
ആലപ്പുഴ: ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എ.പൂക്കുഞ്ഞ് (74) അന്തരിച്ചു. വൃക്ക, കരൾ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. കായംകുളം കൊറ്റുകുളങ്ങര വലിയ ചെങ്കിലാത്ത് പരേതരായ ഹസനാരുകുഞ്ഞിന്റെയും സൈനബ ഉമ്മയുടെയും മകനാണ്.
തിരുവനന്തപുരം സർക്കാർ ലോ കോളജിൽനിന്ന് എൽ.എൽ.ബിയും കോഴിക്കോട് ഗവ. ലോ കോളജിൽനിന്ന് എൽ.എൽ.എമ്മും പാസായ അദ്ദേഹം കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. കോഴിക്കോട് കോടതിയിലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. പിന്നീട് മാവേലിക്കര കോടതിയിലും ആലപ്പുഴ ജില്ലാ കോടതിയിലും അഭിഭാഷകനായി.
ജമാഅത്ത് കൗൺസിൽ ജില്ലാ പ്രസിഡന്റായി സമുദായ രംഗത്തും സജീവമായി. ഏറെക്കാലം കൗൺസിലിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. വിവിധ മുസ്ലീം സംഘടനകളെ വിവിധ വിഷയങ്ങളിൽ ഒന്നിപ്പിക്കാൻ ഏറെ പരിശ്രമിച്ചു. മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന വഖഫ് ബോർഡ് അംഗം, ആലപ്പുഴ ജില്ലാ ഗവ. പ്ലീഡർ എന്നീ പദവികളും വഹിച്ചു.