sanjay-dutt

രോഗബാധിതനായതിനെത്തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്ന ബോളിവുഡ് താരം സഞ്ജയ് ദത്ത് താന്‍ രോഗാവസ്ഥയെ അതിജീവിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചു. മക്കളുടെ പിറന്നാള്‍ ദിനത്തിലാണ് തന്റെ കാന്‍സര്‍ ഭേദമായതായി സഞ്ജയ് ദത്ത് അറിയിച്ചത്.

''കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രയാസകരമായ സമയമായിരുന്നു. എന്നാല്‍ അവര്‍ പറയുന്നത് പോലെ, ദൈവം തന്റെ ശക്തരായ പോരാളികള്‍ക്ക് ഏറ്റവും കഠിനമായ യുദ്ധങ്ങള്‍ നല്‍കുന്നു. ഇന്ന്, എന്റെ കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച്, ഈ യുദ്ധത്തില്‍ നിന്ന് വിജയിയായി പുറത്തുവന്നതില്‍ എനിക്ക് സന്തോഷമുണ്ട്, എനിക്ക് കഴിയുന്ന ഏറ്റവും മികച്ച സമ്മാനം അവര്‍ക്ക് നല്‍കാന്‍ കഴിയുന്നു - ഞങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യവും ക്ഷേമവും,'' സഞ്ജയ് ദത്ത് കുറിച്ചു.

ആരാധകരുടെ പിന്തുണയും വിശ്വാസവും ഇല്ലാതിരുന്നെങ്കില്‍ ഇത് സാദ്ധ്യമാകില്ലായിരുന്നുവെന്നും താരം പറയുന്നുണ്ട്. തന്നോടൊപ്പം നിന്ന സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും, ആരാധകര്‍ക്കും, ഡോക്ടര്‍മാര്‍ക്കും സഞ്ജയ് ദത്ത് നന്ദി പറയുകയും ചെയ്യുന്നു. ''മുംബയിലെ കോകിലബെന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കുംദത്ത് നന്ദി പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി എന്നെ നന്നായി പരിപാലിച്ച ഡോ. സേവന്തിയോടും അവരുടെ ടീമിലെ ഡോക്ടര്‍മാരോടും നഴ്സുമാരോടും കോകിലബെന്‍ ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റാഫിനോടും ഞാന്‍ പ്രത്യേകം നന്ദിയുള്ളവനാണ്. വിനയത്തോടെയും നന്ദിയോടെയും'',എന്നു പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

കെജിഎഫ്: ചാപ്റ്റര്‍ 2, ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ, പൃഥ്വിരാജ്, ടോര്‍ബാസ് എന്നിവയുള്‍പ്പെടെയുള്ള ചിത്രങ്ങളിലാണ് ദത്ത് അഭിനയിക്കാനിരിക്കുന്നത്. നാലാം ഘട്ടത്തിലായിരുന്നു നടനെ ബാധിച്ച ശ്വാസകോശ അര്‍ബുദം കണ്ടെത്തിയത്. ചികിത്സാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ കുടുംബം വെളിപ്പെടുത്തിയിട്ടില്ല.