nws

പത്രം വായിക്കുന്നത് വാർത്തകൾ അറിയാനാണ്. വായിച്ചു കഴിഞ്ഞ പത്രം സാധനങ്ങൾ പൊതിയാനും കളിക്കോപ്പുകൾ നിർമ്മിക്കാനും ഉപയോഗിക്കാറുണ്ട്. എന്നാൽ വെറുതെ വലിച്ചെറിയുന്ന ന്യൂസ് പേപ്പർ കൊണ്ട് ഭൂമിക്ക് ഗുണകരമായ വസ്തുക്കൾ നിർമ്മിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?​ ജപ്പാൻ അങ്ങനെ ചിന്തിക്കുകയും അതിന്റെ ഫലമായി ഒരു നൂതനസാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയും ചെയ്തു. ജപ്പാനിലെ ദേശീയ ദിനപത്രമാണ് 'മൈനിച്ചി ഷിംബുൺ'. അവർ നൂറ് ശതമാനം പരിസ്ഥിതി സൗഹൃദമായ ഒരു പത്രത്തിന്റെ കണ്ടുപിടിത്തത്തിലൂടെയാണ് ലോകപ്രസിദ്ധി നേടിയത്.

ഈ ന്യൂസ് പേപ്പർ നട്ട് വെള്ളമൊഴിച്ചാൽ, അത് പുഷ്പിക്കും. ഗ്രീൻ ന്യൂസ്‌പേപ്പർ എന്നാണ് ഈ പത്രം അറിയപ്പെടുന്നത്. ഉപയോഗിച്ച പേപ്പർ റീസൈക്കിൾ ചെയ്തതാണ് ഈ പേപ്പർ നിർമ്മിച്ചിട്ടുള്ളത്. മാത്രവുമല്ല ഉപയോഗിച്ചിട്ടുള്ള മഷിയും പരിസ്ഥിതി സൗഹൃദമാണ്. ഇവയൊന്നും തന്നെ ചെടിയുടെ വളർച്ചയെ ബാധിക്കുകയില്ല. റീസൈക്കിൾ ചെയ്ത പേപ്പറും, വെള്ളവും, ചെടികളുടെ വിത്തും കൊണ്ടാണ് ഈ പേപ്പർ നിർമ്മിച്ചിട്ടുള്ളത്. ഗ്രീനറി ഡേ ആഘോഷത്തിന്റെ ഭാഗമായി 2016ലാണ് ഈ ആശയം ആദ്യമായി പ്രാവർത്തികമാക്കിയത്. ഏതായാലും സംഗതി വൻ ഹിറ്രായിരുന്നു. ഗ്രീൻ ന്യൂസ്‌പേപ്പറിന്റെ 4.6 മില്യൺ കോപ്പികൾ അടിച്ചു എന്നാണ് കമ്പനിയുടെ അവകാശവാദം. ജപ്പാനിലെ ഏറ്റവും വലിയ പരസ്യ ഏജൻസികളിലൊന്നായ ഡെൻസു ആണ് ഈ ആശയം ആവിഷ്കരിച്ചത്. ഏകദേശം എൺപത് ദശലക്ഷം യെൻ വരുമാനമാണ് ഈ പദ്ധതിയിലൂടെ കമ്പനിക്ക് ലഭിച്ചത്. അതായത് ഏകദേശം അഞ്ച് കോടി രൂപ. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിന്റെയും റീസൈക്കിൾ ചെയ്യുന്നതിന്റെ പ്രാധാന്യം അവരെ പഠിപ്പിക്കുന്നതിന്റെയും ഭാഗമായി ഈ സംരംഭം സ്കൂളുകൾ പരീക്ഷിച്ചിരുന്നു.