
തിരുവനന്തപുരം : അപ്രതീക്ഷിത നീക്കത്തിലൂടെ കസ്റ്റഡിയിലെടുക്കാനുള്ള കസ്റ്റംസ് നീക്കത്തെ വൈദ്യസഹായം വേണമെന്ന ആവശ്യമുയർത്തിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കരൻ തടയിട്ടത്. കസ്റ്റംസ് വാഹനത്തിൽ ഓഫീസിൽ ചോദ്യം ചെയ്യലിനായി കൊണ്ട് പോകവേയാണ് നെഞ്ചുവേദനയുണ്ടെന്ന ആവശ്യമുയർത്തി അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ വിദഗ്ദ്ധ ചികിത്സയിൽ ശിവശങ്കറിന് അസുഖമൊന്നും കണ്ടെത്താൻ ഡോക്ടർമാർക്കായില്ല. തുടർന്ന് നടുവേദനയുണ്ടെന്ന് അറിയിച്ച ശിവശങ്കർ ആയൂർവേദ ചികിത്സ തേടുകയായിരുന്നു.
ഹൈക്കോടതിയിൽ അഭിഭാഷകൻ മുഖേന സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും ഇഡിയേയും കസ്റ്റംസിനേയും കോടതി വിലക്കിയിട്ടുണ്ട്.
അതേസമയം ശിവശങ്കറിനെ അറസ്റ്റ് ചെയ്യത്തക്ക വിധത്തിലുള്ള തെളിവുകൾ കേന്ദ്ര അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയാണ് ശിവശങ്കറിന് കുരുക്കായി മാറുന്നത്. ഒരു ദിവസം ശിവശങ്കറിനൊപ്പം സ്വപ്ന 30 ലക്ഷം രൂപയുമായി വീട്ടിൽ വന്നതായും ഇത്രയും തുക കൈകാര്യം ചെയ്യാൻ മടിച്ചപ്പോൾ പണം നിയമപരമായി സമ്പാദിച്ചതാണെന്നും ലോക്കറിൽ വയ്ക്കണമെന്നും പറഞ്ഞതായി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയുണ്ട്.
സ്വപ്നയുടെ തലസ്ഥാനത്തെ ബാങ്കിലെ ലോക്കറിൽ നിന്നും ഒരു കോടി രൂപ എൻ.ഐ.എ കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റിനടുത്ത് എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 64ലക്ഷം രൂപയും 982.5ഗ്രാം സ്വർണവും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 36.5ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.
പണം ലോക്കറിൽ സൂക്ഷിക്കാൻ ശിവശങ്കർ നിർദ്ദേശിച്ചതനുസരിച്ചാണ് സഹായിച്ചതെന്നും വേണുഗോപാൽ നേരത്തെ മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയുമായി ജോയിന്റ് അക്കൗണ്ടിൽ ബാങ്ക് ലോക്കർ എടുത്തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമായിരുന്നെന്നും പണവുമായി അദ്ദേഹം തന്റെ വീട്ടിലെത്തിയെന്നും ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ വെളിപ്പെടുത്തിയതോടെ കള്ളപ്പണ ഇടപാടു കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് ഉറപ്പായി. അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കണമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ ആവശ്യപ്പെട്ടു കഴിഞ്ഞു.
വേണുഗോപാലിന്റെ മൊഴികളിൽ നിന്ന് ശിവശങ്കറിന് കള്ളപ്പണ ഇടപാടിൽ പങ്കുണ്ടായിരുന്നെന്നും സ്വപ്നയുടെ ഇടപാടുകളെല്ലാം ശിവശങ്കർ അറിഞ്ഞിരുന്നെന്നുമാണ് ഇ.ഡി വിലയിരുത്തുന്നത്. സ്വപ്നയുടെ കള്ളപ്പണ ഇടപാടുകൾക്ക് ശിവശങ്കർ സഹായം നൽകിയതിന്റെ തെളിവുകൾ സീൽവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചശേഷം അറസ്റ്റിനുള്ള അനുമതി ആവശ്യപ്പെടും.
ഇ.ഡി അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറുമാസം വരെ ജാമ്യംകിട്ടില്ല. ബിനാമിആക്ട്, ഇൻകംടാക്സ് ആക്ട്, ആന്റി മണിലോണ്ടറിംഗ് ആക്ട്,വിദേശത്ത് ഹവാലാ ഇടപാട് നടന്നതിനാൽ ഫെമ (ഫോറിൻമണി മാനേജ്‌മെന്റ് ആക്ട്) എന്നീ വകുപ്പുകൾ ചുമത്താം. സ്വർണക്കടത്ത് പ്രതികളുടെയും സംരക്ഷകരുടെയും ബിനാമി, കള്ളപ്പണ ഇടപാടുകളാണ് അന്വേഷിക്കുന്നത്. കള്ളപ്പണ കേസിൽ പ്രതിയാക്കിയാൽ നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതനാണ്. ചാർട്ടേർഡ് അക്കൗണ്ടന്റിനെ മാപ്പുസാക്ഷിയാക്കിയുള്ള നീക്കമാണ് ഇഡി നടത്തുന്നതെങ്കിൽ കേസ് കടുക്കും.