vaccine

ബ്രസീലിയ:ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകൻ മരിച്ചതായി ബ്രസീൽ ആരോഗ്യ അതോറിറ്റി അൻവിസ അറിയിച്ചു.എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ബ്രസീലിൽ മൂന്നാം ഘട്ട വാക്സിൻ പരീക്ഷണങ്ങൾ ഏകോപിപ്പിക്കാൻ സഹായിക്കുന്ന ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് സാവോ പോളോ മരണപ്പെട്ട സന്നദ്ധപ്രവർത്തകൻ ബ്രസീലിയനാണെന്ന് മാത്രമാണ് വ്യക്തമാക്കിയിട്ടുള്ളത്. വ്യക്തിയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.വാർത്ത പുറത്തുവന്നതിന് പിന്നാലെ ആസ്ട്രാസെനെക്കയുടെ ഓഹരികൾ 1.7 ശതമാനം ഇടിഞ്ഞു.

യു.കെയിൽ നിന്നും വാക്സിൻ വാങ്ങി റിയോ ഡി ജനീറോയിലെ ബയോമെഡിക്കൽ റിസർച്ച് സെന്ററായ ഫിയോക്രൂസിൽ ഉത്പാദിപ്പിക്കാനും ബ്രസീലിയൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.കൊവിഡ് ബാധിച്ച് ഏറ്റവും അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. ഒന്നര ലക്ഷത്തിൽ ഏറെ പേരാണ് ഇതുവരെ ബ്രസീലിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞത്.അമ്പത് ലക്ഷത്തിലേറെ പേർക്ക് ഇതുവരെ രോഗംബാധിക്കുകയും ചെയ്തു.