
അബുദാബി : സീസണിലെ ഏറ്റവും വലിയ ബാറ്റിംഗ് തകർച്ച നേരിട്ട കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് എട്ടുവിക്കറ്റിന് ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനോട് ദാരുണമായി തോറ്റു.
ഇന്നലെ അബുദാബിയിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഷാറൂഖ് ഖാന്റെ ടീം 20 ഒാവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ ആകെ നേടിയത് 84 റൺസാണ്. മൂന്ന് വിക്കറ്റ് നേടിയ പേസർ മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് നേടിയ സ്പിന്നർ യുസ്വേന്ദ്ര ചഹലും ഓരോ വിക്കറ്റ് വീഴ്ത്തിയ സെയ്നിയും വാഷിംഗ്ടൺ സുന്ദറും ചേർന്നാണ് കൊൽക്കത്തയെ കത്തിച്ചു കരിക്കട്ടയാക്കിയത്. മറുപടിക്കിറങ്ങിയ ബാംഗ്ളൂർ 13.3 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ദേവ്ദത്ത് പടിക്കൽ (25),ആരോൺ ഫിഞ്ച് (16) എന്നിവർ പുറത്തായ ശേഷം ഗുർക്കീരത്ത് സിംഗ് (21 നോട്ടൗട്ട്),ക്യാപ്ടൻ വിരാട് കൊഹ്ലി ((18 നോട്ടൗട്ട്) എന്നിവർ ചേർന്ന് ബാംഗ്ളൂരിന് ഈസി വിക്ടറി സമ്മാനിക്കുകയായിരുന്നു.
ക്രിസ് മോറിസിന്റെ മെയ്ഡനായ ആദ്യ ഓവറിന് ശേഷം സിറാജ് അടുത്തടുത്തപന്തുകളിൽ രാഹുൽ ത്രിപാതിയെയും നിതീഷ് റാണയെയും പുറത്താക്കിയാണ് ബാംഗ്ളൂരിന്റെ ഗർജനം തുടങ്ങിയത്. പിന്നെ വഴിക്കുവഴിയായി വിക്കറ്റുകൾ പൊഴിഞ്ഞുകൊണ്ടേയിരുന്നു. സ്കോർബോർഡ് ഇഴയാനും തുടങ്ങി.നായകൻ ഇയോൻ മോർഗൻ(30),ടോം ബാന്റൺ(10),ലോക്കീ ഫെർഗൂസൺ(19*), കുൽദീപ് (12) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്.
ഈ വിജയത്തോടെ 10 കളികളിൽ നിന്ന് 14 പോയിന്റായ ബാംഗ്ളൂർ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.10 പോയിന്റുള്ള കൊൽക്കത്ത അഞ്ചാം സ്ഥാനത്താണ്.
4-2-8-3
മുഹമ്മദ് സിറാജിന്റെ ബൗളിംഗ് കണക്ക്. നാലോവറിൽ വഴങ്ങിയത് എട്ടുറൺസ് മാത്രം. ആദ്യ മൂന്നോവറിൽ രണ്ട്റൺസ് മാത്രം നൽകി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. സിറാജിന്റെ ഐ.പി.എല്ലിലെ ഏറ്റവും മികച്ച പെർഫോമൻസ്.ഐ.പി.എൽ ചരിത്രത്തിൽ അടുത്തടുത്ത് രണ്ട് മെയ്ഡൻ ഓവറുകൾ എറിയുന്ന ആദ്യ ബൗളറായും സിറാജ് ചരിത്രം സൃഷ്ടിച്ചു.
ഐ.പി.എല്ലിലെ കൊൽക്കത്തയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണിത്. 2008 സീസണിൽ മുംബയ് ഇന്ത്യൻസിനെതിരെ 67 റൺസിൽ ആൾഔട്ടായിരുന്നു.
49/10
ഐ.പി.എല്ലിലെ ഏറ്റവും ചെറിയ സ്കോറിന് ഉടമകൾ ബാംഗ്ളൂരാണ്.2017 സീസണിൽ കൊൽക്കത്തയോട് അവർ 49 റൺസിന് ആൾഔട്ടായിരുന്നു.
കൊൽക്കത്തയുടെ വീഴ്ച ഇങ്ങനെ
3/1 - (1.3 ഓവർ) സിറാജിന്റെ ബൗളിംഗിൽ രാഹുൽ ത്രിപാതി (1)കീപ്പർ ക്യാച്ച് നൽകി.
3/2 - (1.4ഓവർ) സിറാജിന്റെ അടുത്ത പന്തിൽ നിതീഷ് റാണ(0) ബൗൾഡ്.
3/3 - (2.2) ശുഭ്മാൻ ഗിൽ (1) സൈനിയുടെ ബൗളിംഗിൽ മോറിസിന് ക്യാച്ച് നൽകി.
14/4 - (3.3) ടോം ബാന്റൺ(10) സിറാജിന്റെ പന്തിൽ ഡിവില്ലിയേഴ്സിന് ക്യാച്ച് നൽകി.
32/5 - (8.4) ദിനേഷ് കാർത്തിക്കിനെ(4) ചഹൽ എൽ.ബിയിൽ കുരുക്കി.
40/6- (12.3) കമ്മിൻസിനെ (4)ചഹൽ ദേവ്ദത്തിന്റെ കയ്യിലെത്തിച്ചു.
57/7- (15.4) മോർഗൻ (30) സുന്ദറിന്റെ പന്തിൽ ഗുർക്കീരത്തിന്ക്യാച്ച് നൽകി.
84/8 - (20) കുൽദീപ് (12 )റൺഔട്ടായി.