
ദുബായ്: കാണികൾ ഇല്ലെങ്കിലും ഐ.പി.എല്‍ ആവേശത്തിന് കുറവെന്നുമില്ല. മൈതാനത്തെ പ്രകടനങ്ങള്‍ കുട്ടിക്രിക്കറ്റിന്റെ ആവേശം ഇത്തവണയും ഉയര്‍ത്തുന്നുണ്ട്. പക്ഷേ കാണികൾ തിങ്ങി നിറഞ്ഞ ഗ്യാലറികളിലെ ആവേശമുഖങ്ങള്‍ ഇത്തവണയില്ല. എന്നാല്‍ ഞായറാഴ്ച നടന്ന മുംബയ് ഇന്ത്യന്‍സ്-കിംഗ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ അത്തരമൊരു ആവേശമുഖഭാവം ക്യാമറക്കണ്ണില്‍ പതിഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ചില കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാറുണ്ട്. സുരക്ഷാ മാര്‍ഗങ്ങളെല്ലാം പാലിച്ച് ഫ്രാഞ്ചൈസിയുടെ ഭാഗമായി വരുന്ന ആരാധകര്‍. അക്കൂട്ടത്തിലെത്തിയ ഒരു പെണ്‍കുട്ടിയാണ് ക്രിക്കറ്റ് ആരാധകരുടെ മനസ് കവര്‍ന്ന് വൈറലായത്. ടൈ ആയ മത്സരത്തില്‍ രണ്ടാം സൂപ്പര്‍ ഓവറിലാണ് പഞ്ചാബ് വിജയിച്ചത്. സൂപ്പര്‍ ഓവറിനിടയിലെ പെണ്‍കുട്ടിയുടെ ഭാവമാണ് ക്യാമറയില്‍ പതിഞ്ഞത്.
ആ നോട്ടം വൈറലായതോടെ പെണ്‍കുട്ടിയെ സമൂഹമാദ്ധ്യമം തന്നെ കണ്ടെത്തി. ഇരുപത്തിമൂന്നുകാരിയായ റിയാനാ ലാല്‍വാനി എന്ന പഞ്ചാബി പെണ്‍കുട്ടിയാണ് ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ താരമായത്. സമൂഹമാദ്ധ്യമത്തില്‍ നല്‍കിയിരിക്കുന്ന വിവരമനുസരിച്ച് ദുബായിലെ ജുമൈറ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു റിയാനാ. ഇപ്പോള്‍ ഇംഗ്ലണ്ടിലെ കോവെന്‍ട്രിയിലെ വാര്‍വിക് സര്‍വകലാശാലയില്‍ ബിരുദപഠനം നടത്തുന്നു.