
വീണ്ടുമൊരു നവരാത്രി. ദക്ഷിണകർണാകയിലെ പശ്ചിമഘട്ടനിരകളിലെ കുടജാദ്രിയുടെ അടിത്തട്ടിൽ കോലമഹർഷി തപസനുഷ്ഠിച്ച സ്ഥലം എന്നർത്ഥം വരുന്ന കൊല്ലൂർ വനമേഖലയിൽ സൗർപണികാ നദിക്കരയിൽ കുടിക്കൊള്ളുന്ന ശ്രീമൂകാംബികാദേവി സവിധത്തിലേക്കുള്ള യാത്രയാണ്. അതിർത്തി, ഭാഷാവേർതിരിവൊന്നുമില്ലാതെ മലയാളിക്ക് ഏറെ വിശിഷ്ടമായ തീർത്ഥാടനകേന്ദ്രമാണ് ഇവിടം.
ഐതിഹ്യവും  ആരാധനയും
കോലമഹർഷിക്കും മറ്റു താപസൻമാർക്കും തപോകർമ്മങ്ങൾക്ക് വിഘാതമായി നിന്ന കംഹാസുരനെ പാർവതിദേവി മൂകനാക്കി. ഇതിൽ ക്രുദ്ധനായ മൂകാസുരൻ വീണ്ടും മഹർഷിമാരെ ഉപദ്രവിച്ചപ്പോൾ പാർവതിദേവി ആ അസുരനെ നിഗ്രഹിച്ചു. മൂകാസുരനെ നിഗ്രഹിച്ച പാർവതീദേവി മൂകാംബികയായി. മൂകാംബികയിൽ ഒരേ ദിവസം തന്നെ ദേവിയുടെ മൂന്നുഭാവങ്ങളിൽ ത്രിമൂർത്തി നിത്യാരാധന നടത്തുന്നു. രാവിലെ രൗദ്രരൂപിണിയായ മഹാകാളിയായും ഉച്ചയ്ക്ക് സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും വരദായിനിയായ ലക്ഷ്മിദേവിയായും വൈകുന്നേരം വിദ്യാവരദായനിയായ മഹാസരസ്വതിയായും ആരാധിക്കുന്നു. അഡിഗമാരാണ് ക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ നടത്തുന്നത്. കാഷായപ്രസാദം മൂകാംബികയിലെ പ്രധാന വഴിപാടാണ്.
നവരാത്രി,  മഹാരഥോത്സവങ്ങൾ
നവരാത്രി ആഘോഷവും മീനമാസത്തിലെ മഹാരഥോത്സവവുമാണ് പ്രധാന ആഘോഷങ്ങൾ. സുബ്രഹ്മണ്യ പ്രതിഷ്ഠയ്ക്ക് സമീപമുള്ള സരസ്വതിമണ്ഡപത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. വർഷത്തിൽ മുഴുവൻ ദിവസവും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്ന ക്ഷേത്രം എന്ന സവിശേഷതയുമുണ്ട്. മീന മാസ ഉത്സവത്തിന്റെ പ്രധാന ചടങ്ങ് ക്ഷേത്ര മതിൽക്കെട്ടിന്റെ പുറത്തുനടക്കുന്ന മഹാരഥോത്സവമാണ്. പുഷ്പാലംകൃതമായ വലിയരഥത്തിൽ ദേവീവിഗ്രഹത്തെ പ്രതിഷ്ഠിച്ച് ക്ഷേത്രത്തിന് നാലുദിക്കും പ്രദക്ഷിണം നടത്തുന്നു. കാർഷികോത്പന്നങ്ങളായ കരിക്ക്, അടയ്ക്ക, മാങ്ങ, ചക്ക, നെൽക്കതിർ എന്നിവക്കൊണ്ടും രഥത്തെ അണിയിച്ചൊരുക്കുന്നു. രഥമുരുളുന്നതിന് മുമ്പ് പൂജാരിമാർ ജനക്കൂട്ടത്തിന് നേർക്ക് നാണയത്തുട്ടുകൾ വാരിയെറിയും. ഇത് കരസ്ഥമാക്കുന്നത് പുണ്യമാണെന്നാണ് വിശ്വാസം. അതിനാൽ ഭക്തർ നാണയത്തുട്ടുകൾ കിട്ടാൻ തിക്കിത്തിരക്കുന്നു. ഉത്സവനാളുകളിൽ രാവിലെ മുതൽ രാത്രി വരെ ഭക്തർക്കായി നൽകുന്ന അന്നദാനവും പുണ്യം തന്നെ.
