sports-council

തിരുവനന്തപുരം : വിരമിച്ച് വർഷം ഒന്നര കഴിഞ്ഞിട്ടും അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെ നട്ടം തിരിയുകയാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിലെ പെൻഷൻകാർ. ജോലി ചെയ്തിരുന്ന സമയത്ത് വൈകി മാത്രം ശമ്പളം നൽകിയിരുന്ന കൗൺസിലിന്റെ കെടുകാര്യസ്ഥത പെൻഷൻകാര്യത്തിലും ആവർത്തിച്ചതോടെ ഭവനവായ്‌പയും മറ്റ് കുടുംബഭാരങ്ങളുമൊക്കെ തീർക്കാൻ കാത്തിരുന്നവർ പെരുവഴിയിലായി.

2019ലാണ് കൗൺസിലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാർ വിരമിച്ചത്; .20തിലധികം പേർ. ഗ്രാറ്റുവിറ്റി,പെൻഷൻ കമ്മ്യൂട്ടേഷൻ, ലീവ് സറണ്ടർ എന്നിവ കൂടാതെ 62മാസത്തെ ശമ്പളപരിഷ്കരണ കുടിശികയും ഇവർക്ക് നൽകാനുണ്ട്. 4.75 കോടിയോളം രൂപയാണ് ഇതിന് വേണ്ടിവരിക. ഇതിന് മുമ്പ് വിരമിച്ചവർക്കും കുടിശിക നൽകിയിട്ടില്ലാത്തതിനാൽ വലിയ ബാദ്ധ്യതയാണ് കൗൺസിലിന് ഇപ്പോഴുള്ളത്.

ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ സർക്കാരിലേക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കൗൺസിൽ നിയമനങ്ങളിൽ സ്പെഷ്യൽ റൂൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് കായികവകുപ്പിൽ നിന്നുയർന്ന ചോദ്യത്തിന് മറുപടി നൽകാൻ വൈകുന്നതിനാലാണ് പെൻഷൻകാർക്ക് കാത്തിരിക്കേണ്ടിവന്നത്.

ഉദ്യോഗസ്ഥതലത്തിൽ കാട്ടുന്ന അലംഭാവം കാരണം തങ്ങളുടെ ജീവിതം ഇരുട്ടിലായതിനെക്കുറിച്ച് കൗൺസിലിലെ പെൻഷൻകാരുടെ സംഘടന കായികമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് പലതവണ കൗൺസിൽ തലപ്പത്ത് ബന്ധപ്പെട്ടെങ്കിലും ഫയൽ നീങ്ങിയിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി.