
'ആക്ഷൻ ഹീറോ ബിജു' എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയ അനു ഇമ്മാനുവലിനെ മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ അനു ഇമ്മാനുവലിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അതിസുന്ദരിയായാണ് അനു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 'സ്വപ്നസഞ്ചാരി' എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി വേഷമിട്ടാണ് മലയാള സിനിമയിലേക്കുള്ള അനുവിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് 'ആക്ഷൻ ഹീറോ ബിജു'വിലൂടെയാണ് അനു നായികയായി മാറുന്നത്. മിഷ്‌കിൻ സംവിധാനം ചെയ്ത വിശാൽ ചിത്രം 'തുപ്പരിവാളനി'ലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. എന്നാൽ തമിഴിനേക്കാളും ശ്രദ്ധിക്കപ്പെട്ടത് അനു അഭിനയിച്ച തെലുങ്ക് ചിത്രങ്ങളാണ്. നാനി നായകനായ 'മജ്നു' ആയിരുന്നു അനുവിന്റെ ആദ്യ തെലുങ്ക് ചിത്രം. തുടർന്ന്, സൂപ്പർതാരങ്ങളായ പവൻ കല്യാണിനൊപ്പം 'അജ്ഞാതവാസി', അല്ലു അർജ്ജുനൊപ്പം 'നാ പേരു സൂര്യ നാ ഇല്ലൂ ഇന്ത്യ', നാഗ ചൈതന്യക്കൊപ്പം 'ഷൈലജ റെഡ്ഡി അല്ലുഡു' തുടങ്ങിയ ചിത്രങ്ങളിലും അനു നായികയായി അഭിനയിച്ചു. ശിവകാർത്തികേയനൊപ്പം അഭിനയിച്ച 'നമ്മ വീട്ടു പിള്ളൈ' എന്ന തമിഴ് ചിത്രത്തിലാണ് ഒടുവിൽ അനുവിനെ കണ്ടത്. അമേരിക്കയിലെ ചിക്കാഗോയിലാണ് അനുവിന്റെ ജനനം. അച്ഛൻ തങ്കച്ചൻ ഇമ്മാനുവൽ മലയാള സിനിമാ നിർമ്മാതാവായിരുന്നു.