hameed-vaniyamangalam

ലീഗിനോട് സൗഹൃദ നിലപാടാണ്. ഞങ്ങളോട് രാഷ്ട്രീയ പാർട്ടികൾക്ക് അസ്‌പൃശ്യതയൊന്നും ഇല്ല. അങ്ങനെ ഉണ്ടെന്ന് ഇരുമുന്നണികളും വരുത്തിത്തീർക്കുന്നതാണ്. ബൂത്ത് തല പ്രവർത്തനങ്ങളിൽ വരെ ഞങ്ങൾ അവരോടാെപ്പം സജീവമാണ്. ഒരിടത്ത് ബി.ജെ.പിയുടെ സ്ഥാനാ‌ർത്ഥിക്ക് ജയസാദ്ധ്യതയുണ്ടെങ്കിൽ ഞങ്ങൾ അവിടെ മത്സരിക്കില്ല. പകരം അവിടെ പ്രധാന രാഷ്ട്രീയ കക്ഷിക്ക് പിന്തുണ നൽകും. ബി.ജെ.പിയെ പൊളിക്കുക എന്നൊരു രാഷ്ട്രീയമേ ഞങ്ങൾക്കുളളൂ.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി പ്രാദേശികതലത്തിൽ നീക്കുപോക്കുകൾക്ക് യു.ഡി.എഫ് മുന്നിട്ടിറങ്ങിയത് രാഷ്ട്രീയ വിവാദമായിരിക്കുകയാണ്. വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സഖ്യം നിഷേധിച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇത് പിന്നീട് കോൺഗ്രസ് ആഭ്യന്തര രാഷ്ട്രീയത്തിലും ചൂടുപിടിച്ച ചർച്ചയായി. രാഷ്ട്രീയ വിവാദം ചൂടു പിടിക്കവെ വെൽഫെയർ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഹമീദ് വാണിയമംഗലം 'ഫ്ളാഷി"നോട് നിലപാട് വ്യക്തമാക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തു നിൽക്കെ വെൽഫെയർ പാർട്ടി വാർത്തകളിൽ സജീവമാവുകയാണ്. യു.ഡി.എഫ് നേതാക്കളുമായി നടന്ന ചർച്ചകളുടെ പേരിലാണിത്. ചർച്ചകൾ നടന്നിട്ടുണ്ടല്ലേ?

തദ്ദേശ തിരഞ്ഞെടുപ്പിൽ മതേതര പാർട്ടിയുമായി നീക്കുപോക്ക് നടത്താമെന്നാണ് വെൽഫെയർ പാർട്ടിയുടെ നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആ നിലപാട് അനുസരിച്ച് കോടിയേരിയുമായി ചർച്ച നടത്തി ഞങ്ങൾ സി.പി.എമ്മിന് പിന്തുണ നൽകിയിരുന്നു. അഞ്ച് ജില്ലകളിൽ സി.പി.എമ്മുമായി സഖ്യമുണ്ട്. ഒരു മുൻസിപ്പാലിറ്റിയിലും മൂന്ന് പഞ്ചായത്തുകളിലും ഞങ്ങൾ പരസ്‌പരം ഭരണം പങ്കിടുന്നുണ്ട്. എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുഖ്യ പരിഗണന നൽകാനാണ് ഞങ്ങൾ അണികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നീക്കുപോക്ക് എന്നൊരു ആശയത്തെയാണ് അതിനപ്പുറത്തേക്ക് വ്യാഖ്യാനിക്കുന്നത്. നീക്ക് പോക്കിന് അപ്പുറത്ത് യു.ഡി.എഫിന്റെ സഖ്യകക്ഷിയാകാനുളള യാതൊരു ശ്രമവുമില്ല. അത് ഞങ്ങളുടെ അജണ്ടയല്ല. അത്തരം ചർച്ചകൾ നടന്നിട്ടില്ല. ഞങ്ങളുടേത് വേറിട്ട രാഷ്ട്രീയമാണ്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോടുളള വിയോജിപ്പാണ് വെൽഫെയർ പാർട്ടി.

എന്തുകൊണ്ട് യു.ഡി.എഫിനോട് സഹകരിക്കാം എന്ന തീരുമാനത്തിലേക്കെത്തി?