ശിവസങ്കൽപ്പത്തിന്റെ  വിഭിന്ന ഭാവങ്ങൾ
പരമേശ്വരസങ്കൽപ്പത്തിന്റെ വിവിധ മൂർത്തീഭാവങ്ങൾ മൂകാംബികക്ഷേത്രത്തിൽ ദർശിക്കാൻ കഴിയും. പ്രാണലിംഗേശനും കിരാതമൂർത്തിയായ പാർത്ഥേശ്വരനും പാലാഴിമഥനത്തിൽ കാളകൂട സർപ്പം തുപ്പിയ വിഷം കഴിച്ചു ലോകത്തെ രക്ഷിച്ചവൻ എന്നർത്ഥമള്ള നഞ്ചുണ്ടേശ്വരൻ എന്ന നീലകണ്ഠന്റെ ഭാവത്തിലും ശിവനെ ഇവിടെ ആരാധിക്കുന്നു. ശിവസങ്കൽപ്പമൂർത്തീഭാവങ്ങളുടെ ഇരിപ്പിടം കൂടിയായതിനാൽ 108 ശിവക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് മൂകാംബികാക്ഷേത്രം.
ചോറ്റാനിക്കരദേവിയും  മൂകാംബിക ദേവിയും
കുടജാദ്രിയിൽ കുടികൊള്ളുന്ന പാർവതീദേവിയെ ശ്രീശങ്കരാചാര്യർ തന്റെ തപശക്തിയാൽ പ്രത്യക്ഷമാക്കുന്നു. തന്റെ കർമ്മ മണ്ഡലമായ കേരളത്തിൽ കൂടി ദേവീസാന്നിദ്ധ്യമുണ്ടാകണമെന്ന തന്റെ അഭീഷ്ടം ദേവിയെ അറിയിക്കുന്നു. ശങ്കരാചാര്യരുടെ കഠിനതപസിൽ സംപ്രീതയായ ദേവി ആ അപേക്ഷ സ്വീകരിച്ചു. ദേവി പിന്നിലും ശങ്കരാചാര്യർ മുമ്പിലുമായി പുറപ്പെട്ടു. പുറപ്പെടുന്നതിന് മുമ്പ് ശങ്കരാചാര്യരോട് ഒരിക്കലും പിന്നിലേക്ക് തിരിഞ്ഞു നോക്കാൻ പാടില്ലെന്ന് ദേവി വ്യവസ്ഥ ചെയ്തു. കുറേ ദൂരം പിന്നിട്ടപ്പോൾ ദേവിയുടെ ചിലങ്കയുടെ നാദം കേൾക്കാതെയായി. ആചാര്യൻ തിരിഞ്ഞു നോക്കിയപ്പോൾ ആ ഭാഗത്ത് ദേവി തന്റെ സാന്നിദ്ധ്യം പ്രകടമാക്കിക്കൊണ്ട് അപ്രത്യക്ഷയായി. വീണ്ടും ദേവീദർശനം സാദ്ധ്യമാകാൻ ഏറെ കാതങ്ങൾ താണ്ടണമെന്ന വിഷമത്തിലിരിക്കുമ്പോൾ ദേവിയുടെ അരുളപ്പാടുണ്ടായി. ചോറ്റാനിക്കരയിൽ അതിരാവിലെ തന്നെ ദർശിക്കാം എന്നായിരുന്നു  അരുളപ്പാട്. ആ വിശ്വാസമനുസരിച്ച് ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നിർമ്മാല്യത്തിന് ശേഷമാണ് മൂകാംബിക ക്ഷേത്രത്തിലെ നിർമ്മാല്യദർശനം നടത്തുന്നത്.
സർവജ്ഞപീഠം കയറി ചിത്രമൂലയിലേക്ക്
മൂകാംബികയാത്രയിൽ ഒഴിവാക്കാൻ പാടില്ലാത്തതാണ് കുടജാദ്രിയിലേക്കുള്ള യാത്ര. ക്ഷേത്ര പരിസരത്തു നിന്ന് ജീപ്പ് മാർഗം കുടജാദ്രിയിലേക്ക് പോകാം. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഷിമോഗയിലെ കാരേക്കാട്ട് എത്തി പത്തുകിലോമീറ്ററോളം വനത്തിലൂടെ യാത്ര ചെയ്തു കുടജാദ്രിയിലെത്താം. ശ്രീശങ്കരാചാര്യർ തപസ് ചെയ്ത സ്ഥലം അറിയപ്പെടുന്നത് സർവജ്ഞപീഠം എന്നാണ്. കോടമഞ്ഞും കൊടുംചൂടുമില്ലാത്ത അവസ്ഥയിൽ ഇവിടേക്കുള്ള യാത്ര ആർക്കും മറക്കാൻ കഴിയുന്നതല്ല. സർവജ്ഞപീഠം കഴിഞ്ഞ് വീണ്ടും മുന്നോട്ടുപോയാൽ ദുർഘടമായ പാതയിലൂടെ ചിത്രമൂലയിലെത്താം. ചിത്രമൂലയിലെ  ഗുഹയ്ക്കരികിൽ എത്തി  വിദൂരതയിലേക്ക് നോക്കിയാൽ മൂകാംബികക്ഷേത്രം കാണാം. സൗപർണിക നദിയുടെ ഉത്ഭവസ്ഥാനവും ചിത്രമൂലയാണ്.
(ലേഖകന്റെ ഫോൺ : 9895374328)