
മത്സ്യബന്ധന മേഖലയിൽ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാനും മത്സ്യത്തിന്റെ ആദ്യ വില്പനാവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുവരുത്തുകയുമാണ് മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും എന്ന ഓർഡിനൻസിന്റെ മുഖ്യലക്ഷ്യം. ഇന്ന് തൊഴിലാളി പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നത് ലേലക്കാർ/ തരകൻമാർ/കമ്മിഷൻ ഏജന്റുമാർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യലേലം മുഖേനയാണ്.
തൊഴിലാളികൾക്കോ മത്സ്യബന്ധന യാന ഉടമകൾക്കോ ഇതിൽ യാതൊരുവിധ സ്വാധീനമോ, നിയന്ത്രണമോ ചെലുത്താനാവില്ല.
തങ്ങൾക്ക് മുലധന പങ്കാളിത്തമോ, തങ്ങൾ വായ്പ നല്കിയതോ ആയ യാനങ്ങളിലെ മത്സ്യത്തിന് മികച്ച വിലയും അല്ലാത്തവർക്ക് കുറഞ്ഞ വിലയും ലഭിക്കുന്ന തരത്തിലുള്ള അധാർമിക ഇടപെടലുകളും ഇവർ നടത്തുക പതിവാണ്. ഇടനിലക്കാർ ലേല കമ്മിഷൻ ഇനത്തിൽ ഈടാക്കുന്നത് 5 ശതമാനം മുതൽ 15 ശതമാനം വരെയുള്ള തുകയാണ്.
ഇതിന് പുറമെ മൊത്ത കച്ചവടക്കാരും കമ്മീഷൻ ഏജന്റുമാരും ചേർന്ന് ലേലക്കിഴിവ് എന്ന പേരിൽ ഈടാക്കുന്ന മറ്റൊരു 15 ശതമാനം വരെയുള്ള തുക, 22 കിലോ വീതം തൂക്കമുള്ള 12 കൊട്ട/ക്രേറ്റ് മത്സ്യം ലേലം ചെയ്യുമ്പോൾ 10 കൊട്ട/ക്രേറ്റ് മത്സ്യത്തിന്റെ മാത്രം വില നൽകുന്ന രീതി, ക്രേറ്റ്/കൊട്ടയിൽ കൂനകൂട്ടി മത്സ്യം നിറയ്ക്കുകയും കൂന വടിച്ചെടുത്ത് കിട്ടുന്ന മത്സ്യത്തിൽ അതിൽ നിന്നും ലഭിക്കുന്ന വരുമാനം തുടങ്ങിയ നിരവധി തരത്തിലുള്ള ചൂഷണമാണ് ഈ നിയമംവഴി ഇല്ലാതാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.
ഇനി മുതൽ ലേല കമ്മിഷനായി പരമാവധി അഞ്ച് ശതമാനം തുക മാത്രമേ ഈടാക്കാവൂ. സർക്കാർ നിശ്ചയിക്കുന്നതിൽ കൂടുതൽ തുക ഈടാക്കിയാൽ ക്രിമിനൽ കുറ്റമാണ്..
'കുഞ്ഞുകാശ് ", ലേലക്കിഴിവ്, ലേലകമ്മിഷനുപുറമേ യാനങ്ങളിലുള്ള മൂലധന പങ്കാളിത്തത്തിന്റെയോ, യാനഉടമകൾക്ക് നൽകുന്ന വായ്പയുടെയോ പേരിൽ ഈടാക്കുന്ന കമ്മിഷൻ മുതലായ യാതൊരുവിധ തുകയും തൊഴിലാളികളിൽ നിന്നും ഈടാക്കാനാവില്ല. വിപണി വിലയുടെ 70 ശതമാനം നിലവിൽ തൊഴിലാളികൾക്കല്ലാതെ മറ്റു വിവിധ തട്ടുകളിലായി വിഭജിക്കപ്പെടുന്നു. ഇതെല്ലാം ഇല്ലാതാക്കാനാണ് ഈ നിയമം.
പരമാവധി ലേലക്കമ്മിഷൻ തുകയായി നിയമത്തിൽ പറഞ്ഞിരിക്കുന്ന 5 ശതമാനം എന്നതിൽ ലേലക്കാരന് 1 ശതമാനം തുകയ്ക്കേ അർഹതയുള്ളൂ. മത്സ്യഫെഡ് സംഘങ്ങൾ നടത്തുന്ന ലേലമാണെങ്കിൽ മാത്രമേ ലേലക്കാരന് നല്കുന്ന തുകയ്ക്ക് പുറമെ മത്സ്യഫെഡ് സഹകരണ സംഘത്തിന് ലേല വിഹിതം ലഭിക്കുകയുള്ളൂ. ഇത് അവിടത്തെ അടിസ്ഥാന സൗകര്യ വികസനത്തിനാണ്.മുനമ്പം ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മാതൃകയാണ് ഇവിടെ സ്വീകരിച്ചിട്ടുള്ളത്.
ഈ വിഹിതത്തിൽ നിന്നും, ഒരു നിശ്ചിത ഭാഗം തൊഴിലാളിക്ക് തന്നെ ഉത്സവകാല ബോണസ്സായും പ്രകൃതിക്ഷോഭം മൂലം തൊഴിലില്ലാത്ത സമയത്ത് ബത്തയായും തിരികെ നൽകാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. മത്സ്യബന്ധന ഹാർബറുകളിലും കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളിലും രൂപീകരിക്കുന്ന സൊസൈറ്റികളിൽ അവിടെ പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾക്കാണ് പങ്കാളിത്തം നല്കുന്നത്. തൊഴിലാളി സംഘടനകൾ നൽകുന്ന പ്രതിനിധികളെ മാത്രമേ സർക്കാർ നോമിനേറ്റ് ചെയ്യുകയുള്ളൂ. സംസ്ഥാനത്തെ 25 മത്സ്യബന്ധന ഹാർബറുകളിൽ 19 മത്സ്യബന്ധന ഹാർബറുകളിലും ഇതിനകം രൂപീകരിച്ച ഹാർബർ മാനേജ്മെന്റ് സൊസൈറ്റികളിൽ അവിടത്തെ തൊഴിലാളി സംഘടനകൾ നൽകിയ പ്രതിനിധികളെ മാത്രമാണ് ഉൾപ്പെടുത്തിയത്.
മത്സ്യ മേഖലയിൽ നടപ്പാക്കുന്ന ചരിത്രപരമായ ഈ നിയമ നിർമ്മാണം പതിറ്റാണ്ടുകളായി ചൂഷണം നടത്തിക്കൊണ്ടിരിക്കുന്ന നിക്ഷിപ്ത താത്പര്യക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതാണ് വസ്തുത. തൊഴിലാളികൾക്ക് ഗുണകരവും കയറ്റുമതിക്കാർക്ക് ഗുണനിലവാരവും ഉറപ്പാക്കുന്ന ഈ നിയമ നിർമ്മാണത്തിനെതിരെ തികച്ചും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുമായി രംഗത്ത് വരുന്നവരുടെ യാഥാർത്ഥ ലക്ഷ്യം എന്തെന്ന് തൊഴിലാളികൾ തിരിച്ചറിയണം.
2018 ൽ നിയമസഭ ഇത് ബില്ല് രൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നിയമം നടപ്പാക്കുന്നതുമൂലം ആരോപിക്കുന്നതുപോലുള്ള യാതൊരുവിധ ആശങ്കകളും മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാകേണ്ടതില്ല.