
വെഞ്ഞാറമൂട്: പൊതുപ്രവർത്തനവും കാർഷികവൃത്തിയും സമന്വയിപ്പിച്ച പ്രണയാർദ്രമായ ജീവിതം, നവ ദമ്പതികളായ ചന്ദ്രികയുടെയും (51), സോമന്റെയും (54) ദിവസങ്ങൾ അങ്ങനെയാണ്. പുലർച്ചെ നാലുമണിക്ക് തുടങ്ങുന്ന ജോലികൾ രാത്രി വൈകുവോളമുണ്ടാകും.
30 വർഷത്തെ മൗനാനുരാഗമായിരുന്നു ഇവരുടെ ജീവിതം. ഒടുവിൽ സുഹൃത്തുക്കളുടെ സ്‌നേഹോപദേശങ്ങൾക്ക് വഴങ്ങി 2019ൽ വിവാഹിതരായി. ഇടത് യുവജന പ്രസ്ഥാനത്തിലൂടെയാണ് ഇരുവരും പൊതുരംഗത്തെത്തിയത്. 30 വർഷം മുമ്പ് സോമൻ ചന്ദ്രികയെ വിവാഹമാലോചിച്ചിരുന്നു. എന്നാൽ കുടുംബത്തിന്റെ ചുമതലകൾ തലയിലേറ്റേണ്ടിവന്ന ചന്ദ്രികയ്ക്ക് അന്നൊന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കാനായില്ല. മറ്റൊരു വിവാഹത്തെക്കുറിച്ച് സോമനും ചിന്തിച്ചില്ല. തുടർന്ന് രാഷ്ട്രീയത്തിൽ സജീവമായ സോമൻ 1995ൽ ജില്ലാ പഞ്ചായത്ത് അംഗവും 2005ൽ ബ്ലോക്ക് ഡിവിഷൻ അംഗവുമായി. ചന്ദ്രിക 2000ൽ മാണിക്കൽ പഞ്ചായത്തംഗമായി. 2015ൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായി.
പൊതുപ്രവർത്തനത്തിനിടയ്ക്കും കുടുംബത്തിന്റെ വരുമാനമാർഗമായ കാലി വളർത്തലിനും ഇവർ സമയം കണ്ടെത്തുന്നു. വിശ്രമമില്ലാത്ത ജീവിതചര്യയാണ് ഇരുവരുടേതും. ദിവസത്തിന്റെ പകുതി നാട്ടുകാര്യത്തിനും, പകുതി വീട്ടുകാര്യത്തിനുമായി മാറ്റുന്നു. ഒരാൾ പുറത്തേക്കിറങ്ങിയാൽ അടുത്തയാൾ അദ്ധ്വാനം ഏറ്റെടുക്കും. 16 പശുക്കളെ വളർത്തുന്നുണ്ട്. ആട്, കോഴി എന്നിങ്ങനെ വെറെയും. പശുക്കൾക്കും ആടുകൾക്കും പുല്ലുവെട്ടുന്നതും പശുക്കളെ കുളിപ്പിക്കുന്നതും കറവയുമെല്ലാം ഇവർ തന്നെയാണ് ചെയ്യുന്നത്.
അച്ഛന്റെ മരണശേഷം അമ്മയും അമ്മയുടെ രണ്ടു സഹോദരിമാർ, അമ്മാവൻ, സഹോദരന്റെ പ്ലസ് ടു വിദ്യാർത്ഥിയായ മകൾ എന്നിവരുടെയെല്ലാം സംരക്ഷണം ചന്ദ്രികയ്ക്കാണ്. വിശ്രമമില്ലാതെ അദ്ധ്വാനിച്ചും പൊതു പ്രവർത്തനരംഗത്ത് സജീവമായും ജീവിതചര്യ ചിട്ടപ്പെടുത്തി ചന്ദ്രികയും സോമനും മുന്നേറുകയാണ്.