
വെല്ലിംഗ്ടൺ: അരനൂറ്റാണ്ടിന് ശേഷമാണ് ന്യൂസിലാൻഡിൽ ഒരു പാർട്ടി ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി ചരിത്ര വിജയം സൃഷ്ടിക്കുന്നത്. ലേബർ പാർട്ടിയുടെ മിന്നും വിജയത്തിന് പിന്നിലുള്ളതാരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരേയുള്ളൂ,,..ജസിന്ത ആർഡേൻ.
ന്യൂസിലാൻഡിലെ കൊവിഡ് വ്യാപനം രണ്ട് തവണയും ഫലപ്രദമായി നേരിടാൻ കഴിഞ്ഞതോടെ അന്താരാഷ്ട്ര തലത്തിലും ജസിന്ത താരമായി. തിരഞ്ഞെടുപ്പിൽ ജനങ്ങൾ ജസിന്തയെ ചേർത്ത് നിറുത്തിയതിന്റെ പ്രധാന കാരണമിതാണ്. ജസീന്തയുടെ ലേബർ പാർട്ടി 49 ശതമാനത്തോളം വോട്ട് നേടിയാണ് ജയിച്ചത്. പ്രധാന എതിരാളികളായ നാഷണൽ പാർട്ടിയ്ക്ക് 27 ശതമാനം മാത്രമായിരുന്നു വോട്ട് ലഭിച്ചത്. 24 വർഷം മുൻപ് രാജ്യത്ത് ആനുപാതിക വോട്ടിംഗ് സംവിധാനം നിലവിൽ വന്നതിനു ശേഷം ആദ്യമായാണ് ഒരു പാർട്ടി ഒറ്റയ്ക്ക് ഭരണം പിടിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം നേടുന്നത്.മുൻ തെരഞ്ഞെടുപ്പുകളിൽ ചെറു പാർട്ടികളുമായി സഖ്യമുണ്ടാക്കിയായിരുന്നു വലിയ പാർട്ടികൾ സർക്കാർ രൂപീകരിച്ചിരുന്നത്.
മദ്ധ്യ - ഇടതു നിലപാട് സ്വീകരിക്കുന്ന ലേബർ പാർട്ടിയുടെ നയം ജനാധിപത്യ സോഷ്യലിസമാണ്.
ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയനേതാവ് എന്ന നിലയിൽ 2017ലാണ് ജസിന്ത ആഗോളതലത്തിൽ പ്രശസ്തയാകുന്നത്. അന്ന് 37 വയസായിരുന്നു അവരുടെ പ്രായം. 1999ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലേബർ പാർട്ടി അംഗവും ജസിന്തയുടെ അമ്മായിയുമായ മേരി ആർഡേണിനൊപ്പം സഹായിയായി കൂടിയ ജസീന്ത പിന്നീട് സജീവ രാഷ്ട്രീയപ്രവർത്തകയായി.
2001ൽ വൈക്കാറ്റോ സർവകലാശാലയിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ ജസിന്ത ന്യൂസീലാൻഡ് മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്കിന്റെ ഓഫീസിൽ ഗവേഷകയായിരുന്നു. തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെ ഉപദേശകയായി.
2008ൽ ഇന്റർനാഷണൽ യൂണിയൻ ഒഫ് സോഷ്യലിസ്റ്റ് യൂത്ത് അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ജസീന്ത അക്കൊല്ലം തന്നെ ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ദ ചർച്ച് ഒഫ് ജീസസ് ക്രൈസ്റ്റ് ഒഫ് ലാറ്റർ ഡേ സെയ്ന്റ് സഭയിലെ അംഗമായിരുന്നു ജസിന്ത. എന്നാൽ സഭയുടെ നയങ്ങൾ ലൈംഗിക ന്യൂപക്ഷങ്ങൾക്ക് എതിരാണെന്ന കാരണം ചൂണ്ടിക്കാട്ടി 2005ൽ അവർ സഭ വിട്ടു. പിന്നീട്, 2017ൽ താനൊരു നിരീശ്വരവാദിയാണെന്ന് ജസിന്ത പ്രഖ്യാപിച്ചു.