ins-kavaratti

ഹൈദരാബാദ്: കര-നാവിക-വ്യോമ മേഖലകളിൽ ഐതിഹാസികമായ നേട്ടങ്ങൾ കൈവരിക്കുന്ന ഇന്ത്യയ്‌ക്ക് ജലമുഖത്ത് ശത്രുവിനെ തുരത്താൻ പുതിയ ഭീമൻ കപ്പൽ റെഡി. ഇന്ത്യയുടെ യുദ്ധകപ്പലായ ഐ.എൻ.എസ് കവരത്തി ഇന്ന് കമ്മിഷൻ ചെയ്യും. നാവികസേനയുടെ ശക്തി വിളിച്ചോതുന്ന അന്തർവാഹിനി യുദ്ധ കപ്പലായ ഐ.എൻ.എസ് കവരത്തി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനേയാണ് വിശാഖപട്ടണത്തെ നേവൽ ഡോക്ക് യാർഡിൽ കമ്മിഷൻ ചെയ്യുന്നത്.

 പ്രോജക്‌ട് 28ന്റെ ഭാഗമായി നാവികസേന തദ്ദേശീയമായി നിർമ്മിച്ച നാല് അന്തർവാഹിനി യുദ്ധകപ്പലുകളിൽ അവസാനത്തേതാണ് ഐ.എൻ.എസ് കവരത്തി.

 2003ലാണ് പ്രോജക്‌ട് 28 അംഗീകരിച്ചത്. ഈ പദ്ധതിയിൽ ഐ.എൻ.എസ് കവരത്തിക്ക് മുമ്പ് മൂന്ന് കപ്പലുകളാണ് കമ്മിഷൻ ചെയ്‌തത്. ഐ‌.എൻ‌.എസ് കമോർട്ട 2014 ൽ കമ്മീഷൻ ചെയ്‌തു. ഐ‌.എൻ‌.എസ് കദ്മാട്ട് 2016ലും ഐ‌.എൻ‌.എസ് കിൽത്താൻ 2017ലും കമ്മിഷൻ ചെയ്‌തു.

ins-kavaratti

 ഐ‌എൻ‌എസ് കവരത്തി നിർമ്മിക്കാൻ 90 ശതമാനവും തദ്ദേശീയ വസ്‌തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. കപ്പൽ നിർമ്മിക്കാനുളള കാർബൺ കമ്പോസിറ്റുകളുടെ ഉപയോഗം ഇന്ത്യ കപ്പൽ നിർമ്മാണത്തിൽ നേടിയ പ്രശംസനീയമായ നേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

 നാവികസേനയുടെ ആഭ്യന്തര സംഘടനയായ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (ഡി.എൻ‌.ഡി) ആണ് യുദ്ധക്കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതേസമയം കൊൽക്കത്തയിലെ ഗാർഡൻ റിസർച്ച് ഷിപ്പ് ബിൽഡേഴ്‌സും എഞ്ചിനീയർമാരും (ജി.ആർ.എസ്.ഇ) കപ്പൽ നിർമ്മാണത്തിൽ പങ്കാളികളായി.

 അത്യാധുനിക ആയുധങ്ങളും ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടെത്തി നടപടിയെടുക്കാൻ കഴിയുന്ന ഒരു സെൻസറും ഇതിലുണ്ട്. ദീർഘദൂര വിന്യാസങ്ങൾക്ക് കപ്പൽ സുരക്ഷിതമാണ്.

ins-kavaratti

 കപ്പലിൽ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളുടേയും പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അതിനാൽ തന്നെ യുദ്ധത്തിന് സജ്ജമായാണ് കപ്പൽ പുറത്തിറങ്ങുന്നത്.

 ഐ‌.എൻ‌.എസ് കവരത്തി എന്ന പേര് 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഉപയോഗിച്ച അർനാല ക്ലാസ് മിസൈൽ കോർ‌വെറ്റായ ( ഇന്ത്യയുടെ പഴയ അന്തർവാഹിനി കപ്പൽ) ഐ.എൻ.എസ് കവരത്തിക്കുളള ആദരസൂചകമായാണ് നൽകിയിരിക്കുന്നത്.