
ബീജിംഗ് : ഒരു വർഷത്തിലേറെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ന്യൂഡിൽസ് ഉപയോഗിച്ച് സൂപ്പ് ഉണ്ടാക്കി കഴിച്ച ഒരു കുടുംബത്തിലെ ഒമ്പത് പേർ ഭക്ഷ്യവിഷബാധ മൂലം മരിച്ചു. ചൈനയിലെ ഹെയ്‌ലോംഗ്ജിയാംഗ് പ്രവിശ്യയിലാണ് സംഭവം. പുളിച്ച ധാന്യമാവ് കൊണ്ട് ഉണ്ടാക്കുന്ന കട്ടികൂടിയ സുവാൻ ടാംഗ് ഷി എന്ന ന്യൂഡിൽസ് വിഭവം ഒക്ടോബർ 5നാണ് പ്രഭാത ഭക്ഷണമായി 12 അംഗ കുടുംബം ഭക്ഷിച്ചത്.
മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവരിൽ അസ്വസ്ഥതകൾ പ്രകടമായി. ഒക്ടോബർ 10നകം ഏഴ് പേർ മരിച്ചു. ഒമ്പതാമത്തെയാൾ കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. വീട്ടിൽ തന്നെ ഉണ്ടാക്കിയ ന്യൂഡിൽസ് ഒരു വർഷത്തോളമായി ഫ്രീസറിൽ സൂക്ഷിച്ചിരുന്നതാണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂഡിൽസ് സൂപ്പിൽ ' ബോംഗ്‌ക്രെകിക് ആസിഡ് ' എന്ന പദാർത്ഥത്തിന്റെ അളവ് കൂടിയതാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു. മരിച്ചവരുടെ ശരീരത്തിൽ ഇതിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.