
മാഡ്രിഡ് : ചരിത്ര വഴിയിലെ ഒരു നാഴികക്കല്ലുകൂടി പിന്നിട്ട് ബാഴ്സലോണയുടെ ഇതിഹാസതാരം ലയണൽ മെസി പുതിയ സീസൺ ചാമ്പ്യൻസ് ലീഗിന് തുടക്കമിട്ടു.കഴിഞ്ഞ രാത്രി ദുർബലരായ ഹംഗേറിയൻ ക്ളബ് ഫെറെൻസ്‌വാറോസിനെ ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തിൽ 5-1ന് ബാഴ്സലോണ കീഴടക്കിയപ്പോൾ അതിൽ ആദ്യ ഗോൾ മെസിയുടെ വകയായിരുന്നു. ഇതോടെ തുടർച്ചയായി 16 ചാമ്പ്യൻസ് ലീഗ് സീസണുകളിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കാഡ് മെസിയുടെ പേരിൽ കുറിക്കപ്പെട്ടു.
ബാഴ്സലോണയെക്കൂടാതെ ഇറ്റാലിയൻ ക്ളബുകളായ യുവന്റസും ലാസിയോയും ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡും കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളായി അട്ടിമറി സൃഷ്ടിച്ച ആർ.ബി ലെയ്പ്സിഗും ആദ്യ റൗണ്ട് മത്സരത്തിൽ വിജയം കണ്ടു. യുവന്റസ് എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ഉക്രേനിയൻ ക്ളബ് ഡൈനമോ കീവിനെ കീഴടക്കിയപ്പോൾ കഴിഞ്ഞ ഫൈനലിസ്റ്റുകളായ പാരീസ് എസ്.ജിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചത്. ലാസിയോ 3-1ന് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ കീഴടക്കിയപ്പോൾ ചെൽസി സ്പാനിഷ് ക്ളബ് സെവിയ്യയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. തുർക്കി ക്ളബ് ഇസ്താംബുൾ ബസാക്ക്സെഹിറിനെയാണ് ലെയ്പ്സിഗ് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് മറികടന്നത്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 27-ാം മിനിട്ടിൽ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെയാണ് മെസി ചരിത്രത്തിലേക്ക് ഗോളിച്ചുകയറിയത്. ചാമ്പ്യൻസ് ലീഗിലെ മെസിയുടെ 116-ാമത്തെ ഗോളായിരുന്നു ഇത്. മെസി ഗോൾ നേടുന്ന 38-ാമത്തെ യൂറോപ്യൻ ക്ളബാണ് ഫെറെൻസ്‌വാറോസ്. 25 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫെറെൻസ്‌വാറോസ് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയത്.
യുവതാരം അൻസു ഫറ്റി (42-ാം മിനിട്ട്),ഫിലിപ്പ് കുടീഞ്ഞോ (52),പെട്രി(82),ഡെംബെലെ(89) എന്നിവരാണ് ബാഴ്സലോണയ്ക്ക് വേണ്ടി മറ്റുഗോളുകൾ നേടിയത്. 70-ാം മിനിട്ടിൽ ബാഴ്സലോണ ഡിഫൻഡർ ജെറാഡ് പിക്വെ ബോക്സിനുള്ളിലെ ഫൗളിന് നേരിട്ട് ചുവപ്പുകാർഡ് ഏറ്റുവാങ്ങി പുറത്തേക്കു നടന്നു. ഇതിന് ലഭിച്ച പെനാൽറ്റിയാണ് ഖരാറ്റിൻ ഹംഗേറിയൻ ക്ളബിന്റെ ആശ്വാസഗോളാക്കി മാറ്റിയത്.
ഈ വിജയത്തോടെ ബാഴ്സലോണ ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനത്താണ്. അൽവാരോ മൊറാട്ടയുടെ ഇരട്ടഗോളുകൾക്ക് ഡൈനമോ കീവിനെ തോൽപ്പിച്ച യുവന്റസാണ് രണ്ടാം സ്ഥാനത്ത്. 46,84 മിനിട്ടുകളിലായിരുന്നു മൊറാട്ടയുടെ ഗോളുകൾ.
പാരീസിനെതിരായ മത്സരത്തിൽ സ്വന്തം താരങ്ങൾ മൂന്നുഗോളടിച്ചിട്ടും 2-1നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. പാരീസിൽ ചെന്ന് 23-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റിയിലൂടെ മാഞ്ചസ്റ്റർ മുന്നിലെത്തിയിരുന്നു. എന്നാൽ 55-ാം മിനിട്ടിൽ മാർക്കസ് റാഷ്ഫോർഡിന്റെ പിഴവിൽ സ്വന്തം വലയിൽ പന്തുപതിച്ചതോടെ കളി സമനിലയിലായി. 87-ാം മിനിട്ടിൽ അന്തോണി മാർഷലാണ് വിജയഗോൾ നേടിയത്.
മത്സരഫലങ്ങൾ
ബാഴ്സലോണ 5 - ഫെറെൻസ്‌വാറോസ് 1
യുവന്റസ് 2- ഡൈനമോ കീവ് 0
ചെൽസി 0- സെവിയ്യ 0
മാൻ.യുണൈറ്റഡ് 2- പി.എസ്.ജി 1
ലാസിയോ 3 - ഡോർട്ട്മുണ്ട് 1
ലെയ്പ്സിഗ് 2- ബസാക്ക്സെഹിർ 0
റെന്നെ 1-ക്രാസ്നോദർ 1
ബ്രൂഗെ 2- സെനിത്ത് 1