nag-anti-tank-missile

പൊഖ്റാൻ: ചൈനയുമായി അതിർത്തി സംഘർഷം പുകയുന്നതിനിടെ പ്രതിരോധ രംഗത്ത് വമ്പൻ കുതിച്ചുചാട്ടവുമായി ഇന്ത്യ. ശത്രുവിന്റെ മടയിൽ പോയി യുദ്ധ ടാങ്കുകളെ ഭസ്‌മമാക്കുന്ന മിസൈലാണ് രാജ്യം നിർമ്മിച്ചിരിക്കുന്നത്. ടാങ്കുകൾ ആക്രമിച്ച് തകർക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാഗ് ആന്റി ടാങ്ക് മിസൈൽ വിജയകരമായി പരീക്ഷണം പൂർത്തിയാക്കി. പുലർച്ചെ 6.45ന് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിലെ ഫയറിംഗ് റേഞ്ചിൽ നിന്നാണ് പോർമുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം നടത്തിയതെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) അറിയിച്ചു.

ഇന്ത്യ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയിൽപ്പെട്ട അത്യാധുനിക ടാങ്ക് വേദ മിസൈലാണ് നാഗ്. ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേപോലെ കൃത്യതയോടെ ആക്രമിച്ച് തകർക്കാനുളള ശേഷി നാഗിനുണ്ട്. നാല് മുതൽ ഏഴ് കിലോമീറ്റർ വരെ പ്രഹര പരിധിയുളള മിസൈൽ ഭൂമിയിൽ നിന്നും ആകാശത്ത് നിന്നും തൊടുത്തുവിടാൻ സാധിക്കും.

nag-anti-tank-missile

പൊഖ്റാനിൽ നേരത്തെ നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയമായിരുന്നു. പോർമുന ഘടിപ്പിച്ചുളള പരീക്ഷണവും വിജയകരമായതിനാൽ വൈകാതെ മിസൈലുകൾ സൈന്യത്തിന് കൈമാറും. തുടർന്ന് ഇവ അത്യാധുനിക മിസൈൽ വാഹിനികളിൽ ഘടിപ്പിക്കും. ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ് ടാങ്കുകൾ ആക്രമിച്ച് തകർക്കാൻ ശേഷിയുളള മിസൈലുകൾ കൈവശമുളളത്. 524 കോടി രൂപ ചെലവിട്ടാണ് നാഗ് മിസൈൽ വികസിപ്പിച്ചത്.

നാഗ് മിസൈൽ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹര ശേഷി വർദ്ധിക്കും. ശത്രുവിന് ആക്രമണത്തിൽ സൈന്യത്തിന് മുതൽക്കൂട്ടാകുന്ന ആയുധമാണ് നാഗ് മിസൈൽ. ഏത് കാലാവസ്ഥയിലും ഈ മിസൈൽ ഉപയോഗിക്കാം. തെർമൽ ഇമേജിംഗ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിർണയിച്ച് ആക്രമണം നടത്തുകയാണ് മിസൈൽ ചെയ്യുന്നത്.

nag-anti-tank-missile

1980കളിൽ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈൽ പദ്ധതികളിൽ ഒന്നാണ് നാഗ്. അഗ്നി, പൃഥ്വി, ആകാശ്, ത്രിശൂൽ എന്നിവയാണ് മറ്റുളള മിസൈലുകൾ. ഇതിൽ ത്രിശൂൽ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. മറ്റ് മൂന്ന് മിസൈലുകളും ഇപ്പോൾ സൈന്യത്തിന്റെ ഭാഗമാണ്.