
ഗെയ്ൽ ഈ വീടിന്റെ ഐശ്വര്യമെന്ന് ഇനിയെങ്കിലും പ്രീതിസിന്റയ്ക്ക് ഒരു ബോർഡ് വച്ചുകൂടേ എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്ന ചോദ്യം.
അഞ്ചുകളികൾ തുടർച്ചയായി തോറ്റിരുന്ന പഞ്ചാബ് കിംഗ്സ് ഇലവൻ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയം നേടാൻ കാരണമായത് ക്രിസ് ഗെയ്ലിന്റെ സാന്നിദ്ധ്യം കൊണ്ടാണെന്നാണ് ആരാധകർ പറയുന്നത്. . അന്ധവിശ്വാസങ്ങൾ ക്രിക്കറ്റിൽ ഒരുപാടുണ്ടെങ്കിലും ഗെയ്ലിനെ പഞ്ചാബ് ഭാഗ്യചിഹ്നമായി അംഗീകരിക്കേണ്ട സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്. കാരണം ആദ്യ ഏഴ് മത്സരങ്ങളിൽ ഗെയ്ൽ പുറത്തിരുന്നപ്പോൾ പഞ്ചാബിന് ജയിക്കാൻ കഴിഞ്ഞത് ഒറ്റക്കളിമാത്രം. എന്നാൽ ഗെയ്ൽ ടീമിലെത്തിയശേഷം എല്ലാത്തിലും ജയിച്ചു.
ഈ സീസണിലെ പഞ്ചാബിന്റെ ആദ്യ മത്സരം തന്നെ തോൽവിയോടെയായിരുന്നു, ഡൽഹി ക്യാപിറ്റൽസിനോട് സൂപ്പർ ഓവറിൽ. തുടർന്ന് ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെ 97 റൺസിന് തകർത്തു. സെഞ്ച്വറിയുമായി തകർത്താടിയ നായകൻ രാഹുലും മായാങ്ക് അഗർവാളുമൊക്കെചേർന്ന് ഈ സീസണിൽ പഞ്ചാബിനായി അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് ബന്നിനുപിന്നാലെ ഒന്നായി അഞ്ചുകളികൾ പഞ്ചാബ് തോൽക്കുന്നതാണ് കണ്ടത്. രാജസ്ഥാനും മുംബയ് ഇന്ത്യൻസും ചെന്നൈ സൂപ്പർകിംഗ്സും സൺറൈസേഴ്സും കൊൽക്കത്തയും തങ്ങളെ തോൽപ്പിച്ച് കഴിഞ്ഞപ്പോഴാണ് ഗെയ്ലിന് ഒരവസരം നൽകാൻ ടീം മാനേജ്മെന്റ് തയ്യാറായത്.
ഗെയ്ൽ ഇംപാക്ട്
ബാംഗ്ളൂരിനെതിരെയാണ് ഗെയ്ൽ ആദ്യ മത്സരത്തിനിറങ്ങിയത്. ബാംഗ്ളൂർ നൽകിയ 172 റൺസിന്റെ ലക്ഷ്യം മറികടക്കാൻ ടീമിനെ സഹായിച്ചത് ഗെയ്ലിന്റെ അർദ്ധസെഞ്ച്വറിയാണ്. വിജയത്തിന്ശേഷം തന്നെ സ്വയം വിശേഷിപ്പിക്കുന്ന യൂണിവേഴ്സൽ ബോസ് എന്ന പേര് ബാറ്റിൽ പതിപ്പിച്ചത് ക്യാമറയ്ക്ക് നേരേ ഉയർത്തിക്കാട്ടുകയും ചെയ്തു ഗെയ്ൽ.
രണ്ടാം മത്സരത്തിൽ മുംബയ്ക്ക് എതിരെ രണ്ടാം സൂപ്പർ ഓവറിൽ ആദ്യപന്തിൽത്തന്നെ ഗെയ്ൽ സിക്സടിച്ചതാണ് വിജയത്തിന് വഴിയൊരുക്കിയത്. അഞ്ചു റൺസ് മാത്രം പിറന്ന ആദ്യ സൂപ്പർ ഓവർ നൽകിയ സമ്മർദ്ദം മുഴുവൻ അലിയിച്ചുകളയുന്നതായിരുന്നു ആ സിക്സ്.
മൂന്നാം മത്സരത്തിൽ ഡൽഹിക്കെതിരായ ചേസിംഗിൽ തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ ഒരോവറിൽ 26 റൺസാണ് ഗെയ്ൽ അടിച്ചുകൂട്ടിയത്. വൈകാതെ ഗെയ്ൽ പുറത്തായെങ്കിലും ചുരുങ്ങിയ സമയംകൊണ്ട് അദ്ദേഹം ഉണർവ് നൽകി.13 പന്തുകളിൽ 29 റൺസാണ് ഗെയ്ൽ നേടിയത്.
എന്തുകൊണ്ട് ഗെയ്ൽ
1. ട്വന്റി-20 ക്രിക്കറ്റിൽ ക്രിസ് ഗെയ്ലിനോളം അപകടകാരിയായ ഒരു ബാറ്റ്സ്മാനില്ല.ഷോട്ട് സെലക്ഷനുകളിലെ അലസത ഒഴിച്ചുനിറുത്തിയാൽ ഏത് ബൗളറെയും ഗാലറിക്ക് മുകളിലേക്ക് പറപ്പിക്കാൻ ഗെയ്ലിന് കഴിയും.
2.ഗെയ്ലിന്റെ സാന്നിദ്ധ്യം സ്വന്തം ടീമിന് നൽകുന്ന ആത്മവിശ്വാസവും എതിരാളിക്ക് നൽകുന്ന ഭയവും വളരെ വലുതാണ്.
3. കുറച്ചുമത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്നത് ഗെയ്ലിന്റെ മത്സരബുദ്ധി വളർത്തിയിട്ടുണ്ട്.ആദ്യ അവസരത്തിൽ തുടക്കത്തിലേ വമ്പനടിക്ക് ശ്രമിക്കാതെ ഡിഫൻഡ് ചെയ്ത് താളം കണ്ടെത്തിയശേഷം മാത്രം വലിച്ചടിച്ചത് വെറുതേ പുറത്തായി മടങ്ങേണ്ടിവരരുത് എന്ന വാശിയുള്ളതിനാലായിരുന്നു.
4.ഓപ്പണിംഗിൽ രാഹുലും മയാങ്കുമുള്ളതിനാൽ ഫസ്റ്റ്ഡൗൺ പൊസിഷനാണ് ഗെയ്ലിന് നൽകിയിരിക്കുന്നത്. അതുകൊണ്ട് പവർപ്ളേയ്ക്ക് ശേഷമെത്തി പതിയെത്തുടങ്ങി കത്തിപ്പടരാൻ സമയം ലഭിക്കും.