pic

കോയമ്പത്തൂര്‍: മകളെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് ശല്യം ചെയ്ത മദ്ധ്യവയസ്ക്കനെ അമ്മയും മകളും ചേർന്ന് കെട്ടിയിട്ട് അടിച്ചുകൊന്നു. എന്‍.പെരിയസാമി എന്ന 50കാരനെയാണ് ഫോൺ വിളിച്ച് അശ്ലീലം പറഞ്ഞതിന്റെ പേരിൽ 32 കാരിയായ ധനലക്ഷ്മിയും അമ്മ മല്ലികയും ചേർന്ന് മരത്തിൽ കെട്ടിയിട്ട് അടിച്ചു കൊന്നത്.

കഴിഞ്ഞയാഴ്ചയാണ് ഒരു അജ്ഞാത നമ്പറിൽ നിന്ന് ധനലക്ഷ്മിക്ക് ഫോണ്‍ കോള്‍ വന്നത്. ആളുമാറിയെന്നും തിരികെ വിളിക്കരുതെന്നും പറഞ്ഞിട്ടും ഇയാള്‍ തുടര്‍ച്ചയായി വിളിച്ച് ശല്യം ചെയ്തുകൊണ്ടിരുന്നു.ഫോൺ വിളി തുടർന്ന ഇയാൾ പിന്നീട് അശ്ലീലം പറഞ്ഞതോടെ ധനലക്ഷ്മി കാര്യം അമ്മയെ അറിയിക്കുകയായിരുന്നു. തുടർന്ന് ആളെ തിരിച്ചറിയാനായി ഇരുവരും ഇയാളെ വീട്ടിലേക്ക് ക്ഷണിക്കുകയും വീട്ടിലെത്തിയ ഇയാളെ മരത്തില്‍ കെട്ടിയിട്ട് ഇരുവരും ചേര്‍ന്ന് കെെയ്യേറ്റം ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ പെരിയസാമിയുടെ തലയ്ക്കും കാലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റു.പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

ഇരുവരും ചേര്‍ന്ന് മൃതദേഹം അടുത്തുളള റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുപോയി കളയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ധനലക്ഷ്മിയ്ക്കും അമ്മയ്ക്കുമെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.