
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ചൈനയിൽ നിക്ഷേപമിറക്കാനുള്ള പദ്ധതിയുണ്ടായിരുന്നുവെന്നും ചൈനയിൽ അദ്ദേഹത്തിന് ബാങ്ക് അക്കൗണ്ടുണ്ടെന്നും വെളിപ്പെടുത്തി ന്യൂയോർക്ക് ടൈംസ്. ചൈന കൂടാതെ ബ്രിട്ടൻ, അയർലാൻഡ് എന്നിവിടങ്ങളിലും ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
കൊവിഡ് രാജ്യത്ത് ശക്തിപ്രാപിച്ചതിന് പിന്നാലെ നിരന്തരം ചൈനക്കെതിരെ ആരോപണങ്ങളും നടപടികളുമായി ട്രംപ് രംഗത്തെത്തിയിരുന്നു. എതിർ സ്ഥാനാർത്ഥി ജോ ബൈഡന് ചൈനയോട് മൃദു സമീപനമാണെന്നും അദ്ദേഹം പ്രചാരണങ്ങളിൽ ആവർത്തിച്ചു.
ചൈനയിൽ അടക്കം പല വിദേശരാജ്യങ്ങളിലും ആഡംബര ഹോട്ടൽ ശൃംഖലകളുള്ളയാളാണ് ട്രംപ്. 2012 മുതൽ ട്രംപിന്റെ ചൈനീസ് അക്കൗണ്ട് നിയന്ത്രിച്ചിരുന്ന ഷാങ്ഹായിലുള്ള ട്രംപ് ഇന്റർനാഷണൽ ഹോട്ടൽസ് മാനേജ്‌മെന്റ് എൽ.എൽ.സി എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 2013നും 2015നും ഇടയിൽ 1.8 ലക്ഷം യു.എസ് ഡോളർ നികുതിയായി മാത്രം ചൈനയിൽ അടച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, പ്രാദേശിക നികുതികൾ അടയ്ക്കാൻ വേണ്ടിയാണ് ചൈനയിൽ ട്രംപ് ഓർഗനൈസേഷൻ ബാങ്ക് അക്കൗണ്ട് ആരംഭിച്ചതെന്ന് കമ്പനി വക്താവ് അലൻ ഗാർടൻ വെളിപ്പെടുത്തി. 2015 ഓടു കൂടി പദ്ധതി നടപ്പിലാകാതെ വന്നതോടെ ബാങ്ക് അക്കൗണ്ട് നിർജീവമായി. ഏതു ബാങ്കിലാണ് അക്കൗണ്ട് ഉള്ളത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.