ntr

ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സംവിധായകൻ എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത ബിഗ് ബജ‌റ്റ് ചിത്രമായ 'രുധിരം രണം രൗദ്രം' (ആർ.ആർ.ആർ)ന്റെ പുതിയ ക്യാരക്‌ടർ ടീസർ പുറത്തിറങ്ങി. രാം ചരൺ, ജൂനിയർ എൻ.ടി.ആർ, അജയ്‌ദേവ്ഗൺ, ആലിയ ഭട്ട് എന്നിവർ ചിത്രത്തിലെ പ്രധാനവേഷത്തിലെത്തുന്നു. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‌ജർ ജോൺസാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് നടൻ സമുദ്രക്കനിയും ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിലുണ്ട്.

ntrjr

1920കളിലെ സ്വാതന്ത്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ആർ.ആർ.ആർ പറയുന്നത്. സീതാരാമ രാജുവായി രാംചരൺ എത്തുന്ന ക്യാരക്‌ടർ ടീസർ മാർച്ചിൽ പുറത്തിറങ്ങിയിരുന്നു. പിന്നീട് മോഷൻ പോസ്‌റ്ററും പുറത്തിറക്കി. ഈ വർഷം മാർച്ചിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ജൂലായ് 30ഓടെ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കൊവിഡ് മഹാമാരിയെ തുടർന്ന് ചിത്രീകരണം നിന്നുപോയി.ജൂലായ് മാസത്തിൽ സംവിധായകൻ രാജമൗലിക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.

ഇപ്പോൾ ചിത്രീകരണം പുനരാരംഭിച്ച ചിത്രത്തിൽ കോമരം ഭീമായുള‌ള എൻ.ടി.ആറിന്റെ പുത്തൻ ക്യാരക്‌ടർ ടീസർ ഇന്ന് പുറത്തിറങ്ങി. അഗ്നിയുടെ പശ്ചാത്തലത്തിലായിരുന്നു അല്ലൂരി സീതാരാമ രാജുവിന്റെ ക്യാരക്‌ടർ ടീസറെങ്കിൽ ഭീമിന്റേത് ജലത്തിന്റെ പശ്ചാത്തലത്തിലാണ്.

അടുത്തവർഷം റിലീസിന് ഒരുങ്ങുന്ന വിധത്തിലാണ് ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്നത്. തെലുങ്കിന് പുറമേ ഹിന്ദി,മലയാളം, തമിഴ്, കന്നട എന്നിങ്ങനെ വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ബഡ്‌ജ‌റ്റ് 450 കോടിയാണ്.