
ന്യൂഡൽഹി: ഭവന വായ്പകൾ തേടുന്നവർക്കായി ഉത്സവകാലത്തോട് അനുബന്ധിച്ച് എസ്.ബി.ഐ പ്രത്യേക പലിശയിളവ് പ്രഖ്യാപിച്ചു. മികച്ച ക്രെഡിറ്റ് (സിബിൽ) സ്കോർ ഉള്ളവർക്ക് 30 ലക്ഷം മുതൽ രണ്ടുകോടി രൂപവരെയുള്ള വായ്പകൾക്ക് 0.20 ശതമാനം പലിശയിളവ് ലഭിക്കും. നേരത്തേ പ്രഖ്യാപിച്ച 0.10 ശതമാനം ഇളവാണ് 0.20 ശതമാനമായി ഉയർത്തിയത്.
ഡൽഹി, മുംബയ്, ബംഗളൂരു അടക്കമുള്ള എട്ട് മെട്രോ നഗരങ്ങളിൽ മൂന്നുകോടി രൂപ വരെയുള്ള ഭവന വായ്പകൾക്ക് ഇളവ് ബാധകമാണ്. എസ്.ബി.ഐയുടെ മൊബൈൽ ആപ്പായ 'യോനോ" വഴിയാണ് വായ്പ നേടുന്നതെങ്കിൽ അധികമായി 0.05 ശതമാനം ഇളവ് കിട്ടും; അതായത് മൊത്തം 0.25 ശതമാനം ഇളവ്. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയ്ക്ക് എസ്.ബി.ഐയിൽ പലിശനിരക്ക് 6.90 ശതമാനമാണ്. 30 ലക്ഷം രൂപയ്ക്കുമേലുള്ളതിന് ഏഴ് ശതമാനവും.
100% ഇളവ്
റീട്ടെയിൽ വായ്പാ ഇടപാടുകാർക്ക് പ്രോസസിംഗ് ഫീസിൽ 100 ശതമാനം ഇളവും ഉത്സവകാലത്തോട് അനുബന്ധിച്ച് എസ്.ബി.ഐ പ്രഖ്യാപിച്ചിരുന്നു. വാഹനം, സ്വർണം, വ്യക്തിഗത വായ്പകൾക്കാണ് ഇതു ബാധകം. വാഹന, വായ്പകൾക്ക് 7.5 ശതമാനം മുതലാണ് പലിശ. സ്വർണ വായ്പ 7.5 ശതമാനം നിരക്കിലും വ്യക്തിഗത വായ്പ 9.6 ശതമാനം നിരക്കിലും നേടാം.