിന ജീവിതം പുറത്തറിഞ്ഞത്. കൊവിഡ് നിയന്ത്രണങ്ങൾ മൂലം ആളൊഴിഞ്ഞ ചായക്കടയിൽ നിത്യവൃത്തിക്ക് പോലും പണം കണ്ടെത്താനാകാതെ വിഷമിച്ചു നിന്ന ആ ദമ്പതികളുടെ കഥ അടുത്തിടെ വൈറലാവുകയും അവർക്ക് നിരവധി പേർ സഹായഹസ്തവുമായി മുന്നോട്ട് വരികയും ചെയ്തിരുന്നു.
ഇതുപോലെ രാജ്യമാകെ നിരവധി ചെറുകിട കച്ചവടക്കാരാണ് കൊവിഡ്കാലത്ത് ദുരിതമനുഭവിക്കുന്നത്. അത്തരത്തിലുള്ളവരെ കണ്ടെത്തി ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുമുണ്ട്. അത്തരത്തിൽ ഒന്നാണ് വിശാൽ ശർമ എന്നയാൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ.
70 കാരനായ വഴിയോര ചായവില്പനക്കാരന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ദുരിതജീവിതമാണ് വീഡിയോയിൽ. ഡൽഹി ദ്വാരക സെക്ടർ 13ന് അടുത്ത് ഒടിവു സംഭവിച്ച കൈയ്യും നട്ടെല്ലുമായാണ് ഈ വൃദ്ധൻ ഭാര്യയ്ക്കൊപ്പം കച്ചവടം നടത്തുന്നത്. മദ്യത്തിനടിമയായ മകൻ ഇദ്ദേഹത്തിന്റെ കൈ തല്ലിയൊടിക്കുകയും ഇദ്ദേഹത്തെയും ഭാര്യയേയും വീട്ടിൽ നിന്നും ഇറക്കിവിടുകയുമായിരുന്നു.
മരുമകന്റെ ക്രൂരമർദ്ദനത്തെ തുടർന്നാണ് വൃദ്ധന്റെ നട്ടെല്ലിന് ക്ഷതമേറ്റത്. ഒടുവിൽ ഒരു ചെറിയ ചായക്കട തുടങ്ങാൻ വൃദ്ധദമ്പതികളെ അവരുടെ മകൾ സഹായിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി തങ്ങൾ വളരെയേറെ ബുദ്ധിമുട്ടിലാണെന്ന് ഇവർ പറയുന്നു. വീഡിയോ വൈറലായതോടെ നിരവധി പേർ ഇവർക്ക് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.