sivasankar

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻ.ഐ.എ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ നാളെ വിധി പറയാൻ മാറ്റി വച്ചിരിക്കുകയാണ്.

അതേസമയം ശിവശങ്കറിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് എൻഫോഴ്സ്‌മെന്റ് എതിർ സത്യവാങ്മൂലം കോടതിയിൽ ഫയൽ ചെയ്‌തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ വേണ്ടി വന്നേക്കാമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്വപ്‌നയുടെ സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാൻ സാദ്ധ്യതയില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് സത്യവാങ്‌മൂലത്തിലുണ്ട്.

ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായെന്നാണ് കസ്‌റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. വേദനസംഹാരി കഴിച്ചാൽ തീരാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നത്. വക്കാലത്ത് ഒപ്പിട്ട് കൊച്ചിയിൽ നിന്ന് മടങ്ങുമ്പോൾ ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് അസുഖം നടിച്ചത്. ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യപേക്ഷ നിലനിൽക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ പറഞ്ഞു.