
മുസാഫർനഗർ : പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ഗ്രാമങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ഗ്രാമങ്ങളിലെ വീടുകൾക്ക് മുന്നിൽ പെൺമക്കളുടെ പേരെഴുതിയ നെയിംപ്ലേറ്റ് സ്ഥാപിച്ച് നൂറുകണക്കിന് കുടുംബങ്ങൾ. രണ്ട് മാസം മുമ്പ് വനിതാ - ശിശുവികസന വകുപ്പ് ആരംഭിച്ച ഒരു അവബോധ കാമ്പെയ്നിന്റെ ഭാഗമായിട്ടാണിത്.
പെൺമക്കളോടുള്ള ആദരസൂചകമായാണ് വീടുകൾക്ക് മുന്നിൽ നെയിംപ്ലേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. കാമ്പെയ്ൻ തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് കൊണ്ടു തന്നെ ജില്ലയിലെ ഗ്രാമങ്ങളിലുടനീളം ഏകദേശം 200 ലേറെ വീടുകൾക്ക് മുന്നിലാണ് നെയിംപ്ലേറ്റ് സ്ഥാപിതമായത്. അതേ സമയം, പെൺമക്കൾ ഇല്ലാത്ത കുടുംബങ്ങൾക്ക് വീട്ടിലെ വനിതാ അംഗത്തിന്റെ പേര് വീടിന് മുന്നിൽ വയ്ക്കാം.
കഴിഞ്ഞ രണ്ട് മാസമായി ഉദ്യോഗസ്ഥർ ജില്ലയിലെമ്പാടും കാമ്പെയ്ൻ പ്രചരണം നടത്തിവരികയാണ്. എല്ലാവരും സന്തോഷത്തോടെയാണ് കാമ്പെയ്ന്റെ ഭാഗമാകാൻ സന്നദ്ധത അറിയിച്ച് മുന്നോട്ട് വരുന്നതെന്ന് അധികൃതർ പറഞ്ഞു. ഹരിയാനയിലെ നൂഹിലും പഞ്ചാബിലെ ഹോഷിയാർപൂരിലും 200 ലേറെ വീടുകളിൽ ഇത്തരത്തിൽ പെൺകുട്ടികളുടെ പേരെഴുതിയ നെയിംപ്ലേറ്റ് സ്ഥാപിച്ചിരുന്നു.