
ഭോപ്പാൽ: മദ്ധ്യപ്രദേശ് മന്ത്രി ഇമർതി ദേവിക്കെതിരെ നടത്തിയ 'ഐറ്റം' പരാമർശത്തിൽ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കമൽനാഥിനോട് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. 48 മണിക്കൂറിനകം വിശദീകരണം സമർപ്പിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു.
മദ്ധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്. വിദ്വേഷം സൃഷ്ടിക്കുന്നതോ വിഭാഗീയത ഉയർത്തുന്ന തരത്തിലുള്ളതോ ആയ പ്രവർത്തനങ്ങളോ പരാമർശങ്ങളോ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കളുടേയും ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നാണ് ചട്ടം. കമൽനാഥ് ഈ ചട്ടം ലംഘിച്ചോ എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കുന്നത്.
നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗ്വാളിയറിലെ ദാബ്രയിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് മന്ത്രിക്കെതിരെ കമൽനാഥ് ഇത്തരമൊരു പരാമർശം നടത്തിയത്.
അടുത്തിടെ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോൺഗ്രസിൽനിന്ന് കൂറുമാറി ബി.ജെ.പിയിലെത്തിയ നേതാക്കളിലൊരാളാണ് മന്ത്രി ഇമർതി ദേവി.
പരാമർശം വിവാദമായതോടെ കമൽനാഥ് ഖേദം പ്രകടിപ്പിച്ചിരുന്നു.
സംഭവത്തിൽ ദേശീയ വനിതാകമ്മിഷനും കമൽനാഥിനോട് വിശദീകരണം തേടിയിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ബി.ജെ.പി. സംസ്ഥാന നേതൃത്വവും കമൽനാഥിനെതിരേ പ്രതിഷേധിക്കുകയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തു.
നവംബർ മൂന്നിനാണ് മദ്ധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്.