മതേതര പാർട്ടികളുമായി നീക്കുപോക്ക് നടത്തണമെന്നാണ് പൊതു തത്വം. വെൽഫെയർ പാർട്ടി പാർലമെന്റ് തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയത്തെ മുൻ നിറുത്തിയാണ് ഫാസിസത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. ബി.ജെ.പിക്കെതിരെ നിൽക്കുന്നതിൽ ഉളളതിൽ വലിയ പാർട്ടി കോൺഗ്രസാണ്. അതുകൊണ്ട് ഞങ്ങൾ ഇന്ത്യയൊട്ടാകെ ബി.ജെ.പി വരാതിരിക്കാൻ ഞങ്ങൾ കോൺഗ്രസിനെ പിന്തുണച്ചു. കേരളത്തിൽ യു.ഡി.എഫിനെയും പിന്തുണച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും അതിന്റെ റിസൾട്ടുണ്ടായി.

പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫുമായി ചർച്ചകൾ നടന്നിരുന്നോ?

ഇല്ല. അത് ബി.ജെ.പി വരാതിരിക്കാനുളള ഞങ്ങളുടെ നിലപാടായിരുന്നു.

മുസ്ലീം ലീഗിനോട് വെൽഫെയർ പാർട്ടിയുടെ നിലപാട് എന്താണ്?

ഈ കാലത്തെ ഞങ്ങൾ ഫാസിസ്റ്റ് കാലമായാണ് ഞങ്ങൾ കാണുന്നത്. ഫാസിസത്തിന് എതിരെ എല്ലാവരും യോജിക്കുക അതാണ് ലക്ഷ്യം. തിരഞ്ഞെടുപ്പുകളിൽ മതേതര പാർട്ടികളുമായി എത്ര യോജിക്കാൻ കഴിയുമോ അത്രയും യോജിക്കണം എന്നാണ് ഞങ്ങളുടെ നിലപാട്. ലീഗിനോട് സൗഹൃദ നിലപാടാണ് ഞങ്ങൾക്കുളളത്.

സി.പി.എമ്മുമായി കഴിഞ്ഞ അഞ്ച് വർഷമായി ബന്ധം ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ അത് അവസാനിപ്പിക്കാനുളള കാരണമെന്താണ്?

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഞങ്ങളെടുത്ത തീരുമാനം യു.ഡി.എഫിന് റിസൾട്ടുണ്ടാക്കി കൊടുത്തിട്ടുണ്ട്. ഫാസിസത്തെ പ്രതിരോധിക്കാൻ കോൺഗ്രസാണ് ഓപ്‌ഷൻ എന്ന വർക്ക് ഇവിടെ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുളള കാര്യമാണ്. അത് ഞങ്ങളുടെ പേരെടുത്ത് പറഞ്ഞില്ലെന്നേ ഉളളൂ. അതോടെ വെൽഫെയർ പാർട്ടിയോട് വല്ലാത്ത വിരോധം സി.പി.എമ്മിന് ഉണ്ടായി. ആ റിസൽറ്റിന് ശേഷം പാർട്ടിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയും ഞങ്ങളെ പൈശാചികവത്കരിക്കുന്ന സ്റ്റൈൽ സ്വീകരിക്കുകയും ചെയ്‌തു.

യു.ഡി.എഫുമായി സഹകരിക്കുന്നു എന്നറിഞ്ഞതിന് ശേഷം സി.പി.എം നേതാക്കൾ ബന്ധപ്പെട്ടിട്ടുണ്ടോ?

സി.പി.എം നേതാക്കൾ ബന്ധപ്പെട്ടിട്ടില്ല

എന്തുകൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾക്ക് വെൽഫെയർ പാർട്ടിയോട് പുറമെ അസ്‌പൃശ്യത?

അസ്‌പൃശ്യതയൊന്നും അവർക്കില്ല. അത് വരുത്തി തീർക്കുന്നതാണ്. ബൂത്ത് തല പ്രവർത്തനങ്ങളിൽ വരെ ഞങ്ങൾ അവരോടൊപ്പം സജീവമാണ്. ഞങ്ങൾക്കൊരു അടിസ്ഥാന നയമുണ്ട്. കേരളത്തിൽ ഏതെങ്കിലും ഒരിടത്ത് ബി.ജെ.പിയുടെ സ്ഥാനാ‌ർത്ഥിക്ക് ജയസാദ്ധ്യതയുണ്ടെങ്കിൽ ഞങ്ങൾ അവിടെ മത്സരിക്കില്ല. പകരം അവിടെ പ്രധാനപ്പെട്ട ഒരു മതേതര കക്ഷിക്ക് പിന്തുണ നൽകും. അതിനെ രാഷ്ട്രീയ പ്രവർത്തനമായി കാണുന്നതിന് പകരം ഞങ്ങളോട് അങ്ങേയറ്റം ശത്രുത വച്ച് പുലർത്തുകയാണ് സി.പി.എം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംഭവിച്ചത് പോലെ ഈ സഖ്യം മുന്നോട്ട് പോയാൽ അത് കേരളത്തിൽ എൽ.ഡി.എഫിന് പരിക്കുണ്ടാക്കും എന്ന് മനസിലാക്കിയാണ് സി.പി.എം ഞങ്ങളെ വിമർശിക്കുന്നത്. വെൽഫെയർ പാർട്ടിയെ ചെകുത്താനായി പ്രതിഷ്‌ഠിക്കാനുളള ശ്രമമാണ് നടക്കുന്നത്.

