
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഒന്ന് മുതൽ പൂജ്യം വരെ. രഘുനാഥ് പലേരി തിരക്കഥ എഴുതി സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, ഗീതു മോഹൻദാസ്, ആശ ജയറാം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗീതു മോഹൻദാസിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോൾ, 34 വർഷങ്ങൾക്കു ശേഷം ആ ചിത്രത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് ഗീതു മോഹൻദാസ്. ചിത്രത്തിലെ സ്‌കൂൾ ഫോട്ടോയാണ് ഗീതു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. എന്നാൽ അതിൽ മറ്റൊരു താരം കൂടിയുണ്ട്. അത് മറ്റാരുമല്ല, ഗീതുവിന്റെ അടുത്ത സുഹൃത്ത് കൂടിയായ പൂർണിമ ഇന്ദ്രജിത്താണ്. പൂർണിമയും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. പിന്നീട് ബെസ്റ്റ് ഫ്രണ്ട്സായി അവർ സന്തോഷത്തോടെ ജീവിച്ചു എന്ന അടിക്കുറിപ്പോടെയാണ് പൂർണിമ ചിത്രം പങ്കുവച്ചത്. ചിത്രത്തിനു താഴെ പൂർണിമ എവിടെ എന്ന ചോദ്യങ്ങളാണ് ആരാധകർ ചോദിച്ചിരിക്കുന്നത്. കണ്ടുപിടിക്കാനാണ് പൂർണിമ പറഞ്ഞിരിക്കുന്നത്. പലരും പല അഭിപ്രായങ്ങളുമായാണ് എത്തിയിരിക്കുന്നത്. ചിത്രത്തിൽ പൂർണിമയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ആരാധകർ. അച്ഛൻ മരിച്ചു പോയ നാലുവയസുകാരി ദീപ മോളുടെയും അവളുടെ അമ്മയുടെയും(അലീന) കഥയാണ് ചിത്രം പറയുന്നത്. ആരും വരാനില്ലാത്ത അവരുടെ വീട്ടിലെത്തുന്ന ഓരോ ഫോൺ കോളുകളും ദീപ മോൾ അവളുടെ അച്ഛന്റേതായിരിക്കും എന്നും അവളുടെ അച്ഛൻ എപ്പോഴെങ്കിലും ഒരിക്കൽ അവളെ വിളിക്കുമെന്നും കരുതുന്നു. ബന്ധുക്കളാരുമില്ലാതെ തികച്ചും ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന അവർക്കിടയിൽ അതിഥിയായെത്തുന്നത് വഴിമാറിയെത്തുന്ന ഫോൺ കോളുകളും കൂടാതെ ദീപ മോൾ അവളുടെ അമ്മയറിയാതെ അച്ഛനോട് സംസാരിക്കാമെന്ന പ്രതീക്ഷയിൽ ക്രമം തെറ്റിച്ചു വിളിക്കുന്ന ഫോൺ സംഭാഷണങ്ങളും മാത്രമായിരുന്നു. ഒരിക്കലും നേരിൽ കാണാതെ പേര് പോലും വെളിപ്പെടുത്താതെ ആ സൗഹൃദം തുടരുമ്പോൾ തന്നെ ദീപ മോൾ അവളുടെ അച്ഛനോളം അയാളെ സ്‌നേഹിച്ചു തുടങ്ങിയിരുന്നുവെന്ന് അലീന തിരിച്ചറിഞ്ഞിരുന്നു. പിന്നെപ്പിന്നെ ആരെയും പ്രതീക്ഷിക്കാനില്ലാത്ത അവരുടെ ഒറ്റപ്പെട്ട ജീവിതത്തിൽ ദീപ മോളോടൊപ്പം അലീനയും ടെലിഫോൺ അങ്കിളിന്റെ ഫോൺ വിളികൾക്കായി കാത്തിരുന്നു. ഒടുവിൽ അയാൾ ദീപ മോളുടെ പിറന്നാൾദിവസം രാത്രി അവരുടെ വീട്ടിലേക്ക് വന്നു. ഈ വരവ് അലീനയ്ക്ക് ഒരു പുതിയ ജീവിതത്തിന്റെ പ്രതീക്ഷ നൽകിയെങ്കിലും, അതു വ്യർത്ഥമായിരുന്നു. രഘുനാഥ് പലേരിയുടെ തന്നെ ആകാശത്തേക്കൊരു ജാലകം എന്ന ചെറുകഥയെ ആസ്പദമാക്കി ചിത്രീകരിച്ച ഈ ചിത്രം സംവിധായകനുൾപ്പെടെ പലരുടെയും ആദ്യ സംരംഭമായിരുന്നു. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഗീതുവിനെ തേടിയെത്തി.