പക്ഷേ സീറ്റ് ഷെയറിംഗ് ഉണ്ടാകും?

അതൊക്കെ പ്രാദേശികമായി ഉണ്ടാകാം. ഞങ്ങൾ ഇപ്പോൾ ഉണ്ടെന്ന് പറഞ്ഞാലും ഒരു പഞ്ചായത്തിൽ ഉണ്ടാകാം. മറ്റൊരിടത്ത് ഉണ്ടാകാതിരിക്കാം.

വെൽഫെയർ പാർട്ടിയുടെ വോട്ട് ഞങ്ങൾ വാങ്ങിക്കും എന്നു പറയാൻ യു.ഡി.എഫ് നേതാക്കൾക്ക് ഭയമാണോ?

അവർക്ക് ഒരു ഭയവുമില്ല. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് അവർ അത് വളരെ പരസ്യമായി പറഞ്ഞിട്ടുണ്ട്. അവർക്ക് അതിൽ ഒരു മടിയുമില്ല.

പിന്നെ എന്തുകൊണ്ടാണ് കെ. മുരളീധരൻ ഒരു നിലപാട് പറയുകയും മറ്റ് കോൺഗ്രസ് നേതാക്കൾ അതിനെ എതിർക്കുകയും ചെയ്യുന്നത്?

കെ.മുരളീധരൻ കുറച്ച് കൂടി ശക്തമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സി.പി.എമ്മുമായി ഞങ്ങൾ കേരളത്തിൽ സഖ്യമുണ്ടാക്കിയിട്ടുണ്ടെങ്കിൽ മറ്റുളളവർ എന്തിനാണ് പേടിക്കുന്നത്? ഇതൊന്നും ഒരു മുന്നണി ബന്ധമൊന്നുമല്ലല്ലോ. കേവലം ഒരു നീക്കുപോക്ക് മാത്രമാണ്.

വടകരയും കോഴിക്കോടും കേന്ദ്രീകരിച്ച് മുരളീധരനുമായി ചർച്ചകൾ നടന്നിട്ടുണ്ടോ?

പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ വർക്ക് മുരളീധരന് നല്ല ബോദ്ധ്യമുണ്ട്. പ്രത്യേകിച്ച് വടകര സി.പി.എം തോൽക്കുമെന്ന് വിചാരിച്ച മണ്ഡലമല്ല. ഞങ്ങളുടെ വനിതാ പ്രവർത്തകരടക്കം അവിടെ ഫീൽഡിൽ ഇറങ്ങി. വർക്കിന്റെ ബോദ്ധ്യം മുരളിക്കുണ്ട്. ആ ബോദ്ധ്യത്തിൽ നിന്നു കൊണ്ടാണ് അയാൾ അങ്ങനെ സംസാരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. ഇപ്പോഴത്തെ യു.ഡി.എഫ് പിന്തുണ അങ്ങോട്ടേക്കും നീങ്ങുമോ?

അത് ഇപ്പോൾ പറയാനാകില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ബി.ജെ.പി സ്ട്രോംഗാണ്. ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ കൊടുക്കാതിരിക്കുന്നത് രാഷ്ട്രീയ അബദ്ധമാകില്ലേ?

വെൽഫെയർ പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ബി.ജെ.പിക്ക് സാദ്ധ്യതയുളള മണ്ഡലങ്ങളിൽ അവരെ തോൽപ്പിക്കാൻ ശേഷിയുളള മുന്നണിക്ക് വോട്ട് ചെയ്യും. അത് എൽ.ഡി.എഫ് ആണോ യു.ഡി.എഫ് ആണോ എന്നത് മണ്ഡലാടിസ്ഥാനത്തിൽ തീരുമാനിക്കും. ഓരോ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിലെ നിലപാട്. ബി.ജെ.പിയെ പൊളിക്കുക എന്നൊരു രാഷ്ട്രീയമേ ഉളളൂ.